കലഞ്ഞൂരിൽ ക്വാറിക്ക് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ




ക്വാറി വിരുദ്ധ സമരങ്ങളാൽ ശ്രദ്ധ നേടിയ കലഞ്ഞൂരിൽ പുതിയതായി അനുമതി നൽകിയ ക്വാറിക്ക് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ കലഞ്ഞൂർ പഞ്ചായത്തിൽ നാലാം വാർഡിൽ തട്ടുപാറയിൽ ഇഞ്ചപ്പാറ സാന്റ് ആൻഡ് ഗ്രാനൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ക്വാറിയ്ക്കും ക്രഷറിനുമായി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു.എന്നാൽ ഈ വിവരം രഹസ്യമാക്കി വയ്ക്കുകയും മുപ്പത് ദിവസം കഴിഞ്ഞപ്പോൾ ക്വാറി മാഫിയ പഞ്ചായത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ഏകപക്ഷീയമായ വിധി സമ്പാദിക്കുകയും ചെയ്തു. 

 


കോടതിയിൽ പഞ്ചായത്ത് എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നും ഏഴ് ദിവസത്തിനകം ഇഞ്ചപ്പാറ സാന്റ് ആൻഡ്  ഗ്രാനൈറ്റിന് ലൈസൻസ് നൽകാനും  കോടതി ഉത്തരവിട്ടു. വിവരം പുറത്തറിയാതിരിക്കാൻ മൂന്ന് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റിയെന്നും പ്രളയം തകർത്ത ജില്ല ആയതിനാൽ ആണ് പഞ്ചായത്ത് കമ്മിറ്റി ഇപ്പോൾ നിരോധന ഉത്തരവ് നൽകിയതെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയംഗം കോശിശാമുവേൽ ഗ്രീൻ റിപ്പോർട്ടറിനോട് പറഞ്ഞു. 

 

ഇഞ്ചപ്പാറ മല തകർക്കുന്നതിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ രംഗത്ത് വന്നു കഴിഞ്ഞു. ഇഞ്ചപ്പാറ സമുച്ചയം തകർക്കാൻ തട്ടുപാറയിലേക്ക് വന്ന ക്വാറി ക്രഷർ മാഫിയയ്ക്ക് താക്കീതായി പ്രകൃതി സ്നേഹികൾ ആട്ടവും പാട്ടും കോൽകളിയുമായി കഴിഞ്ഞ ദിവസം പാറയ്ക്ക് മുകളിൽ  ഒത്തുകൂടി. 

 

 

കോന്നി ഡിവിഷണൽ ഫോറസ്റ്റിന്റെ അതിർത്തി പ്രദേശത്ത് രണ്ട് ഡസനോളം ക്വാറിയും ക്രഷറും പ്രവർത്തിക്കുന്നുണ്ട്. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മലയോര പ്രദേശമായ ഇഞ്ചപ്പാറ , പാക്കണ്ടം, മുറിഞ്ഞകൽ, അതിരുങ്കൽ ,കുളത്തുമൺ, പോത്തുപാറ, കാരയ്ക്കാക്കുഴി, അഞ്ചുമുക്ക്, തടി, എലിക്കോട്, എന്നിവിടങ്ങളിൽ നിയമങ്ങൾ കാറ്റിൽ പറത്തി വൻതോതിൽ ഖനനം നടന്നു വരികയാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment