പ്രകൃതിയെ മറന്ന് ജില്ലയെ രക്ഷിക്കാൻ കഴിയുമോ?




ജനാധിപത്യ കേരളത്തിലെ കളക്ടർമാർ ബ്രിട്ടീഷ് ഭരണ കാലത്തെ കേവലം നികുതി പിരിവുകാർ എന്ന നിലയിൽ നിന്ന് ഒരു പടി എങ്കിലും സ്ഥാന കയറ്റം നേടിയവരാണ്. ജില്ലകളെ പ്രാദേശിക സർക്കാർ സംവിധാനത്തിനായി തട്ടി കൂട്ടി അവതരിപ്പിച്ച 73,74, ഭരണ ഘടനാ ഭേദഗതിയിലൂടെ നരസിംഹ റാവൂ സർക്കാർ ഉദ്ദേശിച്ചതു തന്നെ കൂടുതൽ അധികാരങ്ങൾ ഉണ്ടാകാൻ പാടില്ലാത്ത തരത്തിൽ ത്രിതല പഞ്ചായത്തുകൾ  നില നിൽക്കട്ടെ എന്നാണ്.


ഗാന്ധിജി സ്വപ്നം കണ്ട വികേന്ദ്രീകരണവും സ്വയം പര്യാപ്തതയും ആയിരുന്നില്ല 91 ലെ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വികേന്ദ്രീകരണ പദ്ധതി. പ്രാതിനിധ്യ ജനാധിപത്യത്തിൻ്റെ പരാജയത്തിനു പകരം ലാേക ബാങ്കും IMF ഉം പങ്കാളിത്ത ജനാധിപത്യത്തെ കുടിയിരുത്തിയത് ആഗോളവൽക്കരണത്തിൻ്റെ പശ്ചാത്തല ത്തിലാണ്. ജനാധിപത്യ അവകാശങ്ങളെ ഉപയോഗപ്പെടുത്തി, ജനങ്ങൾക്കു തന്നെ അവരുടെ അധികാരങ്ങൾ ഉപയോഗപ്പെടുത്തുവാൻ ലഭിക്കേണ്ട അവസരങ്ങളെ അട്ടിമറിക്കുവാനായി കരുക്കൾ നീക്കിയതിൽ മുഖ്യപങ്കു വഹിച്ചത് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരാണെന്ന് പറയേണ്ടി വരുന്നു.


കേരളം എന്ന രാഷ്ട്രീയ പ്രബുദ്ധമായിട്ടുള്ള സമൂഹത്തിലും ജില്ലകളുടെ ഉദ്യോഗസ്ഥ സംവിധാനത്തിൻ്റെ അധിപൻ തന്നെ ത്രിതല പഞ്ചായത്തുകൾക്കു മുകളിലാകുവാൻ കഴിയുന്ന തരത്തിൽ പ്രവർത്തിക്കുവാനാണ്  സംസ്ഥാന സർക്കാർ ഇഷ്ടപെടുന്നത്.  ഇത്തരം സമീപനങ്ങൾ കൊണ്ട് കുപ്രസിദ്ധമാണ് നമ്മുടെ നാട്. 


സംസ്ഥാനത്തിൻ്റെ ശാപമായി മാറിയ പ്രകൃതി ദുരന്തങ്ങളെ മുൻനിർത്തി സംസ്ഥാനത്തിനു ബാധകമായ നിയമങ്ങളെ തന്നെ(അതിൽ പലതും പല്ലില്ലാ പുലിയാണെന്നത് കുപ്രസിദ്ധമാണ്) അട്ടിമറിക്കുവാനായി, ജില്ലാ തലത്തിൽ കളക്ടർമാർ മുന്നിലാകാറുണ്ട്.അതിൽ നിന്നും ചിലപ്പോഴെങ്കിലും മാറി പ്രവർത്തിച്ച ജില്ലാ കളക്ടർമാരെ ഇവിടെ മറന്നു കൊണ്ടല്ല എഴുതുന്നത്.അത്തരം അവസരങ്ങൾ പരുതി എടുക്കുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് സംസ്ഥാനത്തിൻ്റെ വിഭവങ്ങളെ റിയൽ എസ്റ്റേറ്റ് കച്ചവടക്കാർക്കായി വീതിച്ചു നൽകുവാൻ ശ്രമിച്ചു വരുന്നത്. വയനാടിലെയും ഇടുക്കിയിലേയും അനധികൃത നിർമ്മാണം മുതൽ തീരദേശ നിയമങ്ങളെ അട്ടിമറിച്ചു നിർമ്മിച്ച10000 ത്തിലധികം കെട്ടിടങ്ങൾ, നദികളെ വിഴുങ്ങുന്ന കൈയ്യേറ്റം, കായൽ മൂടി എടുക്കൽ തുടങ്ങിയ രംഗത്ത്  വില്ലൻ റോളിൽ കളക്ടർമാർ രംഗത്തു വരാറുണ്ട്. ഇത്തരത്തിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് 2018 മുതൽ പത്തനംതിട്ട ജില്ലയിൽ കളക്ടറായി പ്രവർത്തിക്കുന്ന വ്യക്തി.


പത്തനംതിട്ട, ഇന്ത്യയിലെ  വായു മലിനീകരണം ഏറ്റവും കുറവുള്ള ജില്ലാ തലസ്ഥാനമായത് 55% ത്തിലധികം പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന കാടുകളുടെ സാനിധ്യത്താലാണ്. പ്രധാന നദികളായ പമ്പ, അച്ചൻ കോവിലാർ, മണിമലയാർ, കക്കാട്ടാർ എന്നിവ ഗൗരവതരമായ ശോഷണത്തിന് വിധേയമായി കഴിഞ്ഞു. പുണ്യ നദി എന്നവകാശപ്പെടുന്ന പമ്പ മാലിന്യ കൂമ്പാരമായിട്ട് വർഷങ്ങളായി. മഴക്കാലം വെള്ളപ്പൊക്കത്തിൻ്റെയും വേനൽ, വരൾച്ചയുടെയും പിടിയിലാണ്. ഇത്തരം വിഷയങ്ങളിൽ ജില്ലയുടെ സർക്കാർ സംവിധാനങ്ങളുടെ നായകൻ എങ്ങനെ ഒക്കെ പ്രവർത്തിച്ചു എന്നറിയുവാൻ റാന്നി നഗരത്തെ പൂർണ്ണമായും മുക്കിക്കളഞ്ഞ 2018 ആഗസ്റ്റ് 18 ലെ സംഭവം മാത്രം ഓർത്തെടുത്താൽ മതിയാകും.


പമ്പക്കു മുകളിൽ കൊച്ചു പമ്പയുടെ വാൽവ് തുറന്നു വിട്ടതിന് ശേഷം പമ്പാ വാലി മുങ്ങിക്കഴിഞ്ഞ വിവരം നാട്ടുകാർ പത്തനംതിട്ട ജില്ലാ കളക്ടർ ആഫീസിൽ വിളിച്ചറിയിക്കേണ്ട ഗതികേട് റാന്നിയിൽ വൻ ദുരന്തങ്ങൾ വരുത്തിവെച്ചു. രക്ഷാ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കേണ്ടവരെ (Disaster Management ജില്ലാ അധികാരി)  ഫോൺ വഴി ദുരന്തത്തെ പറ്റി ധരിപ്പിക്കേണ്ടി വന്ന വാർത്ത ശരിയാണെങ്കിൽ, അത്തരം സംവിധാനം ആർക്കാണ് അഭിമാനകരമായി തോന്നുക ?


സംസ്ഥാനത്ത് ഏറ്റവുമധികം പാറ ഖനനം നടക്കുന്ന ജില്ലകളിലൊന്നാണ് പത്തനംതിട്ട. കഴിഞ്ഞ വെള്ളപ്പൊക്കകാലത്ത് മലപ്പുറം കളക്ടർ പാറമടകൾ അടച്ചിടുവാൻ കൈ കൊണ്ട തീരുമാനവും അത് ദീർഘിപ്പിക്കുവാൻ കാട്ടിയ താൽപ്പര്യവും മാതൃകാപരമായിരുന്നു. പത്തനംതിട്ട ജില്ലയുടെ തെക്കേ അതൃത്തി മുതൽ (കലഞ്ഞൂർ) പ്രവർത്തിയ്ക്കുന്ന ഖനന യൂണിറ്റുകൾ പലതും നിയമ വിരുധവും നിയമപരമെന്ന് അവകാശപ്പെടുന്നവ നിയമ ലംഘനങ്ങളാൽ കുപ്രസിദ്ധവുമാണ്. ഇത്തരം ഖനന ലോബിയെ പരമാവധി സഹായിക്കുവാൻ പ്രത്യേകം വിരുതു കാട്ടുന്ന കളക്ടർ, ക്വാറി വിരുദ്ധ സമരത്തിൽ പങ്കെടുക്കുന്നവരുടെ പരാതി കേൾക്കുന്ന അവസരത്തിൽ പാേലും ഖനനത്തെ ന്യായീകരിക്കുവാൻ യുക്തിരഹിതവും ശാസ്ത്ര വിരുധവുമായ ചോദ്യങ്ങൾ ഉയർത്തുവാൻ മടി കാണിക്കാറില്ല. (ഖനനവും ഉരുൾപൊട്ടലും തമ്മിൽ എന്തു ബന്ധം? കുടി വെള്ള ക്ഷാമവും ഖനനവും എങ്ങനെയാണ് വിരുധ കോണിൽ പ്രവർത്തിക്കുന്നത്?) ചുരുക്കത്തിൽ ഖനനത്തിനെതിരെ സമരത്തിൽ പങ്കെടുക്കു ന്നവരുടെ ഉൽക്കണ്ഠ കേൾക്കുവാൻ തയ്യാറാകാതെ, ദളിത് കോളനികൾക്കും അംഗൻവാടികൾക്കും മറ്റും ഭീഷണിയാകുന്ന ഖനനത്തെ തന്നെ ന്യായീകരിക്കുവാൻ മടിക്കാത്ത പത്തനംതിട്ട കളക്ടർ lCDS രംഗത്തെ ഇടപെടലിൻ്റെ പേരിൽ അംഗീകരിക്കപ്പെടുന്നതിലെ വെെരുധ്യം ജനങ്ങൾ പരിശോധിക്കേണ്ടതാണ് .


ജില്ലയിൽ നടക്കുന്ന ഖനന രാജാക്കന്മാരുടെ മറ്റൊരു അട്ടിമറിയാണ് റാന്നി/നാറാണം മൂഴി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ നീരാട്ടുകാവ്, വട്ടകപ്പാറ മലയിൽ നടന്നത്. വന ഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ചുകടത്തിയതായി സബ് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിന് കൂട്ടു നിന്ന തഹസിൽദാർക്കും വില്ലേജ് ആപ്പീസർക്കുമെതിരെ നടപടിയെടുക്കുവാനും ശുപാർശ ഉണ്ടായി.
ഡെൽറ്റ അഗ്രിഗേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കുപ്രസിദ്ധ കമ്പനി പാറമട തുടങ്ങുവാൻ അപേക്ഷ നൽകിയതിന് തൊട്ടു പിന്നാലെയാണ് നാലര ഏക്കർ വനഭൂമിയിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ മരങ്ങൾ അനധികൃതമായി മുറിച്ചുകടത്തിയത്. ഈ വിഷയത്തിൽ ജില്ലാ ഭരണ നേതൃത്വം നടപടി ക്രമങ്ങളുമായി എത്രമാത്രം വേഗത്തിലാണ് ചലിക്കുന്നത് എന്ന സംശയം നാട്ടിൽ നിലനിൽക്കുന്നു.


ചുരുക്കത്തിൽ വരൾച്ച കൊണ്ടും വെള്ളപ്പൊക്കം കൊണ്ടും വീർപ്പുമുട്ടുന്ന ജില്ലയിലെ പ്രകൃതി നശീകരണ പ്രവർത്തനത്തിന് തടയിടുവാൻ മടിച്ചു നിൽക്കുന്ന ജില്ലാ കളക്ടർ അംഗീകാരത്തിൻ്റെ നിറവിൽ എത്തിയ വാർത്ത പരിസ്ഥിതി പ്രവർത്തകരെ എങ്കിലും വേദനിപ്പിക്കുന്നുണ്ട്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment