കീടനാശിനികൾ ആളെക്കൊല്ലികളാകുന്നു; നിയന്ത്രണമില്ലാതെ ഉപയോഗിച്ച് മണ്ണിനെയും മനുഷ്യനെയും ഇല്ലാതാക്കരുത്




നെല്ലിന് കീടനാശിനി പ്രയോഗിച്ചതിനെ തുടർന്ന് രണ്ടുപേർ മരിച്ചതുമായി ബന്ധപ്പെട്ട് കർഷകർ ഉപയോഗിക്കുന്ന കീടനാശിനികളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.  ചുവപ്പ്, മഞ്ഞ ലേബലുകളിലുള്ള കീടനാശിനികൾ യാതൊരു നിയന്ത്രണവുമില്ലാതെയാണ് കർഷകർ ഉപയോഗിക്കുന്നത്. മണ്ണിനും ജലത്തിനും ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന തോതിലാണ് കീടനാശിനികളും വളങ്ങളും ഉപയോഗിച്ച് വരുന്നത്. 


കുട്ടനാട്ടിലേതടക്കമുള്ള സംസ്ഥാനത്തെ പല പാടശേഖരങ്ങളിലും തോന്നും പോലെയാണ് കര്‍ഷകര്‍ കീടനാശിനി അടിക്കുന്നത്. ഏക്കറിന് 50 ഗ്രാം കീടനാശിനി 150 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്താന്‍ കമ്പനി നിര്‍ദ്ദേശിക്കുമ്പോള്‍ ഭൂരിപക്ഷം കര്‍ഷകരും ഇരട്ടി വിഷം പകുതി വെള്ളത്തില്‍ കലര്‍ത്തിയടിക്കുകയാണ് ചെയ്യുന്നത്. ഇത് മരണത്തിന് വരെ കാരണമായേക്കാമെന്ന് മരുന്നടിക്കുന്നവര്‍ തന്നെ പറയുന്നു. അതുപോലെ തന്നെ ഇത് മണ്ണിനും പരിസ്ഥിതിക്കും ഏറെ ദോഷകരമാണ്. വിഷം/കീടനാശിനി സ്‌പ്രേ ചെയ്‌ത്‌ ഉപയോഗിക്കുന്നതുകൊണ്ട് ഇത് വായുവിൽ കലർന്ന് വായുവും മലിനമാകുന്നുണ്ട്. ഇത് ശ്വസിക്കുന്നവർക്കും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. 


മരുന്ന് കമ്പനികളും കൃഷിവകുപ്പും പാടശേഖരസമിതിയും പറയുന്നത് പോലെയല്ല കര്‍ഷകരുടെ മരുന്ന് പ്രയോഗം. നെല്ലും മറ്റ് കാർഷിക വിളകളും എളുപ്പത്തിൽ ഫലം ലഭിക്കാനായി കീടനാശിനികൾ അളവ് കൂട്ടി വീര്യംകൂട്ടിയടിക്കും. ഇതുപയോഗിക്കുന്ന ആളുകളിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. മരുന്നടിക്കാരുടെ കാലില്‍ ഒരു മുറിവുണ്ടായാല്‍ മതി അതൊരു ദുരന്തമായി മാറാന്‍. കമ്പനി നിര്‍ദ്ദേശിക്കുന്ന മറ്റ് സുരക്ഷാ സംവിധാനമൊന്നും മരുന്നടിക്കാര്‍ ഉപയോഗിക്കുന്നുമില്ല. 


നേരത്തെ കുട്ടനാട്ടില്‍ വ്യാപകമായി പാടശേഖരങ്ങളിൽ കക്ക ഉപയോഗിക്കുമായിരുന്നു. കക്ക തീരെ ഇല്ലാതെയാണ് ഇപ്പോള്‍ മിക്കവരും പാടമൊരുക്കുന്നത്. ഇതോടെ കീടനാശിനി കൂടുതല്‍ ഉപയോഗിക്കാതെ നല്ല വിള കിട്ടില്ലെന്ന അവസ്ഥയുമായി. കൃഷി വകുപ്പിന്‍റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് മതിയായ ബോധവല്‍ക്കരണം നല്‍കുകയും കീടനാശിനി ഉപയോഗിക്കുന്ന കാര്യത്തില്‍ കടുത്ത നിയന്ത്രണം വരുത്തുകയുമാണ് ഇതിനുള്ള പോംവഴിയെന്ന് കര്‍ഷകര്‍ തന്നെ സമ്മതിക്കുന്നു


അതേസമയം, രണ്ട് തൊഴിലാളികൾ തിരുവല്ലയിൽ മരിച്ചതിനെത്തുടർന്ന് സംസ്ഥാനത്തെ എല്ലാ വളം കീടനാശിനി ഡിപ്പോകളും പരിശോധിക്കാനും അനധികൃത വില്പന തടയാനും കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർ നിർദ്ദേശം നൽകി. തിരുവല്ലയിലെ സംഭവത്തെ തുടർന്ന് കൃഷി ഓഫീസറുടെ കുറിപ്പില്ലാതെ അനധികൃത വിൽപന നടത്തിയ ഇലഞ്ഞിമൂട്ടിൽ ഡിപ്പോ ഉദ്യോഗസ്ഥർ പൂട്ടി.  


കഴിഞ്ഞ ഡിസംബർ 10 ന് വളം കീടനാശിനി ഉപയോഗത്തെ സംബന്ധിച്ച് കൃഷി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കീടനാശിനികളുടെ വില്പന, ഉപയോഗം എന്നിവ സംബന്ധിച്ച് നിർദ്ദേശങ്ങൾ സംസ്ഥാനത്തുടനീളം നൽകിയിരുന്നു.  ചുവപ്പ്, മഞ്ഞ ലേബലിലുള്ള കീടനാശിനികൾ കൃഷി ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമുള്ള കുറിപ്പിന്റെ അടിസ്ഥാനത്തിൽ മാത്രം വില്പന നടത്താനായിരുന്നു നിർദ്ദേശം.  


കർഷകർക്ക് നേരിട്ട് വിൽപന നടത്തരുതെന്നും പറഞ്ഞിരുന്നു.  ഓരോ വിളകൾക്കും പ്രത്യേകം കീടനാശിനികളും കളനാശിനികളുമാണ് നിഷ്‌കർഷിച്ചിട്ടുള്ളത്.  വില്പന നടത്തുന്ന വസ്തുക്കളുടെ വിവരങ്ങൾ വ്യക്തമായി ബോർഡിൽ പ്രദർശിപ്പിക്കുന്നതിനും ഡിപ്പോകൾക്ക് നിർദ്ദേശം നൽകിയിരുന്നു.  എന്നാൽ ഇതെല്ലാം ലംഘിച്ച് അനധികൃത വിൽപന തുടരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് അടിയന്തിര നിർദ്ദേശം നൽകിയത്.  ഇങ്ങനെ പ്രവർത്തിക്കുന്ന ഡിപ്പോകളുടെ ലൈസൻസ് റദ്ദാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment