കേരള പൊതുമരാമത്തു വകുപ്പ്, ടൂറിസം മന്ത്രിയുടെ ശ്രദ്ധയിലേക്കായി




ലോകത്തിൻ്റെ വികസന കുതിപ്പിൻ്റെ ഭാഗമാണ് റോഡു വീതി കൂട്ടൽ.തണലും തേനും പഴവും പ്രാണവായുവും മറ്റും മറ്റും  തന്ന മരങ്ങളെ മാറ്റേണ്ടി വന്നാൽ,മുറിച്ചു മാറ്റാതെ, ശിഖിരങ്ങൾ കോതി ഒതുക്കിയ ശേഷം,യന്ത്ര കൈകൾ കൊണ്ട് പറിച്ചെടുത്ത്, മറ്റൊരിടത്ത് സ്ഥാപിക്കുവാൻ ലോകത്തെ ഒട്ടുമിക്ക രാജ്യവും ശ്രമിക്കുന്നു.കേരളത്തിൽ ഇന്നും മുറിക്കൽ ആഘോഷം ഇടതടവില്ലാതെ തുടരുകയാണ്. പുനലൂർ-മൂവാറ്റുപുഴ മലയോര ഹൈവെയിൽ മുറിച്ചെറിയുന്ന മരങ്ങൾ നേതാക്കളെയും ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വത്തെയും ഒട്ടും വേദനിപ്പിക്കുന്നില്ല.


2000 വർഷങ്ങൾക്കു മുമ്പ് ഈജിപ്റ്റിലെക്ക് കപ്പലിൽ വലിയ മരങ്ങൾ പിഴുതു കൊണ്ടു വന്നു നഗരത്തെ മോടിപിടിപ്പിച്ച കഥകൾ കേട്ടിട്ടുണ്ട്. പിഴുത് മാറ്റേണ്ട മരത്തിൻ്റെ ചില്ലകൾ കോതി ഒതുക്കി, 4 അടി വിസ്താരത്തിലും ആഴത്തിലും കുഴി ഉണ്ടാക്കി ഊരി എടുക്കും.വേരുകൾ മുറിക്കു മ്പോൾ അതിനെ രാസ പദാർത്ഥങ്ങൾ കൊണ്ട് ലേപനം ചെയ്യും..പുതുതായി സ്ഥാപിക്കുന്ന ഇടത്ത് ശാസ്ത്രിയമായി അവയെ കുറച്ചു കാലം സംരക്ഷിക്കുന്നു.പിന്നീട് അവ വളരുവാൻ പ്രാപ്തി നേടുന്നു.അതിനെ വേണ്ട തരത്തിൽ പരിചരിക്കുന്നു.നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ  പലരും നടപ്പിലാക്കിയ ഇത്തരം പദ്ധതികൾ കാലാവസ്ഥക്കുണ്ടാകുന്ന വമ്പൻ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ എങ്കിലും കേരള നാട്ടിൽ പ്രയോഗിക്കുവാൻ സർക്കാർ മടിച്ചുനിൽക്കുന്നതിന് ന്യായീകരണങ്ങളില്ല. 


കേരളത്തിലെ കാടിൻ്റെ വിസ്തൃതിയിൽ വൻതോതിൽ ഇടിവു സംഭവിച്ചിട്ടും പശ്ചിമ ഘട്ട സംരക്ഷണത്തിൻ്റെ സുരക്ഷക്ക് പരിഗണന നൽകാത്ത വികസന പദ്ധതികൾ തടസ്സമില്ലാതെ തുടരുകയാണ്.നാട്ടും പുറത്തെ തണൽ മരങ്ങളുടെ സംരക്ഷണം വിഷയമായി പരിഗണിക്കാതെ അവയെ വെട്ടിമാറ്റുവാൻ സർക്കാർ മടി കാണിക്കാത്തത് , നമ്മുടെ ഭരണ കർത്താക്കളുടെ പരിസ്ഥിതി വിഷയത്തിലെ അപകടകരമായ അജ്ഞതക്കു തെളി വാണ്.നൂറ്റാണ്ടു മുമ്പ് നഗരങ്ങളിൽ തണൽ മരങ്ങൾ വെച്ചു പിടിപ്പിച്ച ഭരണ കർത്താക്കളെ പറ്റിയുള്ള ചോദ്യങ്ങൾക്ക് ,ചെറുപ്പകാലത്തെ പരീക്ഷ യിൽ ഉത്തരമെഴുതിയ ഇന്നത്തെ നേതാക്കൾക്കും ഗുമസ്തന്മാർക്കും അതിൻ്റെ യുക്തി ഇന്നും മനസ്സിലാക്കിയിട്ടില്ല എങ്കിൽ സഹതപിക്കുവാനെ കഴിയൂ.


നരേന്ദ്ര മോദി സർക്കാരിൻ്റെ 2014/ 2019 കാലത്ത് 1,09,75,844 (1 കോടി 9 ലക്ഷം) മരങ്ങൾ മുറിച്ചു മാറ്റിയിരുന്നു (പരിസ്ഥിതി മന്ത്രി ബാബുൽ സുപ്രിയയുടെ മറുപടി). National Afforestation Programme, വഴി 328.90 കോടി രൂപ നൽകി 94.8ച.കി. മീറ്റർ വിസ്താരത്തിൽ തണൽ നില നിർത്തുവാൻ ശ്രമിച്ചു. Green India Mission for afforestation നു വേണ്ടി 87 ച.കി.മീറ്റർ മരം വെച്ചുപിടിപ്പിക്കൽ നടത്തി (ചെലവ് 237 കോടി). 2015ൽ തുടങ്ങിയ Green India Mission പദ്ധതിയിലൂടെ 50 ലക്ഷം ഹെക്ട റിൽ (5000 ച.കി.മീറ്റർ) പുതിയ വനം ഉണ്ടാക്കും. മറ്റൊരു 50 ലക്ഷം ഹെക്ടറിലെ കാടുകൾ ശക്തമാക്കും എന്നും വിശദീകരിച്ചു. അങ്ങനെ 5 കോടി മുതൽ 6 കോടി ടൺ കാർബണിനെ 2020 കൊണ്ട് അധികമായി മരങ്ങളിൽ സംഭരിക്കാമെന്നായിരുന്നു പദ്ധതികൾ. പദ്ധതികൾ എല്ലാം പേപ്പറിൽ ഉറങ്ങുകയാണ്. കേരളവും  ഈ വിഷയത്തിൽ ഒട്ടും മാതൃകയല്ല എന്നതാണ് വസ്തുത.


ഓരോ സംസ്ഥാനവും വികസനത്തിനായി മരം മുറിക്കൽ സജ്ജീവമാക്കി. (നഷ്ട്ടപ്പെട്ട ചതുപ്പു നിലങ്ങൾ, നീർച്ചാലുകൾ എന്നിവക്കു കണക്കുകൾ തന്നെയില്ല). Punjab Land Preservation Act (PLPA)ന് ഹരിയാന സർക്കാർ ഉണ്ടാക്കിയ ഭേദഗതി എത്ര പ്രായമുള്ള മരവും മുറിക്കുവാൻ അനുവാദം നൽകിയിരുന്നു.അതു വഴി 60000 ഏക്കറിലെ മരങ്ങൾ വികസനത്തിനായി വെട്ടിമാറ്റുവാൻ കഴിഞ്ഞു. ഡൽഹിയും മുംബെയും പരമാവധി മരങ്ങൾ മുറിച്ചാണ് വികസനം നടപ്പിലാക്കുന്നത്. 


സുപ്രീം കോടതി (ഫെബ്ര 3,  2021)പറഞ്ഞത്, 300 മുത്തശ്ശി മരങ്ങൾ നാടിന് 220 കോടി രൂപയുടെ സേവനം 100 വർഷത്തിനിടയിൽ ചെയ്യുന്നു എന്നായിരുന്നു. മറ്റു വിഭാഗത്തിലെ  4056 മരങ്ങൾ 3021 കോടിയുടെ സഹായം നൽകുമെന്നും ഒരു മരം ശരാശരി 74500 രൂപ യുടെ സേവനം വർഷം പ്രതി നടത്തുന്നു എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിശദീകരിച്ചു. (കൽക്കത്ത റെയിൽ മെൽപ്പാല വിഷയത്തിലെ പരമോന്നത കോടതി വിലയിരുത്തൽ) 

 


റോഡരുകിലെ മരങ്ങൾ പിഴുതെടുത്ത് , മറ്റൊരിടത്ത് സ്ഥാപിക്കുവാൻ യൂറോപ്യൻ രാജ്യങ്ങൾ കാട്ടുന്ന താൽപര്യം ലോക ശ്രദ്ധയാകർഷിച്ചിട്ട് കാൽ നൂറ്റാണ്ടു കഴിഞ്ഞു. Urban Heat islandകൾ (ചൂടു തുരുത്തുകൾ) എന്ന പേരു ദോഷത്തിൽ നിന്ന് ഒഴിവാകുവാൻ വൻകിട നഗരങ്ങൾ ശ്രമിക്കുകയാണ്.


മരങ്ങൾ മാറ്റി സ്ഥാപിക്കുവാൻ ഹൈദ്രബാദ് കാണിച്ച താൽപ്പര്യം കേരളത്തിൽ വാർത്തയായി പോലും എത്തിയിരുന്നില്ല. ഹൈദ്രബാദിൽ മെട്രോ റെയിൽ നിർമ്മാണത്തിനായി വെട്ടിമാറ്റേണ്ടിയിരുന്ന 800 മരങ്ങൾ മാറ്റി സ്ഥാപിക്കുവാൻ നടത്തിയ ശ്രമം വിജയകരമായിരുന്നു.അതു നടപ്പിലാക്കുവാൻ 15 വർഷം പഴക്കമുള്ള ഓരോ മരത്തിന് 6000 രൂപയും100 വർഷം കഴിഞ്ഞ മരങ്ങൾക്കായി 1.5 ലക്ഷം രൂപ ചെലവു വന്നു. Green Morning Horticulture Services Private Limited എന്ന കമ്പനിയാണ് വിജയകരമായി മരങ്ങൾ മാറ്റി സ്ഥാപിച്ചത്.

 


737.64 കോടി രൂപ അടങ്കല്‍ തുകയുള്ള പുനലൂർ-മൂവാറ്റുപുഴ റോഡ് വികസനം നാടിൻ്റെ പുരോഗതിക്ക് ആവശ്യമാണ്.260 +115 കി.മീറ്റർ (ഒന്നും രണ്ടും ഘട്ടങ്ങൾ) നീളത്തിലുള്ള റോഡിൻ്റെ വീതി 10 മുതൽ 15 മീറ്റർ വരെയായിരിക്കും.പണികൾ ഡിസംബർ 31 , 2021കൊണ്ട് തീർക്കുവാൻ ശ്രമിക്കുന്നു.Hill Highway യുടെ വീതി കൂട്ടലിൻ്റെ ഭാഗമായി(പരിസ്ഥിതി ആഘാതപഠനത്തെ പറ്റി പിന്നീട്),375 കി.മീറ്റർ ദൂരത്തു നിന്ന് വെട്ടിമാറ്റിയ മുത്തച്ചി മരങ്ങൾ എത്രയായിരിക്കും ? മറ്റു മരങ്ങൾ എത്രയാണ് ? അവയെ മറ്റൊരു സ്ഥലത്തേക്ക് പുനസ്ഥാപിക്കുവാൻ ചെറുവിരൽ അനക്കാത്ത കേരള സർക്കാരിൻ്റെ പരിസ്ഥിതി ബോധത്തെ ഓർത്ത് ലജ്ജിച്ചു മാറി നിൽക്കുകയല്ല പരിഹാരം. മുറിച്ചു മാറ്റലിനു പകരം അവശേഷിക്കുന്ന  മരങ്ങൾ സുരക്ഷിതമായി മാറ്റി സ്ഥാപിക്കുവാൻ DYFI അഖിലേന്ത്യാ അധ്യക്ഷൻ കൂടിയായ പൊതു മരാമത്ത് /ടൂറിസം മന്ത്രി തയ്യാറാകണം എന്ന് Green Reporter ആവശ്യപ്പെടുന്നു.

 


എൻഡോസൾഫാൻ,ആമസോൺ കാടു വിഷയത്തിൽ ഗുണപരമായി പ്രതികരിച്ച ചരിത്രമുള്ള  DYFIയുടെ അഖിലേന്ത്യ അധ്യക്ഷൻ മന്ത്രിയായ വകുപ്പിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment