മരം സംരക്ഷിക്കാൻ ദൈവത്തെയും കൂട്ടുപിടിച്ചൊരു ഒറ്റയാൾ പോരാട്ടം




പ്രകൃതിയെയും വൃക്ഷങ്ങളെയും സംരക്ഷിക്കുന്നതിനായി പരിസ്ഥിതി പ്രവര്‍ത്തകര്‍ വിവിധ പരിപാടികൾ നടപ്പിലാക്കുവാൻ ശ്രമിക്കുമ്പോഴും പലപ്പോഴും അവ ലക്ഷ്യം കാണുന്ന പദ്ധതികൾ വിരളമാണ്. വനം സംരക്ഷിക്കാനായി ജനങ്ങളോട് അപേക്ഷിച്ചിട്ടും  പിൻതുണ ലഭിക്കാതിരുന്ന ഉത്തർപ്രദേശിലെ  ശ്രീ പരംഗ്ദാസ് ഗുപ്ത എന്ന പരിസ്ഥിതി പ്രവർത്തകൻ,  വൃക്ഷങ്ങളുടെ തടിയില്‍ ദേവന്മാരുടെയും ദേവതകളുടെയും ചിത്രം കൊത്തിവക്കാന്‍ തുടങ്ങി. 


വികസനത്തിന്റെയും റോഡ് വിപുലീകരണത്തിന്റെയും  പേരില്‍ ഒരുപാട് വന ഭൂമിയാണ് ഗ്രാമത്തിന് കഴിഞ്ഞ നാളുകളിൽ നഷ്ടമായത്. കാലാവസ്ഥാ വ്യതിയാനത്തെ പറ്റി ധാരണയില്ലാതിരുന്നവരാണ് ഗ്രാമീണർ. മരങ്ങളില്‍ ദേവീദേവന്മാരുടെ ചിത്രങ്ങള്‍ കൊത്തിവച്ചതിനു ശേഷം ദൈവ വിശ്വാസികളായ ഗ്രാമീണർ മരം മുറിയിൽ  നിന്നും പിൻമാറി. ചിത്രങ്ങൾ വരക്കുവാൻ ആവശ്യമായ ബ്രഷും, ടൂളുകളും, ചായക്കൂട്ടുകളും ശ്രീ പരംഗ്ദാസ് ഗുപ്ത യുടെ കൈയില്‍ എപ്പോഴും ഉണ്ടാകും. 


റോഡുകളുടെ ഇരു വശങ്ങളിലായി നില്‍ക്കുന്ന മരങ്ങളിലാണ്  ദൈവങ്ങളെ കൊത്തിവക്കാറുള്ളത്. ത്രിശൂലം, ഹനുമാന്‍, ദേവി തുടങ്ങിയ എല്ലാ രൂപങ്ങളും അദ്ദേഹത്തിന്റെ കരവിരുതില്‍ ജീവന്‍ വെക്കും. അങ്ങനെ അദ്ദേഹം ദൈവങ്ങളെ ഓരോ മരത്തിന്റെ രക്ഷാധികാരികളാക്കുന്നു. ഒരു മരത്തില്‍ കൊത്തു പണിചെയ്യാനും ചായം പൂശാനുമായി മരത്തിനൊന്നിന് 200 രൂപയാണ് ചെലവ്.


ഗ്രാമത്തില്‍ ആകെ എണ്ണായിരത്തോളം ആളുകളാണുള്ളത്. പഞ്ചായത്തിലെ മരങ്ങളുടെ എണ്ണം പതിനായിരത്തോളം വരും. വൻ വരൾച്ചയും താളം തെറ്റിയ മഴയും മൂലം പ്രതിസന്ധി അനുഭവിക്കുന്ന ഉത്തർപ്രദേശ് ഗ്രാമത്തിന് പുതിയ സന്ദേശം നൽകുന്നതാണ് ശ്രീ പരംഗ്ദാസ് ഗുപ്ത എന്ന പരിസ്ഥിതി പ്രവർത്തകന്റെ പുതുമയുള്ള ഈ  ഇടപെടൽ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment