താമരപ്പള്ളി എസ്റ്റേറ്റിലെ റോഡ് നിർമ്മാണം നാട്ടുകാർ തടഞ്ഞു; ക്രഷറിലേക്ക് അനധികൃത റോഡെന്ന് ആരോപണം




കോന്നി: കുളത്തുമൺ താമരപ്പള്ളി എസ്റ്റേറ്റിലെ ഉയർന്ന ഭാഗത്തേക്ക് റോഡ് നിർമ്മിക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. ഇവിടെ പുതുതായി ആരംഭിക്കാൻ പോകുന്ന ക്രഷർ യൂണിറ്റിലേക്ക് വാഹനങ്ങൾ എത്തിക്കുന്നതിനായുള്ള റോഡ് നിർമാണമാണ് നടക്കുന്നത് എന്നാരോപിച്ചാണ് നാട്ടുകാർ റോഡ് നിർമാണം തടഞ്ഞത്. നേരത്തെയും പ്രദേശത്തേക്ക് റോഡ് നിർമിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. 


അന്ന് വില്ലേജ് ഓഫീസിൽ നിന്നും പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിൽ പണികൾ നിർത്തിവെച്ചിരുന്നു. എന്നാൽ ഒരിടവേളക്ക് ശേഷം ഇപ്പോൾ റോഡ് വെട്ടുന്നത് ആരംഭിക്കുകയായിരുന്നു. ഇപ്പോൾ വീട് വെക്കാനെന്ന പേരിലാണ് കുന്നിടിച്ചുകൊണ്ടുള്ള റോഡ് നിർമാണം തുടങ്ങിയത്.


റോഡ് നിർമാണം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലം എംഎൽഎ കെ യു ജനീഷ് കുമാർ സ്ഥലത്തെത്തിയിരുന്നു. തുടർന്ന് എംഎൽഎ കോന്നി പോലീസിനെ വിവരമറിയിച്ചെങ്കിലും പോലീസ് സ്ഥലത്തേക്ക് വന്നില്ല. പിന്നീട് എംഎൽഎ ജില്ലാ പോലീസ് മേധാവിയെ ബന്ധപ്പെട്ട ശേഷമാണ് പോലീസ് എത്തിയത്. 


സംഭവത്തിൽ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉടമയ്ക്ക് വഴി വെട്ടാനുള്ള അനുമതി ഉണ്ടോ എന്ന് പരിശോധിച്ച ശേഷം കേസ് എടുക്കുമെന്ന കാര്യം തീരുമാനിക്കുമെന്നുമാണ് പോലീസ് നിലപാട്. എംഎൽഎയോടൊപ്പം ബ്ലോക്ക് പഞ്ചായത്തംഗം ടി എൻ സോമരാജനും സ്ഥലത്തെത്തിയിരുന്നു. സിപിഎം സംസ്ഥാന കമ്മറ്റിയംഗം ആർ ഉണ്ണികൃഷ്‌ണ പിള്ളയും സ്ഥലത്തെത്തി നാട്ടുകാരോട് സംസാരിച്ചിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment