പ്ലാസ്റ്റിക് നിയന്ത്രണം: ക്യാരി ബാഗുകളുടെ കനം 120 മൈക്രോൺ ആക്കി ഉയർത്താൻ കരട് നിർദേശം




പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയമ ഭേദഗതിയുമായി കേന്ദ്ര പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം. നിലവിലുള്ള 2016-ലെ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന (വേസ്റ്റ് മാനേജ്മെന്റ്) നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തുന്നതിനുള്ള കരടു രേഖ മാര്‍ച്ച്‌ 11 ന് മന്ത്രാലയം പ്രസിദ്ധീകരിച്ചു. പുതിയ കരട് രേഖയെപ്പറ്റി മേയ് 10 വരെ അഭിപ്രായങ്ങള്‍ അറിയിക്കാം .


പുതിയ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുമ്ബോള്‍ സെപ്റ്റംബര്‍ 30 മുതല്‍ പോളിത്തീന്‍ കാരി ബാഗുകളുടെ കനം 50 മൈക്രോണില്‍ നിന്ന് 120 മൈക്രോണായി ഉയര്‍ത്താനാണ് കേന്ദ്രം ആലോചിക്കുന്നത്. നിലവില്‍ 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളും മറ്റും രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്.


2022 ജനുവരി 1 മുതല്‍ ആദ്യഘട്ട നിരോധനം നിലവില്‍ വരും. ഇയര്‍ ബഡ്ഡുകളുടെ പ്ലാസ്റ്റിക് പിടി, പ്ലാസ്റ്റിക് അലങ്കാര വസ്തുക്കള്‍, തെര്‍മോ കോള്‍ ഉപയോഗിച്ചുള്ള അലങ്കാരം ഉള്‍പ്പെടെ നിരോധിക്കും. രണ്ടാം ഘട്ടമായി 2022 ജൂലൈ 1 മുതല്‍ പ്ലാസ്റ്റിക് പാത്രം, കരണ്ടി, കോരികള്‍, കപ്പുകള്‍, കത്തി, ട്രേ തട്ട്, ഗിഫ്റ്റ് പൊതിയുന്ന ചരടുകളും, കടലാസും, പാനീയങ്ങള്‍ ഇളക്കാനുള്ള കോലുകള്‍, തെര്‍മോകോള്‍, പ്ലാസ്റ്റിക്ക് പിവിസി ബാനറുകള്‍ തുടങ്ങി ഒറ്റത്തവണ ഉപയോഗിച്ച്‌ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളും നിരോധിക്കും.


രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ 60 % മാത്രമാണ് ഇപ്പോള്‍ പുനരുപയോഗിക്കുന്നത്. ബാക്കി വരുന്നവ കടലിലും ജലാശയങ്ങളിലും മണ്ണിലും കിടന്ന് വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശം ഗുണകരമാണ്. എന്നാല്‍ പ്ലാസ്റ്റിക് ഉല്‍പ്പാദകരുടെയും അനുബന്ധ വ്യവസായ മേഖലകളിലുള്ളവരുടേയും അഭിപ്രായം കൂടി കണക്കിലെടുത്ത ശേഷമാകും കരടിന് അന്തിമ രൂപം നല്‍കുകയെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment