രാജ്യത്തെ ആദ്യ പ്ലാസ്റ്റിക് രഹിത വിനോദസഞ്ചാര കേന്ദ്രം കേരളത്തിൽ ഒരുങ്ങുന്നു




കോട്ടയം: ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് രഹിത വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങി കോട്ടയം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കുമരകം. ഒറ്റത്തവണ ഉപയോഗിച്ച്‌ കളയുന്ന പ്ളാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി, പകരം ചില്ലുകുപ്പികളില്‍ കുടിവെള്ളവും ജ്യൂസ് കുടിക്കാന്‍ മുള നിര്‍മിത സ്‌ട്രോകളും ഒരുക്കാനാണ് പദ്ധതി. കേരളത്തിലെ ടൂറിസ്റ്റു കേന്ദ്രങ്ങളെല്ലാം പ്ലാസ്റ്റിക് കൊണ്ടും മറ്റു മാലിന്യങ്ങൾ കൊണ്ടും നിറഞ്ഞിരിക്കെയാണ് അതിന് ഒരു മാറ്റവുമായി ഏറെ വിനോദ സഞ്ചാരികൾ എത്തുന്ന കുമരകം എത്തുന്നത്.


പ്ലാസ്റ്റിക് ഉപയോഗിക്കാൻ കഴിയാത്ത ടൂറിസ്റ്റ് സ്‌പോട്ടുകൾ വേറെയും  ഉണ്ടെങ്കിലും അതെല്ലാം ഒരു മ്യൂസിയമോ അല്ലങ്കിൽ ഒരു ചെറിയ സ്ഥലമോ ആണ്. എന്നാൽ ഇത്രയും വലിയ ഒരു പ്രദേശം തന്നെ പ്ലാസ്റ്റിക് വിമുക്തമാക്കുകയാണ് ലക്ഷ്യം. ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ചേംബര്‍ ഓഫ് വേന്പനാട് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് (സി.വി.എച്ച്‌.ആര്‍), ഓള്‍ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.


ഹോട്ടലുകളില്‍ പ്ളാസ്റ്റിക് ബാഗ് ഒഴിവാക്കുന്നതിന്റെ പ്രാരംഭ നടപടിയായി 7000 തുണിബാഗ്‌ വിതരണം ചെയ്തെന്ന് ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി. പൂര്‍ണമായും ഹരിതചട്ടം നടപ്പാക്കാന്‍ ശ്രമിച്ചും കുമരകത്തെ ഹോട്ടലുകള്‍ മാതൃകയാകുകയാണ്.


സൗരോര്‍ജവൈദ്യുതി, തുമ്പൂർമുഴി  മോഡല്‍ മാലിന്യസംസ്കരണം, കുളിമുറിയിലെ വെള്ളം ശുദ്ധീകരിച്ച്‌ ചെടികള്‍ക്ക് ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സി.വി.എച്ച്‌.ആര്‍. അംഗങ്ങള്‍ തുടക്കമിട്ടിട്ടുണ്ട്. അതേസമയം, പലപ്പോഴും കൊട്ടിഘോഷിക്കാറുള്ള പദ്ധതികൾ പിന്നീട് പാതിവഴിയിൽ ഉപേക്ഷിച്ച് ഗുണത്തേക്കാളേറെ ദോഷം ചെയ്യാറുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായി കുമരകത്തെ പദ്ധതി വിജയിക്കുമെന്ന് പ്രത്യാശിക്കാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment