പമ്പാ നദിയിൽ നിന്നുള്ള മണലെടുപ്പ് സ്വകാര്യ താൽപര്യങ്ങൾക്ക് വേണ്ടിയാകരുത്




തിരുവനന്തപുരം: പമ്പാ നദിയില്‍ നിന്നെടുക്കുന്ന മണല്‍ പുറത്തേക്ക് കൊണ്ടുപോകില്ലെന്നും മണല്‍ എവിടെ നിക്ഷേപിക്കണമെന്ന് വനം വകുപ്പ് നിര്‍ദ്ദേശിക്കുമെന്നും വനം മന്ത്രി കെ.രാജു പറഞ്ഞു. ദുരന്തനിവാരണ അതോറിട്ടിയുടെ നിര്‍ദ്ദേശപ്രകാരം പമ്പാനദിയില്‍ നിന്ന് മണലെടുക്കാമെന്നും മണല്‍ വനത്തില്‍ തന്നെ നിക്ഷേപിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ മണൽ പുറത്തേക്ക് കൊണ്ട് പോകാനുള്ള നീക്കങ്ങൾ നടന്നിരുന്നു. ഇത് വിവാദമായതോടെയാണ് മന്ത്രിയുടെ നിർദേശം


ചക്കുപാലം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്തുള്ള സ്ഥലത്താണ് മണല്‍ സംഭരിക്കുന്നത്.പമ്ബാ ത്രിവേണിയിലെ മണല്‍ മാറ്റാന്‍ ഇന്നലെയാണ് ജില്ലാഭരണകൂടം നേരിട്ട് നടപടി തുടങ്ങിയത്. പമ്പയിലെ മണല്‍ വനത്തിന്പുറത്തേക്ക് കൊണ്ടുപോകാനുള്ള സര്‍ക്കാര്‍ നീക്കം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മണല്‍ മാറ്റാന്‍ വനംവകുപ്പിന്റെ അനുമതി ആവശ്യമില്ലെന്ന് മുഖ്യമന്ത്രിക്ക് പിന്നാലെ വ്യവസായമന്ത്രിയും പറഞ്ഞിരുന്നു. 


വനംവകുപ്പിന്റെ അനുമതിയില്ലാതെ മണല്‍ കൊണ്ട് പോകാനാകില്ലെന്ന വനമന്ത്രിയുടെ നിലപാട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പരസ്യമായി തള്ളിയിരുന്നു. വനംവകുപ്പ് നിര്‍ദ്ദേശം പാലിച്ചാണ് പത്തനംതിട്ട ജില്ലാഭരണകൂടം ഇപ്പോള്‍ നേരിട്ട് മണലെടുക്കുന്നത്.


അതേസമയം, മണലെടുപ്പ് വിവാദത്തില്‍ പത്തനംതിട്ട ജില്ല കലക്ടര്‍ക്കെതിരെ സിപിഐ. മണല്‍ പുറത്തേക്കു കൊണ്ടു പോകാന്‍ കലക്‌ടര്‍ നല്‍കിയ ഉത്തരവ് തെറ്റാണെന്ന് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ.പ്രകാശ് ബാബു പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ കലക്‌ടര്‍ക്ക് മണല്‍ നീക്കം ചെയ്യാന്‍ അധികാരമുണ്ട്. എന്നാല്‍ വന സംരക്ഷണ നിയമപ്രകാരം മണല്‍ വനഭൂമിക്ക് പുറത്തേക്ക് കൊണ്ടു പോകാനാകില്ല. ഈ സാഹചര്യത്തില്‍ എങ്ങനെ ഇത്തരമൊരു ഉത്തരവിറക്കിയെന്ന് കലക്‌ടര്‍ വ്യക്തമാക്കണം.


വിരമിച്ച ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഉത്തരവ് ഇറക്കിയതെങ്കില്‍ അത് കലക്‌ടര്‍ പറയണം. മണ്ണ് പുറത്തേക്കു കൊണ്ടു പോകരുതെന്ന് നിര്‍ദ്ദേശിച്ച വനം മന്ത്രിയുടെ നടപടി ശരിയാണ്. മണല്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ സിപിഐക്ക് പരാതിയില്ല. വീണ്ടും വെള്ളപ്പൊക്കമുണ്ടാകുമെന്ന പശ്ചാത്തലത്തില്‍ മണല്‍ നീക്കേണ്ടത് അനിവാര്യമാണ്. മണല്‍ പുറത്തേക്ക് കൊണ്ടു പോകരുതെന്ന വനം അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവോടെ പത്തനംതിട്ട കലക്ടറുടെ ഉത്തരവ് അസാധുവായി. മണലെടുക്കുന്നത് സംബന്ധിച്ച്‌ വനംവകുപ്പുമായി വേണ്ടത്ര കൂടിയാലോചന നടന്നില്ലെന്ന അഭിപ്രായം സിപിഐക്കില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment