പെരുനാട് മാടമണ്ണിന് സമീപം നദീതീരം കയ്യേറി കെട്ടിടസമുച്ചയം നിർമ്മിക്കുന്നു




പത്തനംതിട്ട: പമ്പാ നദിയുടെ തീരത്തു വൻകയ്യേറ്റം. പ്രളയക്കെടുതിയിൽ നദി കരകവിഞ്ഞൊഴുകി വൻ നാശനഷ്ടം സംഭവിച്ച പെരുനാട് പഞ്ചായത്തിലാണ് സ്വകാര്യ വ്യക്തി പമ്പാനദിയുടെ തീരം കയ്യേറി വൻ കെട്ടിട സമുച്ചയം പടുത്തുയർത്തുന്നത്. പ്രളയത്തിൽ ഇരുകരകളിലുമായി ഏക്കറു കണക്കിന് കര ഭൂമിയും കൃഷിയും ഒലിച്ചുപോയ പെരുനാട് മാടമൺ വള്ളക്കടവിന് സമീപമാണ് നദിയുടെ ഗതിതന്നെ മാറ്റി വിടും വിധം സ്വകാര്യ വ്യക്തി നദീ തീരം കൽക്കെട്ടുപയോഗിച്ചു കൈവശപ്പെടുത്തിയിരിക്കുന്നത്.


കെട്ടിട നിർമ്മാണ ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി പണിതുയർത്തുന്ന കെട്ടിടത്തിന് പഞ്ചായത്തിന്റേതുൾപ്പെടെയുള്ള എല്ലാവിധ ലൈസെൻസുകളും നൽകി സർക്കാർ സംവിധാനങ്ങളും ഒത്താശ ചെയ്തിരിക്കുകയാണെന്നു ഇത് സംബന്ധിച്ച് പരിസ്ഥിതി പ്രവർത്തകനായ മാടമൺ സ്വദേശി അംബുജാക്ഷൻ നായർ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു. അതീവ പരിസ്ഥിതി ദുർബല മേഖലയായ പെരുനാട് പഞ്ചായത്തിലെ ഏറ്റവും വലിയ നദീ തീര കയ്യേറ്റവുമാണിത്. മുൻകാലങ്ങളിൽ നെല്ലും കരിമ്പും ഉൾപ്പെടെ കൃഷി ചെയ്തിരുന്ന സ്ഥലമാണ് പത്തു മീറ്ററിലധികം ഉയരത്തിൽ കരിങ്കൽ കെട്ടിയും കോൺക്രീറ് ഭിത്തി നിർമ്മിച്ചും കൈവശപ്പെടുത്തിയിരിക്കുന്നത്. ബംഗ്ളാം കടവ് പെരുന്തേനരുവി റോഡിൽ നിന്നും പമ്പാ നദിയിലേക്കുള്ള കുളിക്കടവ് സ്റ്റെപ്പും നടപ്പുവഴിയും ഇതോടെ ഇല്ലാതായി.ഇവിടുത്തെ കൽക്കെട്ടു കാരണം പ്രളയ കാലത്തു നദിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടും വിധം തള്ളൽ രൂപപ്പെടുകയും മറുകരയിലേക്ക് വെള്ളം ഇരച്ചുകയറി നാശനഷ്ടം ഉണ്ടാകുകയും ചെയ്തിരുന്നു. സമീപത്തുള്ള അടിച്ചിപ്പുഴ, വടശ്ശേരിക്കര കുടിവെള്ള പദ്ധതികൾക്കും നദീ തീരകയ്യേറ്റം ദോഷം ചെയ്യും. 


കെട്ടിട നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ യന്ത്രങ്ങൾ കൊണ്ട് നദീതീരം ഇടിക്കുകയും ആറ്റുമണൽ വാരി മാറ്റുകയുമൊക്കെ ചെയ്തപ്പോൾ തന്നെ പ്രദേശവാസികൾ പരാതിയുമായി രംഗത്ത് എത്തിയിരുന്നു.എന്നാൽ പ്രവാസി മലയാളിയായ വസ്തു ഉടമ വീട് വെക്കാനായി തറ നിരപ്പാക്കുകയാണെന്നും അതിനാവശ്യമായ പഞ്ചായത്ത് ലൈസൻസ് ഉൾപ്പെടെ എല്ലാം പരിശോധിച്ചു നല്കിയിട്ടുണ്ടെന്നുമാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞത്.


എന്നാൽ പ്രളയത്തിന് ശേഷവും കയ്യേറ്റം തുടരുകയും വമ്പൻ കെട്ടിട സമുച്ചയം പണിത് ആറ്റിലോട്ട് ഇറക്കിക്കെട്ടിയ മതിലിൽ വരെ ലൈറ്റുകളും മറ്റും സ്ഥാപിക്കുകയും ചെയ്തതോടെയാണ് പരിസ്ഥിതി പ്രവർത്തകർ ജില്ലാ കലക്ടറേയും മറ്റും സമീപിച്ചത്.എന്നാൽ അടിയന്തര പ്രാധാന്യത്തോടെ റിപ്പോർട്ട് സമർപ്പിക്കുവാൻ കളക്ടർ റാന്നി തഹസിൽദാറെ ചുമതലപ്പെടുത്തിയെങ്കിലും നടപടിയൊന്നുമായില്ല. മേൽനടപടികൾ അറിയാൻ തഹസില്ദാരുമായി ബന്ധപ്പെട്ട പരാതിക്കാരനോട് കലക്ടറേറ്റിൽ നിന്നും പരാതിയുടേ ഫയൽ നമ്പർ വാങ്ങി നല്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് തഹസിൽദാർ. കെട്ടിട നമ്പർ പോലുമില്ലാത്ത നൂറുകണക്കിന് വമ്പൻ കെട്ടിടങ്ങളുള്ള പെരുനാട് പഞ്ചായത്തിൽ പ്രളയത്തിന് മുൻപും ശേഷവും കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കേണ്ടത് പാവപ്പെട്ടവർ മാത്രമാണ്.

 

റിപ്പോർട്ട്: Sunil Maloor

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment