രാജപ്പന്മാരിൽ നിന്ന് രാജ്യം എന്തെങ്കിലും പഠിച്ചിരുന്നു എങ്കിൽ ?




രാജപ്പന്മാരിൽ നിന്ന് രാജ്യം എന്തെങ്കിലും പഠിച്ചിരുന്നു എങ്കിൽ ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും പുതിയ മാൻകി ബാത്തിലെ താരമായി മാറിയിരിക്കുന്നു കുട്ടനാടുകാരൻ ശ്രീ. രാജപ്പൻ. വേമ്പനാട്ടു കായലിൽ വള്ളം തുഴഞ്ഞ് പ്ലാസ്റ്റിക് ബോട്ടിലുകൾ പെറുക്കിയെടുത്ത് കായലിനെ രക്ഷിക്കാൻ ശ്രമിക്കുന്ന എൻ.എസ് രാജപ്പനെ പറ്റിയുള്ള  മോദിയുടെ പരാമർശം സ്വാഗതാർഹമാണ്. 1341 ലെ വെള്ളപ്പൊക്ക ത്തിലൂടെ കേരളത്തിന് അനുഗ്രഹമായി മാറിയ വേമ്പനാട്ടു കായലും കൊച്ചിയും കൂട്ടനാടും ആലപ്പുഴയുമൊക്കെയാണ് പല തരത്തിലും നാടിൻ്റെ രക്ഷകരായിട്ടുള്ളത്. അവയിൽ അതി നിർണ്ണായകമായ വെമ്പനാടിൻ്റെ ഇന്നത്തെ ദുരന്തത്തിൽ പ്രധാനമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ. നദികളിലും മറ്റും വലിച്ചെറിയുന്ന കുപ്പികൾ പെറുക്കി എടുത്ത് വരുമാനം കണ്ടെത്തി വരുന്ന, കാലുകൾക്ക് ചലന ശേഷിയില്ലാത്ത, രാജപ്പൻ്റെ സേവനത്തെ പറ്റി നാടിനും അദ്ദേഹത്തിനു പോലും തിരിച്ചറിയുവാൻ കഴിയാത്ത സാഹചര്യത്തെ തിരുത്തുവാൻ പ്രധാനമന്ത്രി അവസരമുണ്ടാക്കിയത് നല്ല  കാര്യമാണ്. 


60 വർഷത്തിനുള്ളിൽ 85% വേമ്പനാട്ടു കായലിൻ്റെ വിസ്തൃതി നഷ്ട്ടപെട്ടു. അച്ചൻ കോവിലും പമ്പയും മണി മലയാറും മീനച്ചിലാറും എത്തുന്ന നദികളുടെ രാസ പദാർ ത്ഥങ്ങളുടെ സാന്നിധ്യവും പ്ലാസ്റ്റിക്കുകളുടെ കുന്നു കൂടലുകളും വർധിയ്ക്കുകയാണ്. അത് മത്സ്യത്തിൻ്റെ പ്രജനനത്തെയും പ്രതികൂലമാക്കി.ഈ അവസരത്തിൽ രാജപ്പൻ എന്ന സാധാരണ കുട്ടനാടുകാരൻ്റെ ഇടപെടൽ സർക്കാരുകളുടെ നിലപാടുകളെ സ്വാധീനിക്കുവാൻ കഴിയുമോ എന്നതാണ് പ്രധാനം ?


പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ (മനസ്സു തുറക്കലിൽ) അരുണാചൽ പ്രദേശിലെ ആദിമവാസികളുടെ പാരമ്പര്യ പേപ്പർ നിർമ്മാണത്തെ പറ്റി ഓർമ്മിപ്പിച്ചു. ചെടികളിൽ നിന്നും രാസ പദാർത്ഥങ്ങൾ ഉപയോഗിക്കാതെയുള്ള പേപ്പർ ഉണ്ടാക്കൽ വീണ്ടും സജീവമാകുന്നതിനെ മാതൃകയാക്കി മാറ്റുവാൻ നാടിനു കഴിയണമെന്ന് നമ്മുടെ പ്രധാനമന്ത്രി പ്രസംഗിക്കുകയുണ്ടായി. സാധാരണ വ്യക്തികളും സമൂഹവും ഒറ്റപ്പെട്ടാണെങ്കിലും നടത്തുന്ന പരിസ്ഥിതി സൗഹൃദ നിലപാടുകളെ സർക്കാരിൻ്റെ ഭാഗമാക്കുവാൻ ദേശീയ /സംസ്ഥാന ഭരണ യന്ത്രങ്ങൾ താൽപ്പര്യം കാട്ടാറില്ല. രാജസ്ഥാൻ മരുഭൂമിയിലെ ബിഷോയി സമുദായം മരങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കുവാൻ കൈക്കൊള്ളുന്ന നിലപാടുകൾ ലോകത്തിനു മാതൃകയാണ്. ബീൽ, മീന, കതോടി വിഭാഗങ്ങളും പശ്ചിമഘട്ടത്തിലെയും ആൻഡമാനിലെയും ആദിമവാസികളും പ്രകൃതിസംരക്ഷണത്തിൽ പ്രധമ പരിഗണന നൽകുന്നു. എന്നാൽ സർക്കാർ സംവിധാനങ്ങൾ ഇവരുടെ ഇടപെടലുകളെ മറ്റിടങ്ങളിലേക്ക് എത്തിക്കുവാൻ  വിജയിച്ച ചരിത്രം വിരളമാണ്.


യൂറോപ്പും അമേരിക്കയും രാജ്യങ്ങളുടെ GDP വരുമാനത്തിൽ 2% ത്തിൽ കുറയാത്ത തുക പരിസ്ഥിതി സംരക്ഷണത്തിന് മാറ്റിവെക്കുമ്പോൾ ഇന്ത്യ ഇത്തരം നിലപാടുക ളിലെത്തിയിട്ടില്ല. ആമസോൺ കാടുകൾ കഴിഞ്ഞാൽ പരമപ്രധാനമായ പശ്ചിമഘട്ടം, സുന്ദർബാൻ, ആരവല്ലി, ഹിമാലയം മുതലായ മലനിരകൾ, ചതുപ്പുകൾ മുതലായവ കൊണ്ട് ശ്രദ്ധ നേടിയ ഇന്ത്യ, വൻതോതിലുള്ള പാരിസ്ഥിതിക തിരിച്ചടിയിലാണ്. പ്രതിവർഷം ഒന്നു മുതൽ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടവും രണ്ടായിരത്തിലധികം മരണവും ഇവിടെ സംഭവിക്കുന്നു. കാടുകൾ ആകെ വിസ്തൃതിയുടെ 22% മാത്രമെ വരുന്നുള്ളു. ഈ അവസ്ഥ പരിഹരിക്കണമെങ്കിൽ കൂടുതൽ തുക (യൂറോപ്പിനെക്കാൾ) പരിസ്ഥിതി രംഗത്തിനായി മാറ്റി വെക്കേണ്ടതുണ്ട്. യൂറോപ്പ് മാതൃക സ്വീകരിച്ചാൽ തന്നെ ഏകദേശം 4 ലക്ഷം കോടി രൂപ പ്രതിവർഷം കണ്ടെത്തണം. അതിൻ്റെ 10% പോലും മാറ്റിവെക്കുവാൻ മടിച്ചു നിൽക്കുന്ന ഇന്ത്യയുടെ ദേശീയ മായ അവസ്ഥ അപകടരമാണ്. 


രാജ്യത്തിൻ്റെ 10% ത്തിലധികം ആദിമവാസികൾ ഇന്നും കാടുമായകളുടെ 80 % വും സംരക്ഷിക്കുമ്പോൾ, അതിനാവശ്യമായ ഫണ്ടുകൾ നൽകുന്നതിൽ നമ്മുടെ സർക്കരുകൾ വിമുഖരാണ്. കൃഷിയെയും വ്യവസായത്തെയും ആരോഗ്യത്തെയും അതുവഴി സമ്പത്തിനെയും പ്രതികൂലമായി ബാധിക്കുന്ന കാലാവസ്ഥാ ശോഷണത്തോട് മുഖം തിരിച്ചു നിൽക്കുന്ന സർക്കാർ തീരുമാനങ്ങളിൽ മാറ്റങ്ങൾ വരുത്തണം. കുട്ടനാടിൻ്റെ രാജപ്പന്മാരെ  ലോകത്തിനു പരിചയപ്പെടുത്തുന്നതിലൂടെ മാത്രം പുഴകളും കാടു കളും തീരങ്ങളും സുരക്ഷിതമാകില്ല എന്ന് ആദ്യം തിരിച്ചറിയേണ്ടവർ നമ്മുടെ നേതാക്കന്മാരാകണം. ഇനി എങ്കിലും അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ ...

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment