സുന്ദർലാൽ ബഹുഗുണ എന്ന വൻമരം




പുതിയ വികസന നയത്തിന്റെ സൃഷ്ടിയായ പരിസ്ഥിതി നാശത്തിനെതിരെ ലോകമാകെ ജനങ്ങൾ ഉണർന്നെഴുന്നേറ്റ കാലമായിരുന്നു 1970 -കൾ. ഹരിതദശകം  എന്നാണ് എഴുപതുകൾ  അറിയപ്പെടുന്നത്. വനധ്വംസനത്തിനെതിരെ  ഹിമാലയത്തിൽ പൊന്തിവന്ന  ചിപ്ക്കോ   പ്രസ്ഥാനമായിരുന്നു ഇന്ത്യയിൽ  ഈ പരിസ്ഥിതികാവബോധത്തിന്റെ  ഏറ്റവും മൂർത്തമായ രൂപം.  ഹിമാലയത്തിലെ കാടുകളുടെ അടക്കിവെട്ട്‌   അവസാനിപ്പിക്കുന്നതിൽ ചിപ്ക്കോ കൈവരിച്ച വിജയം  മറ്റു സംസ്ഥാനങ്ങളിലും  സമാനമായ  പ്രസ്ഥാനങ്ങൾക്കു രൂപംകൊടുത്തു. അങ്ങനെ നമ്മൾ ഇന്ന് ശ്വസിക്കുന്ന വായുവിനും കുടിക്കുന്ന വെള്ളത്തിനും  കഴിക്കുന്ന ഭക്ഷണത്തിനും ഹിമാലയത്തിലെ സാധാരണരായ  ഗ്രാമീണരോട്  നന്ദി പറയണം. ഗവൺമെന്റിന്റെ തെറ്റായ വനനയത്തെ  എതിർത്തുകൊണ്ടു,  റെസിനും തടിയും വിദേശനാണ്യവുമല്ല  വനത്തിന്റെ ഉത്പന്നങ്ങൾ, വായുവും വെള്ളവും ഭക്ഷണവുമാണെന്ന  പാരിസ്ഥിതികസത്യം ആദ്യമായി   ഉദ്ഘോഷിച്ചത്  അവരാണ്. ചിപ്ക്കോ  പ്രസ്ഥാനത്തിന്റെ വഴികാട്ടിയായിരുന്നു,  ഈ പ്രയോഗത്തോട് അദ്ദേഹം  പ്രതിഷേധിക്കുമെങ്കിലും, സുന്ദർലാൽ ബഹുഗുണ. ചിപ്ക്കോയുടെ  ഒരു എളിയ ദൂതനെന്നാണ്  അദ്ദേഹം  സ്വയം വിശേഷിപ്പിക്കാറുണ്ടായിരുന്നത്.    ഇന്ത്യയുടെ എല്ലാ മൂലകളിലും, വിദേശ രാജ്യങ്ങളിലും, ചിപ്ക്കോയുടെ  സന്ദേശമെത്തിച്ചത്‌   മുഖ്യമായും  അദ്ദേഹം തന്നെയാണ്.


1927  ജനുവരി  ഒൻപതിന്, ഉത്തരാഖണ്ഡത്തിലെ പോഡിഗഡ്‌വാൾ ജില്ലയിലെ മറോഡയിൽ, ഭാഗീരഥീതീരത്താണ് സുന്ദർലാൽ ജനിച്ചത്. പതിമൂന്നാം വയസ്സിൽ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ ചേർന്ന അദ്ദേഹം പതിനേഴാം വയസ്സിൽ ആദ്യത്തെ ജയിൽ വാസമനുഭവിച്ചു. സ്വാതന്ത്ര്യത്തിനു വേണ്ടി തേഹ്‌രി ജയിലിൽ 84  ദിവസം ഉപവാസമനുഷ്ഠിച്ചു രക്തസാക്ഷിയായ ദേവ് സുമനാണ് സുന്ദർലാലിനെ സാമൂഹ്യ പ്രവർത്തനരംഗത്തേക്ക് കൈപിടിച്ചാനയിച്ചത്.


1948  ജനുവരി ഇരുപത്തിയൊൻപതിന് മഹാത്മാ ഗാന്ധിയെ കണ്ട്,  തേഹ്‌രി  - ഗഡ്‌വാൾ  അക്രമരഹിതമാർഗ്ഗത്തിലൂടെ സ്വാതന്ത്ര്യം  നേടിയ വിവരം അറിയിച്ച സുന്ദർലാൽജി ഗാന്ധിജിയുടെ ഒസ്യത്തിലെ ആഹ്വാനം കേട്ട് രാഷ്ട്രീയം വിട്ട്, ഹിമാലയത്തിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.  അന്ന് അദ്ദേഹം  തേഹ്‌രി -ഗഡ്‌വാളിലെ പ്രജാമണ്ഡലം ജനറൽ സെക്രട്ടറി  ആയിരുന്നു.


അയിത്തോച്ഛാടനത്തിനും താണജാതിക്കാരുടെ ഉന്നമനത്തിനുമായിരുന്നു അദ്ദേഹം പ്രഥമ  പരിഗണന നൽകിയത്. ദളിതരെയുംകൂട്ടി ബുദ്ധകേദാർ, യമുനോത്തരി, ഗംഗോത്തരി ക്ഷേത്രങ്ങളിൽ കയറിയതിനു അദ്ദേഹം       ബ്രാഹ്മണരുടെ കയ്യിൽ  നിന്ന്‌ ചെരുപ്പടി ഏറ്റിട്ടുണ്ട്. അന്ന് തെഹ്‌രിയിൽ  അദ്ദേഹം സ്ഥാപിച്ച തക്കർ  ബാപ്പ ഹോസ്റ്റലിൽ ദളിതരും ഉയർന്ന ജാതിക്കാരുമായ പാവപ്പെട്ട കുട്ടികൾ ഒരുമിച്ചു താമസിക്കുന്നു. ഗാന്ധിശിഷ്യ സരളാ  ബെന്നിൻറെ  ശിഷ്യ വിമല നൗത്യാലിനെ വിവാഹം കഴിച്ചു. ഇരുവരുംകൂടി സില്യാരയിൽ  സ്ഥാപിച്ച ആശ്രമത്തിൽ  ദളിതരും മറ്റുള്ളവരുമൊരുമിച്ചു ജീവിക്കുന്നു. ഗ്രാമീണ ജനങ്ങളുടെ പട്ടിണിക്കും ദുരിതങ്ങൾക്കും പ്രധാനകാരണം മദ്യമാണെന്നു മനസ്സിലാക്കിയ സർവോദയപ്രവർത്തകർ  മദ്യനിരോധന പ്രസ്ഥാനമാരംഭിച്ചു.  സുന്ദർലാൽജി  അനിശ്ചിതകാല ഉപവാസമാരംഭിച്ചു. ഒടുവിൽ 1971-ൽ  ഉത്തരാഖണ്ഡത്തിലെ അഞ്ചു ജില്ലകളിൽ  ചാരായം  നിരോധിച്ചു. വനനശീകരണത്തിനെതിരെ  സമരം ചെയ്യാൻ ജനങ്ങൾക്ക് ധൈര്യം നൽകിയത് ഈ വിജയമാണ്‌.


കിഴുക്കാംതൂക്കായ മലഞ്ചെരുവുകളിലെ വനനശീകരണത്തിന്റെ പ്രത്യാഘാതമായുണ്ടായ  പ്രകൃതിദുരന്തപരമ്പരകളുടെ പശ്ചാത്തലത്തിൽ പെട്ടെന്ന് വളർന്നു വികസിച്ചതാണ് ചിപ്ക്കോ പ്രസ്ഥാനമെങ്കിലും, ഹിമാലയത്തിലെ ജനകീയ വനസംരക്ഷണയജ്ഞത്തിനു നീണ്ട ചരിത്രമുണ്ട്. സ്വാതന്ത്ര്യ സമരത്തിലാണ് അതിന്റെ വേരുകൾ.  നേരിട്ട്  ബ്രിട്ടീഷ് ഭരണത്തിനുകീഴിലല്ലാതിരുന്ന തേഹ്‌രി - ഗഡ്‌വാളിൽ സിവിൽ നിയമലംഘനപ്രസ്ഥാനം ഉടലെടുത്തത് വനസംരക്ഷണസമരമായിട്ടാണ്. അതായതു ഗുജറാത്തിലും മറ്റും ഉപ്പു കുറുക്കിയപ്പോൾ,  തേഹ്‌രിയിൽ ജനങ്ങൾ വനംവെട്ട് തടഞ്ഞു. 1930  മേയ് മുപ്പതിന് തില്ലാരിയെന്ന സ്ഥലത്തു പട്ടാളത്തിന്റെ വെടിവെപ്പിൽ  17 പേർ മരിച്ചു. സ്വാതത്ര്യത്തിനു ശേഷം ആ ദിനം വനദിനമായി ആചരിച്ചു വന്നിരുന്നു. നാട്ടുകാർക്ക് കൊടുക്കാതെ പുറത്തു നിന്നും വരുന്ന  വ്യവസായികൾക്ക് മരങ്ങൾ വിൽക്കുന്നതിനെതിരായുള്ള സമരമായിട്ടാണ് ചിപ്ക്കോ പ്രസ്‌ഥാനം  ആരംഭിച്ചത്.


1967  മുതൽ വനസംരക്ഷണത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന സുന്ദർലാലിന്റെ സ്വാധീനതയാണ്  അതൊരു പരിസ്ഥിതിസംരക്ഷണപ്രസ്ഥാനമാക്കി മാറ്റിയത്. പരിസ്ഥിതിയെന്നാൽ  സ്ഥായിയായ സാമ്പത്തിക സുസ്ഥിതിയാണെന്ന് പറഞ്ഞ അദ്ദേഹം ഗാന്ധിയൻ രീതിയിലുള്ള ലളിത ജീവിതം പ്രചരിപ്പിച്ചു.  1974 - ലും 1979  - ലും വനംവെട്ട് നിരോധിക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം അനിശ്ചിതകാലം ഉപവാസമനുഷ്ഠിച്ചു.          


ഇതിനിടയിൽ,  ഹിമാലയ ഗ്രാമങ്ങളിൽ ചിപ്ക്കോ സന്ദേശം പ്രചരിപ്പിക്കാൻ വേണ്ടി ധാരാളമായി യാത്ര ചെയ്‌തു - എല്ലാം കാൽ നടയായി. 1981 -ൽ  കശ്മീരിലെ ശ്രീനഗറിൽ നിന്ന്  നാഗാലാൻഡിലെ കോഹീമ വരെ (4 ,870 കി .മീ ) പദയാത്ര നടത്തി. അതിനുശേഷം അദ്ദേഹം പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശവാഹകനായി  ഇന്ത്യയാകമാനം സഞ്ചരിച്ചു.                        


കേരളത്തിൽ പുതിയ പാരിസ്‌ഥിതികാവബോധം അങ്കുരിച്ചത്  സൈലന്റ് വാലി  പദ്ധതിക്കെതിരായ സമരത്തോടുകൂടിയാണ്. വനങ്ങളുടെ അടക്കിവെട്ടുപോലെ  പരിസ്ഥതിക്കു വിനാശകരമാണ്  വൻകിട അണക്കെട്ടുകൾ. സൈലൻറ് വാലി  സമരം  പരിപൂർണ്ണ  വിജയമായിരുന്നു. പക്ഷേ, പിന്നീട് വന്ന പല അണക്കെട്ടു വിരുദ്ധ സമരങ്ങൾക്കും, അവയൊക്കെ ഐതിഹാസിക സമരങ്ങളായിരുന്നുവെങ്കിലും,  ആ ഭാഗ്യമുണ്ടായില്ല. ചിപ്ക്കോ പ്രസ്ഥാനത്തിന്റെ ജന്മനാട്ടിൽ,  261  മീറ്റർ  ഉയരമുള്ള  തേഹ്‌രി  ഡാമിൻറെ  അവസാനത്തെ ഡൈവേർഷൻ കനാലുകൾ  2005  ഒക്റ്റോബർ 28 നു അടച്ചപ്പോൾ,  ഭാഗീരഥീ വാലിയിൽ അരങ്ങേറിയ ദുരന്തം കണ്ട് അസ്തപ്രജ്ഞനായി  നിൽക്കാനേ  സുന്ദർലാൽജിക്ക്‌  കഴിഞ്ഞുള്ളൂ. അവിടെ  സുന്ദർലാലിന്റെ മാതൃഭവനം  അടക്കം,  തേഹ്‌രി നഗരവും  125  ഗ്രാമങ്ങളും  വെള്ളത്തിനടിയിലായി. ഗംഗ മാതാവിനെ അണക്കെട്ടിന്റെ തടവറയിൽ നിന്നും മോചിപ്പിക്കാതെ  ആശ്രമത്തിലേക്കു മടങ്ങുകയില്ലെന്നു 1989 - ൽ  ശപഥമെടുത്ത  സില്യാരയിലെ ഋഷി  പിന്നെ വളരെക്കാലം   ജീവിച്ചതു അണക്കെട്ടിനടുത്തുള്ള ഒരു തകരപ്പന്തലിലായിരുന്നു. സുന്ദർലാലിന്‌  ഭാഗീരഥി ഒരു നദിയായിരുന്നില്ല; അമ്മയുടെ മടിത്തട്ടായിരുന്നു. ഭാഗീരഥിയെ രക്ഷിക്കാൻ വേണ്ടി അപേക്ഷകളും  നിവേദനങ്ങളും കോടതിക്കേസുകളും അനവധി കൊടുത്തു; ചർച്ചകളുംപ്രകടനങ്ങളും ഒരുപാട് നടന്നു . 1990 -ലും 1992 -ലും 1995 -ലും  യഥാക്രമം 11 , 45 , 49  ദിവസം  സുന്ദർലാൽജി ഉപവാസമനുഷ്ഠിച്ചു. ഭൂകമ്പ സാധ്യത കൂടുതലുള്ള  മേഖലയിൽ വൻകിട അണക്കെട്ടു കെട്ടുന്നതിലെ ഹിമാലയൻ  വിഡ്‌ഢിത്തം  അധികാരികളെ ഉണർത്തിക്കാൻ  അവയൊന്നും ഫലപ്രദമായില്ല. അണക്കെട്ടിനെതിരെ ഉയരുന്ന ശബ്ദം ഞെരിച്ചുകൊന്നുകളയാൻ ഗവണ്മെന്റ്  പണശക്തിയുൾപ്പടെ സർവ്വശക്തിയുമുപയോഗിച്ചു.  തികച്ചും സമാധാനപരമായി  സമരം നടത്തിയതിനു വന്ദ്യവയോധികരായ സുന്ദർലാൽജിയെയും വിമലാജിയെയും ജയിലിട്ടു മർദ്ദിച്ചു. തേഹ്‌രിയിൽ ഒരു പ്രകടനത്തിൽ പങ്കെടുത്തിട്ടു മടങ്ങിപ്പോയ 17  ഗ്രാമീണരെ ട്രക്കിടിപ്പിച്ചു കൊന്നു. ഒരു രാത്രിയിൽ  സുന്ദർലാൽജിയെ  പുഴയിലെറിഞ്ഞു കൊല്ലാനുള്ള  വാടക ഗുണ്ടകളുടെ ശ്രമത്തിൽ നിന്ന്  അദ്ദേഹം തലനാരിഴക്കാണ്‌  രക്ഷപ്പെട്ടത്. 


ജലദൗർലഭ്യത്തിനുള്ള  സ്ഥായിയായ പരിഹാരം അണക്കെട്ടുകളല്ല; ഭൂമി  പച്ചപിടിപ്പിക്കുകയാണ്. മരങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈഓക്സയിഡ് വലിച്ചെടുത്തിട്ട് ഓക്സിജൻ വിട്ടു തരുന്നു;  മഴവെള്ളം പിടിച്ചുനിറുത്തി  ഭൂമിയുടെ സിരകൾ  നിറയ്ക്കുന്നു . ഭൂമിയിലെ പാരിസ്ഥിതികപ്രതിസന്ധി  തരണംചെയ്യാൻ  സുന്ദർലാൽജി ഉപദേശിക്കുന്ന മാർഗ്ഗം  മരക്കൃഷിയാണ്. ഉയരത്തിൽ വളരുന്ന വൃക്ഷങ്ങൾക്ക്  കൂടുതൽ സൂര്യപ്രകാശം  സ്വീകരിച്ചു കൂടുതലുത്പാദനം  നടത്താൻ കഴിയും.                                      


ആധുനിക ഉപഭോഗ സംസ്കാരത്തിന്റെ  വരദാനങ്ങളാണ് യുദ്ധവും മലിനീകരണവും  പട്ടിണിയും. ലളിത ജീവിതവും ബദൽ ജീവിതരീതികളും വനവത്കരണവുമാണ് പരിഹാരം. അങ്ങനെയൊരു  സംസ്കാരത്തിൽ  വൻകിട അണക്കെട്ടുകളും  ആണവനിലയങ്ങളും ആവശ്യമില്ല.  പറയുന്നതുപോലെ ജീവിച്ച ഗാന്ധിയനാണ് സുന്ദർലാൽ ബഹുഗുണ. മാറാപ്പിൽ ഒരു പൊതി വറുത്ത  ചെറുപയർ പരിപ്പും (തെക്കേയിന്ത്യയിലാണെങ്കിൽ  കൂവരകു മാവ്) രണ്ടു സെറ്റ് വെളുത്ത ഖാദി  വസ്ത്രങ്ങളുമായി ലോകം മുഴുവൻ ഇളംകാറ്റുപോലെ സഞ്ചരിച്ച് പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ ജനങ്ങളെ പഠിപ്പിക്കാൻ ശ്രമിച്ച സുന്ദർലാൽജി ഇന്ന് (21 മെയ് 2021) നമ്മെ വിട്ടുപിരിഞ്ഞു.  നറും നിലാവുപോലെയുള്ള  ആ ചിരി,  അത് കണ്ടിട്ടുള്ള  ആരുടേയും മനസ്സിൽ നിന്ന് ഒരിക്കലും മായുകയില്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment