അനധികൃത ഖനനത്തിന് പിഴ അടക്കേണ്ട കമ്പനികളെ പിഴയിൽ നിന്നും സംരക്ഷിക്കാൻ റവന്യൂ വകുപ്പ് 




പത്തനംതിട്ട: വള്ളിക്കോട്ടുള്ള ആബാടി ഗ്രാനൈറ്റ്‌സ്‌, ജെ ആന്‍ഡ്‌ എസ്‌ ഗ്രാനൈറ്റ്‌സ്‌ എന്നീ കമ്പനികള്‍ 40792 ക്യുബിക്ക്‌ മീറ്റര്‍ പാറ അനധികൃതമായി ഖനനം ചെയ്‌തുവെന്ന്‌ വിജിലന്‍സ്‌ അന്വേഷണത്തിലും കണ്ടെത്തി. ഈ റിപ്പോര്‍ട്ട്‌ നിലനില്‍ക്കുബോഴാണ്‌ റവന്യൂ വകുപ്പ്‌ 4.56 കോടിയില്‍ അധികം വരുന്ന പിഴ തുക 2.86 കോടിയായി വെട്ടിക്കുറച്ച്‌ പാറമട ലോബിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്‌.


കൂടാതെ വെട്ടിക്കുറച്ച തുകയില്‍ രണ്ടുകോടി രൂപ സീനിയറേജില്‍ ഉള്‍പ്പെടുത്തി 4.5 കോടി രൂപ കുറയ്‌ക്കാനുള്ള നീക്കവും വഴിവിട്ടു നടത്തി. ഇതിനെതിരേ കോടതിയിലേക്കു പോകാന്‍ ശ്രമിക്കുന്ന ഗ്രാമ സംരക്ഷണ സമിതി പ്രവര്‍ത്തകരെ കേസില്‍ കുടുക്കാനുള്ള നീക്കവും പാറമട ലോബി ആരംഭിച്ചതായി അറിയുന്നു. യഥാര്‍ഥത്തില്‍ 4.56 കോടി രൂപ വരുന്ന പിഴത്തുകയ്‌ക്കൊപ്പം പാറ ഖനനം ചെയ്‌ത്‌ കടത്തിയ ഇനത്തില്‍ സീനിയറേജായി 6.5 കോടി രൂപയും വിവാദ കമ്പനികള്‍ അടയ്‌ക്കാന്‍ ബാധ്യസ്‌ഥരാണ്‌.


ഈ രണ്ടു തുകയും കൂടി 11 കോടിയില്‍ അധികം രൂപയാണ്‌ കമ്പനികള്‍ അടയ്‌ക്കേണ്ടത്‌. വ്യത്യസ്‌ത പേരുകളില്‍ അറിയപ്പെടുന്ന ഈ കമ്പനികള്‍ നിയന്ത്രിക്കുന്നത്‌ ഒരു മാനേജ്‌മെന്റ്‌ തന്നെയാണ്‌. രാഷ്‌ട്രീയ- സാമുദായിക സ്വാധീനം ഉപയോഗിച്ചാണ്‌ ഇവര്‍ പലപ്പോഴും രക്ഷപെടുന്നത്‌. ഉന്നത രാഷ്‌ട്രീയ ഇടപെടല്‍ മൂലമാണ്‌ സര്‍ക്കാരിന്റെ കോടിക്കണക്കിന്‌ പണം ഇവര്‍ വെട്ടിക്കുന്നത്‌. 2019-ല്‍ ആറ്‌ ഹെക്‌ടറോളം സ്‌ഥലത്തെ പാട്ടക്കാലാവധി അവസാനിച്ചതായാണ്‌ അറിവ്‌. ഈ ഭാഗത്തു നിന്നും കോടിക്കണക്കിന്‌ രൂപയുടെ പാറയാണ്‌ ഇവർ ഖനനം ചെയ്‌ത്‌ മാറ്റിയത്‌.


നിലവില്‍ ഒരേക്കറില്‍ മാത്രമാണ്‌ ഖനനം നടത്താന്‍ അനുമതിയുളളത്‌. ഈ സ്‌ഥലത്തിന്റെ പാട്ടക്കാലാവധി അടുത്ത വര്‍ഷം അവസാനിക്കും. എന്നാല്‍ പാട്ടം അവസാനിച്ച സ്‌ഥലത്ത്‌ ഇപ്പോഴും ഖനനം നടക്കുന്നുണ്ടെന്നാണ്‌ ഗ്രാമരക്ഷാ സമിതിയുടെ ആരോപണം. നാട്ടുകാര്‍ ഇതിന്‌ ദൃക്‌സാക്ഷികളണ്‌. എന്നാല്‍ തെളിയിക്കാന്‍ ഇവരുടെ പക്കല്‍ രേഖകള്‍ ഇല്ല.


ഫോട്ടോ എടുത്താല്‍ പോലും പണ്ടു നടന്ന ഖനനത്തിന്റെ ചിത്രമാണെന്ന്‌ വരുത്തി തീര്‍ക്കാന്‍ പാറമട ലോബിക്ക്‌ കഴിയും. അടുത്തിടെ സീനിയറേജ്‌ കണക്കാക്കാന്‍ താലൂക്ക്‌ സര്‍വേയര്‍ നടത്തിയ അളവിലും പാറമടലോബിയുടെ കളളത്തരം കാരണം ചില പിഴവുകള്‍ സംഭവിച്ചതായി ആരോപണമുണ്ട്‌. ഖനനം ചെയ്‌ത്‌ മാറ്റിയ സ്‌ഥലം മണ്ണിട്ടു മൂടി അധികൃതരുടെ കണ്ണില്‍ പൊടിയിടാനാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌. ഇതിനെതിരേ വിജിലന്‍സില്‍ പരാതി നല്‍കുമെന്ന്‌ ഗ്രാമ രക്ഷാ സമിതി പ്രവര്‍ത്തകര്‍ പറയുന്നു.


പാട്ടത്തിനെടുക്കുന്ന പാറയുടെ അളവ്‌ റവന്യൂ വകുപ്പില്‍ കൃത്യമായി ഉണ്ടെങ്കിലും അതിരുകള്‍ നിശ്‌ചയിച്ച്‌ കൊടുക്കാത്തതും പാറ കൊള്ളയ്‌ക്ക്‌ വഴിയൊരുക്കുന്നു. കൃത്യമായ അതിരുകള്‍ ഒരിടത്തുമില്ല. പൊതു പ്രവര്‍ത്തകര്‍ക്ക്‌ അതു കണ്ടെത്താനും കഴിയില്ല. ഒരു പ്രത്യേക മേഖലയ്‌ക്ക്‌ പാട്ടം ലഭിച്ചാല്‍ത്തന്നെ അവിടെയാവില്ല ആദ്യം ഖനനം നടക്കുന്നത്‌. ഈ മേഖലയോടു ചേര്‍ന്ന്‌ സര്‍ക്കാര്‍ പുറമ്ബോക്ക്‌ കൈയേറി പൊട്ടിക്കാവുന്നതിന്റെ പരമാവധി എടുത്ത ശേഷമാകും പാട്ടം ലഭിച്ച പാറമടയില്‍ ഖനനം ആരംഭിക്കുക. ഇപ്പോള്‍ പുതുതായി 20 ഏക്കര്‍ സ്‌ഥലം കൂടി പാട്ടത്തിന്‌ ലഭിക്കാന്‍ റവന്യൂ വകുപ്പില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്‌. ഇതിനായി വിവിധ സ്‌ഥലങ്ങളാണ്‌ ചൂണ്ടിക്കാട്ടിയിട്ടുള്ളത്‌. പാറ ഏറെയുള്ള തോട്ടം മേഖലയില്‍ കൂടി ഖനനം ആരംഭിക്കാനുള്ള ശ്രമമാണ്‌ നടത്തി വരുന്നത്‌. അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ്‌ ഗ്രാമ രക്ഷാ സമിതിയുടെടേയും നാട്ടുകാരുടെയും ആവശ്യം.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment