പത്തനംതിട്ട ജില്ലാ കളക്ടർ ആർക്കു വേണ്ടിയാണ് പണി ചെയ്യേണ്ടത് ?




സംസ്ഥാനം സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ദേശീയ സർക്കാർ തീരുമാന ത്തിൻ്റെ നിർദ്ദേശത്തെ കൂടി പരിഗണിച്ചായിരുന്നു. അമേരിക്കൻ ഫെഡറലൽ അവകാശങ്ങളിൽ ഇടപെടുവാൻ  രാഷ്ട്രപതിക്ക് ചില പരിമിതികൾ ഉണ്ട് എന്ന് ബോധ്യപ്പെടുന്നതാണ് അവിടെ നിന്നു വന്ന കൊറോണ കാലത്തെ വാർത്തകൾ. US ൽ നിന്ന് വ്യത്യസ്ഥമായി, ദേശീയമായി എടുക്കുന്ന തീരുമാനങ്ങൾ കർക്കശമായി പാലിക്കുവാൻ  സംസ്ഥാനങ്ങൾക്കിവിടെ ബാധ്യതയുണ്ട്. സംസ്ഥാനത്ത് ബാർബർ ഷോപ്പുകൾ തുറക്കാം എന്ന കേരള സർക്കാർ അഭിപ്രായം, ദേശീയ തീരുമാന പ്രകാരം തിരുത്തുവാൻ തയ്യാറായി എന്നത് ലോക്ക് ഡൗണിൻ്റെ ഗൗരവം വർദ്ധിപ്പി ക്കുന്നു. സംസ്ഥാന സർക്കാർ പോലും നിർദ്ദേശങ്ങളെ 100 % അംഗീകരിക്കുവാൻ നിർബന്ധിതമാകുന്നു എന്ന് ഇവിടെ  അടിവരയിടുകയാണ്.


സംസ്ഥാന അതൃത്തി കടന്നും ജില്ലാ അതൃത്തികൾക്കപ്പുറത്തേക്കും ഭക്ഷ്യ വിഭവങ്ങൾ കൊണ്ടു പോകുന്ന, ആംബുലൻസ് മുതലായ കുറച്ചു തരം  വാഹനങ്ങളെ മാത്രമേ കടത്തിവിടുന്നുള്ളൂ.അങ്ങനെ എത്തുന്നവർ 14/28 ദിവസം ക്വാറൻഡൈനിൽ താമസിക്കണമെന്നതും ഏവർക്കും വ്യക്തമാണ്. എന്നാൽ പത്തനംതിട്ട ജില്ലയിൽ ചിലർക്കിത് ബാധകമല്ല എന്നറിഞ്ഞിട്ടുണ്ടാകുമല്ലോ !

 


കേരളത്തിൻ്റെ നിയമങ്ങളെ സമ്പൂർണ്ണമായി കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന ഏക സംവിധാനമാണ് ഖനന രംഗം. (ദേശീയ രംഗത്ത് റെഡ്ഡി സഹാേദരങ്ങളും കർണ്ണാടക മുഖ്യമന്ത്രിയും ഈ രംഗത്തെ ചെറുമീനുകളാണെന്ന് ഓർക്കുമല്ലോ). ഖനന രംഗത്തെ വ്യക്തികൾക്ക് സംസ്ഥാന മുഖ്യ സെക്രട്ടറിക്കു മുകളിലുള്ള അധികാരം വ്യക്തമാക്ക പ്പെട്ട സംഭവമായിരുന്നു 2018 ലെ വെള്ളപ്പൊക്ക കാലം. കർഷകരുടെ കടത്തിനായി ബാങ്കുകൾ അനുവദിക്കേണ്ട ഇളവുകൾക്കായി ക്യാബിനറ്റ് തീരുമാനമെടുത്തു. ആ തീരുമാനം യഥാസമയം ധനകാര്യ സ്ഥാപനത്തെ അറിയിക്കുവാൻ വൈകിയ  3.30 കോടി ജനങ്ങളുടെ സെക്രട്ടറി, ക്വാറികൾക്ക് അനുവദിക്കേണ്ട ഇളവുകൾ ശര വേഗത്തിൽ നിയമമാക്കുവാൻ ശ്രദ്ധിച്ചു . 


സിവിൽ സർവ്വീസ് പരീക്ഷ പാസാകുന്ന ഒരാൾ ജനങ്ങളുടെ സെക്രട്ടറിയല്ല, ഖനന രംഗത്തെ നിയന്ത്രിക്കുന്നവരുടെ മാത്രം സെക്രട്ടറിയാകുവാൻ ഇഷ്ടപെടുന്ന സാഹചര്യത്തെ കേരളത്തിൻ്റെ 141 MLA മാർക്കും അപകടമായി തോന്നിയിട്ടില്ല എന്നതാണ് വസ്തുത.

 


സംസ്ഥാനത്തെ നിയമ നിർമ്മാണ സഭയുടെഗൗരവതരമായ മുഖമാണ് നിയമസഭാ സമിതി. രാഷ്ട്രീയ പക്ഷപാതത്തിന് അതീതമായി വിഷയങ്ങൾ പഠിച്ച് , സഭയുടെ മുന്നിൽ അവതരിപ്പിക്കുവാൻ അത് ശ്രമിക്കുന്നു. പ്രകൃതിയെ  പിടിച്ചുലക്കുന്ന  ഖനന പ്രവർത്തനങ്ങളെ പറ്റിയുള്ള വർധിച്ച പരാതി പരിഗണിച്ച് , ശ്രീ.C. P. മുഹമ്മദ് ചെയർമാനായ 9 അംഗ സമിതി ക്വാറികളെ മാത്രം മുൻ നിർത്തി (പതിമൂന്നാം നിയമസഭക്കായി)പഠനം നടത്തുകയുണ്ടായി.(26 പേജുള്ള സമിതിയുടെ റിപ്പോർട്ട് 2014 ജൂൺ രണ്ടാമത്തെ ആഴ്ച്ച സമർപ്പിച്ചിരുന്നു.ആ പഠന റിപ്പോർട്ടിലെ (രണ്ടാം നമ്പർ) കണ്ടെത്തലായി പറയുന്നത്  '' ആക്രമണ ഭീഷണിയും മറ്റു ക്രിമിനൽ മാഫിയ പ്രവർത്തങ്ങളും ക്വാറികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇന്ന് (2014ൽ തന്നെ) സംസ്ഥാനം നേരിടുന്ന ഏറ്റവും ഗൗരവമേറിയ ക്രമസമാധാന പ്രശ്നങ്ങളായി മാറിക്കഴിഞ്ഞതായി സമിതി വിലയിരുത്തുന്നു. '' 


ഇത്തരത്തിൽ സംസ്ഥാന നിയമസഭാ സമിതി കണ്ടെത്തിയ കേരളത്തിൻ്റെ സാമൂഹിക യാഥാർത്ഥ്യത്തെ മറക്കുവാൻ ആഗ്രഹിക്കുന്നവരാണ് അധികാര കേന്ദ്രത്തിൽ ഇരിക്കുന്ന നേതാക്കളും അവരുടെ പാർട്ടികളും.അവരെക്കാൾ എത്രയോ മുന്നിൽ നിന്ന് ദല്ലാൾ പണി ചെയ്യുന്നവരാണ് സിവിൽ സർവ്വീസ് കേഡറിലെ പണിക്കാർ  മുതൽ താഴെ തട്ടിലെ ഗുസ്ഥന്മാർ വരെ. (ഇതിൽ നിന്ന് മാറി നിൽക്കാൻ ഇഷ്ടപെടുന്നവരെ സാധാജനത്തിനറിയുവാൻ അവസരമുണ്ടാകില്ല!)

 


ഭരണ ചക്രത്തിൻ്റെ ആകർഷകമായ സ്ഥാനങ്ങളിൽ ഇരുന്ന് മാധ്യമങ്ങളെയും ഭക്തരായ ചില ആളുകളെയും കൂടെ നിർത്തി, ഇത്തരക്കാരിൽ ചിലർ നടത്തുന്ന പൊടി കൈകളിൽ സാധാരണക്കാരായവർ പെട്ടു പോകാറുണ്ട്.(ശ്രീറാം IAS കേവലം പേരല്ല രോഗമാണ്) .


കേരളത്തിലെ പ്രളയകാലത്ത് സാരി കച്ചവടം, അരി ചുമക്കൽ തുടങ്ങിയവ നടത്തി വാർത്തകൾ ഉണ്ടാക്കിയ  ഉദ്യോഗസ്ഥർ വെള്ളപ്പൊക്കത്തിന് മുൻപും ശേഷവും ഖനന മാഫിയകൾക്ക് വേണ്ടി കൈ കൊണ്ട  നിലപാടുകൾ സാധാരണക്കാർക്ക് അറിയുവാൻ കഴിയണമെന്നില്ല.


പത്തനംതിട്ട ജില്ലയിലെ ഏറ്റവും അധികം നിയമ വിരുധ ഖനനം നടക്കുന്ന കലഞ്ഞൂർ പഞ്ചായത്തിൻ്റെ കിഴക്കൻ മലകളിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക്  തടയിടുവാൻ ഒരിക്കൽ പോലും ശ്രമിച്ച ചരിത്രം പത്തനംതിട്ട ജില്ലയുടെ കളക്ടറുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.നിയമങ്ങളെ കാറ്റിൽ പറത്തി ,കഴിഞ്ഞ ഞായറാഴ്ച്ച കടത്തി വിട്ട ലോറികളുടെ  യാത്ര ആരംഭിച്ച ദർശൻ ഗ്രാനെെറ്റിൻ്റെ നിയമ ലംഘനം, വസ്തുതാപരമായി വിശദീകരിക്കുവാൻ പോയ കൂടൽ വില്ലേജിലെ സാധാരണ ക്കാരായ നാട്ടുകാരോട് ജില്ലാ കളക്ടർ നടത്തിയ വിശദീകരണം ,കേരള നിയമസഭ യിലെ നിലമ്പൂർ MLA യുടെ പരിസ്ഥിതി വിജ്ഞാനത്തെയും നാണിപ്പിച്ചു എന്ന് അവരിൽ നിന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു.


പശുവിൻ്റെ മൂത്രം കുടിച്ചാൽ കോവിഡ് മാറും എന്നോ ,ഉച്ചവെയിൽ കൊണ്ടാൽ കൊറോണ വൈറസ് ചാവുമെന്നോ വിശ്വസിക്കാത്ത കേരളത്തിൽ, മാഫിയകൾ ക്കായി നിയമങ്ങളെ വളച്ചൊടിക്കുവാൻ ഏതുന്നതർ ശ്രമിച്ചാലും അതിനെ ചോദ്യം ചെയ്യുവാൻ കേരളീയർക്ക് കഴിയണം.


കോവിഡ് കാലത്തും പരിസ്ഥിതിയെ തുരക്കുവാൻ കൂട്ടുനിൽക്കുന്ന നമ്മുടെ ഭരണ സംവിധാനങ്ങൾ , മഴക്കാലത്തെ  ദുരിതാശ്വാസ ക്യാമ്പ് നടത്തലും അതിൻ്റെ ആഘോഷവും ധർമ്മ കഞ്ഞി വിതരണവുമായി സർക്കാർ ആജണ്ടകളെ ചുരുക്കി കാണുന്നു. അത്തരം ശ്രമങ്ങളിൽ പെട്ടതാണ് പത്തനംതിട്ട ജില്ലാ കളക്ടർ ,ജില്ല അധികാരിക്കും മേലെ നിന്ന് ക്വാറി മാഫിയകളെ സന്താേഷിപ്പിക്കുവാൻ എടുത്ത തീരുമാനം. 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment