കീടനാശിനി ഉപയോഗം; ഇൻസെക്ടിസൈഡ് ഇൻസ്പെക്ടർ തസ്‌തിക ആളില്ലാതെ ഒഴിഞ്ഞ് കിടക്കുന്നു




കേരളത്തിൽ വിവിധ ഇടങ്ങളിൽ കീടനാശിനി പരിശോധന നടത്താന്‍ യോഗ്യതയുള്ള ഉദ്യോഗസ്ഥർ ഇല്ല. കീടനാശിനി വിൽപ്പന ഏറ്റവും കൂടുതൽ നടക്കുന്ന കോർപ്പറേഷൻ, നഗരസഭാ പ്രദേശങ്ങളിലാണ് ഇൻസെക്ടിസൈഡ് ഇൻസ്പെക്ടർമാരില്ല. തിരുവല്ലയിൽ കീടനാശിനി തളിക്കുന്നതിനിടെ കർഷകൻ മരിച്ചതിലെ  ദുരൂഹത തുടരുന്നതിനിടെയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. 


ഇൻസെക്ടിസൈഡ് ഇൻസ്പെക്ടർമാർ ഇല്ലാത്തതിനാല്‍ വ്യാപാരികൾ വഴിവിട്ട കച്ചവടം നടത്തുന്നുവെന്ന പരാതിയുണ്ട്. ഇത്തരം കച്ചവടവും അളവിൽ കവിഞ്ഞ ഉപയോഗവുമാണ് അപകടങ്ങൾ വിളിച്ച് വരുത്തുന്നത്. കീടനാശിനി തളിക്കുന്നവർക്കെന്ന പോലെ കൃഷിയിൽ നിന്നും ഉണ്ടാകുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കും ഇത് ഒരുപോലെ ദോഷം ചെയ്യും.


കീടനാശിനി വില്ലനകേന്ദ്രങ്ങൾ പരിശോധിച്ച് ലൈസൻസ് നിബന്ധനകളും ഗുണനിലവാരവും ഉറപ്പുവരുത്തണ്ടത് ഇൻസെക്ടിസൈഡ് ഇൻസ്പെക്ടർമാരാണ്. വീഴ്ച വരുത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യേണ്ട ചുമതലയും ഇവർക്കാണ്. വർഷങ്ങളായി ഇൻസെക്ടിസൈഡ് ഇൻസ്പെക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ഉയരുന്നതാണെങ്കിലും ഇക്കാര്യത്തിൽ മാറിയെത്തുന്ന സർക്കാരുകളൊന്നും നടപടി സ്വീകരിച്ചിട്ടില്ല. 


കേരളത്തിൽ രൂപീകരിച്ചിട്ടുള്ള ചട്ടപ്രകാരം ഇൻസെക്ടിസൈഡ് ഇൻസ്പെക്ടർമാരായി നിശ്ചയിച്ചിട്ടുള്ളത് കൃഷിഭവനുകളിലെ കൃഷി ഓഫീസർമാരെയാണ്. ഗ്രാമ പഞ്ചായത്തുകളിലെ 85 ശതമാനത്തോളം കൃഷി ഓഫീസർമാർക്ക് നിശ്ചിത യോഗ്യത ഉള്ളവരായതു കൊണ്ട്, അവിടെ മുഴുവൻ സമയം ഇൻസെക്ടിസൈഡ് ഇൻസ്പെക്ടർമാരുടെ സേവനം ലഭ്യമാവും. 


ഇന്ത്യൻ ഇൻസെക്ടിസൈഡ് ആക്ട് 1968 അനുസരിച്ച് ഇൻസെക്ടിസൈഡ് ഇൻസ്പെക്ടർമാർക്ക് കാർഷിക / കെമിസ്ട്രി ബിരുദമാണ് ആണ് വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. പുതുതായി രൂപീകരിച്ച ചില നഗരസഭകളിലൊഴിച്ച്, മുഴുവൻ കോർപ്പറേഷനുകളിലേയും ഭൂരിപക്ഷം  നഗരസഭകളിലേയും കൃഷിഭവനുകളിൽ കാർഷിക ബിരുദധാരികളല്ലാത്ത കൃഷി ഫീൽഡ് ഓഫീസർമാരാണുള്ളത്. നിയമത്തിലെ നിശ്ചിത യോഗ്യതയില്ലാത്തതിനാൽ അവർക്ക്  ഇൻസെക്ടിസൈഡ് ഇൻസ്പെക്ടരുടെ ചുമതല വഹിക്കാൻ കഴിയില്ല. 


നിശ്ചിത യോഗ്യത ഇല്ലാതെ കൃഷി ഓഫീസർമാർ പ്രവർത്തിക്കുന്ന ചില പഞ്ചായത്തുകളും ഉണ്ടെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. ഇത്തരം പ്രദേശങ്ങളിൽ പരിശോധന നടത്തണമെങ്കിൽ ഉയർന്ന തലത്തിലുള്ള ഉദ്യോഗസ്ഥർ പ്രത്യേകം വരണം. ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന മേഖലയിലാണ് നിയമത്തിലെ ഈ പഴുത് നിലനിൽക്കുന്നത്. ഇവിടെ സ്ഥിരം നിരീക്ഷണവും പരിശോധനയും നടക്കുന്നതിനുള്ള ക്രമീകരണം ഉണ്ടായില്ലെങ്കിൽ തിരുവല്ല സംഭവം ഇനിയും ആവർത്തിച്ചേക്കാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment