പ്ലാച്ചിമടയിലെ കൊക്കകോള കമ്പനി പുതിയ രൂപത്തിൽ തിരികെയെത്തുന്നു 




ജനകീയ സമരത്തെ തുടർന്ന് അടച്ച് പൂട്ടിയ പ്ലാച്ചിമടയിലെ കൊക്കകോള കമ്പനി സാമൂഹിക സേവന പദ്ധതികളുടെ രൂപത്തിൽ തിരിച്ചെത്തുന്നു. കൊക്കകോളയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ പുതിയ തരം സംരംഭവുമായി കൊക്കകോള തിരിച്ച് എത്തുന്നത്. അതേസമയം, മറ്റൊരു രൂപത്തിൽ കൊക്കകോള വീണ്ടും കമ്പനി തുറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 


ഇതിനെതിരെ സമരം തുടങ്ങാനാണ് കൊക്കകോള വിരുദ്ധ സമര സമിതിയുടെ തീരുമാനം. കമ്പനിക്കകത്ത് ജലം അസംസ്കൃത വസ്തുവായ ഒന്നും ഉത്പാദിപ്പിക്കാൻ സമ്മതിക്കില്ലെന്ന് കൊക്കകോള വിരുദ്ധ സമര സമിതി ചെയർമാൻ വിലയോടി വേണുഗോപാൽ പറഞ്ഞു. സമര സമിതിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 26 ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.


കൂടുതൽ ജലം ഉപയോഗിക്കാതെയും പഞ്ചായത്തിന് കൂടി പങ്കാളിത്തം നൽകാനും കഴിയുന്ന പദ്ധതിയാണെങ്കിൽ അനുമതി നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന പെരുമാട്ടി ഗ്രാമ പഞ്ചായത്ത് യോഗം തീരുമാനമെടുത്തിട്ടുണ്ട്. പരിസ്ഥിതി പ്രശ്‌നങ്ങളും, ജലം മുഖ്യ അസംസ്‌കൃതമായ വസ്‌തുവായിട്ടുള്ള വ്യവസായങ്ങളാണോയെന്ന് പഞ്ചായത്ത് പരിശോധിച്ചതിന് ശേഷമേ അന്തിമ അനുമതി നൽകൂ. ഇക്കാര്യത്തിൽ നിയമജ്ഞരുടെയും നിർദേശം തേടാനും സർക്കാരിന്റെ അനുമതി തേടാനും ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്.


അതേസമയം, പഞ്ചായത്ത് അനുമതി നൽകിയാൽ പ്രക്ഷോഭം സംഘടിപ്പിക്കും. ജലസേചന മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് സംഘടിപ്പിക്കാനും പരിപാടിയുണ്ട്. സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ പ്ലാച്ചിമടയിലെ കമ്പനി വീണ്ടും തുടങ്ങാൻ താത്പര്യമില്ലെന്ന് കമ്പനി പ്രതിനിധി അറിയിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് ഇപ്പോഴത്തെ നീക്കം.


2004 മാർച്ച് ഒൻപതിനാണ് ജനങ്ങളുടെ നിരന്തരമായ സമരത്തിനെ തുടർന്ന് കൊക്കകോള കമ്പനി പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെച്ചത്. ഇതിന് ശേഷം കഴിഞ്ഞ 14 വർഷമായി കമ്പനിയും പ്രദേശവും കാട് മൂടി കിടക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കമ്പനി കെട്ടിടങ്ങളും ജലസേചനത്തിനായി നിർമിച്ച കുളവും യന്ത്ര സാമഗ്രികളും നന്നാക്കികൊണ്ടിരിക്കുകയാണ്. കമ്പനി മറ്റൊരു രൂപത്തിൽ ആയാലും തുറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത് വെളിപ്പെടുത്തുന്നതാണ് അവിടെ നടക്കുന്ന പരിപാടികൾ.


കമ്പനി പ്രവർത്തിച്ച കാലത്ത് പ്ലാച്ചിമടയിൽ ജലത്തിനും മണ്ണിനും കൃഷിക്കും പ്രകൃതിക്കും വലിയ തോതിലുള്ള നഷ്ടം സംഭവിച്ചിരുന്നു. വീണ്ടും കമ്പനി പ്രവർത്തിക്കാൻ തുടങ്ങിയാൽ അത് എങ്ങിനെ ആയിരിക്കുമെന്ന് കണ്ടറിയേണ്ടി വരും. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment