പ്ലാസ്റ്റിക് മാലിന്യം ഇനി മുതൽ വരുമാനമാകും; സംസ്ക്കരണത്തിൽ പുത്തൻ ചുവടുവെപ്പുമായി സർക്കാർ




സംസ്ഥാനത്തിന്റെ വലിയ ബാധ്യതയായിരുന്ന, പ്രകൃതിക്ക് ഏറെ ദോഷം ചെയ്തിരുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് പരിഹാരമാകുന്നു. സംസ്‌കരിച്ച് പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുക എന്നതിനപ്പുറം സംസ്ഥാനത്തെ ഹരിത കേരളം മിഷനും ക്ലീൻ കേരളാ കമ്പനിയും ചേർന്ന് പ്ലാസ്റ്റിക് റീസൈക്ലിംഗ് നടത്തുകയാണ്. ഇതുവഴി ഇവർ സംസ്ഥാനത്തിന് ഇവർ സാമ്പത്തിക വരുമാനവും ഉണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 


പ്ലാസ്റ്റിക് റീസൈക്ലിംഗ് സാധ്യതകളെ ഉപയോഗപ്പെടുത്തി ഫലപ്രദമായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ ഭരണത്തിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തിന് കാട്ടിക്കൊടുത്തു എന്നതാണ് സര്‍ക്കാരിന്റെ നേട്ടമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.


ഹരിതകേരളം മിഷന്റെ കീഴിലുള്ള ഹരിതകര്‍മ്മസേനകള്‍ക്കാണ് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണത്തിന്റേയും സംസ്ക്കരണത്തിന്റേയും ചുമതല. തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ ക്ലീന്‍ കേരള കമ്പിനിയുടെ സഹായത്തോടെ സ്ഥാപിച്ച പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകളില്‍ ഇവ എത്തിക്കും. അവിടെ നിന്നും പ്ലാസ്റ്റിക് സംസ്ക്കരിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് ഇതുവരെ 60 കേന്ദ്രങ്ങളിലാണ് പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂനിറ്റുകള്‍ സ്ഥാപിച്ചത്. 60 പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂനിറ്റുകള്‍ കൂടി ഉടന്‍ സജ്ജമാകും. 35 തദ്ദേശ സ്ഥാപനങ്ങള്‍ പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്.


പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകളില്‍ സംസ്ക്കരിക്കുന്ന പ്ലാസ്റ്റിക്, റോഡ് ടാറിംഗിനു വേണ്ടിയാണ് പ്രധാനമായും കൈമാറുന്നത്. പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ക്ലീന്‍ കേരളാ കമ്പനിയില്‍ നിന്നും ഇത്തരം പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നുണ്ട്. 3,58, 296 കിലോ ഗ്രാം പ്ലാസ്റ്റിക്ക് പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും നല്‍കി. ഇതുവഴി 71 ലക്ഷം രൂപ വരുമാനമുണ്ടാക്കാന്‍ ക്ലീന്‍ കേരളാ കമ്പിനിക്ക് കഴിഞ്ഞു.


പ്ലാസ്റ്റിക് റീസൈക്ലിംഗ് ചെയ്യുന്നതിനായുള്ള ഷ്രെഡിംഗ് യൂണിറ്റുകൾ എല്ലാ പഞ്ചായത്തുകളിലും വ്യാപകമായി എത്തിക്കാൻ സാധിച്ചാൽ അതൊരു വലിയ മാറ്റത്തിന് തന്നെ വഴിവെക്കും. പരിസ്ഥിതിക്ക് ഏറെ ദോഷകരമായ പ്ലാസ്റ്റിക്കിന്റെ പൂർണമായ നിരോധനം ഏറെക്കുറെ ബുദ്ധിമുട്ടുള്ള ഈ സാഹചര്യത്തിൽ പരിസ്ഥിതിക്ക് ദോഷമല്ലാത്ത രീതിയിലുള്ള റീസൈക്ലിംഗ് തന്നെയാകും ഫലപ്രദം. അതേസമയം, പ്ലാസ്റ്റിക് ഉപയോഗം കുറച്ച് കൊണ്ടുവരുന്നതിനുള്ള നടപടികളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്. നമ്മുടെ അയൽ സംസ്ഥാനങ്ങൾ പലതും പടിപടിയായി പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment