മാലിന്യം നിറഞ്ഞ് കേരളത്തിലെ 21 നദികൾ; സർക്കാരിന് 14 കോടി രൂപ പിഴ




44 നദികളുണ്ടെന്ന് അഹങ്കരിക്കുന്ന സംസ്ഥാനത്തെ പകുതിയോളം നദികളിൽ  (21 നദികളിൽ) മലിനീകരണം രൂക്ഷമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ റിപ്പോർട്ട്. മലിനീകരണം തടയുന്നതിലും നിയന്ത്രിക്കുന്നതിലും വീഴ്ചവരുത്തിയതിന് സംസ്ഥാന സർക്കാരിന് 14 കോടി രൂപ ട്രിബ്യൂണൽ പിഴ ചുമത്തി. മലിനപ്പെട്ട നദികളുടെ ഒന്നാംപട്ടികയിലാണ് തിരുവനന്തപുരത്തെ കരമനയായാറാണ്. സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയാൽ രക്ഷപ്പെടുത്താവുന്ന വിഭാഗമായ നാലും അഞ്ചും പട്ടികയിലാണ് ബാക്കിയുള്ള 20 നദികളെ ഉൾപ്പെടുത്തിയിട്ടുള്ളത് എന്നത് മാത്രമാണ് ആശ്വസിക്കാൻ വകനൽകുന്നത്. എങ്കിലും, സംരക്ഷിക്കാൻ തയ്യാറായില്ലെങ്കിൽ കേരളത്തിലെ പകുതി നദികളും അഴുക്കുചാലായി ഇല്ലാതാകും 


മലിനീകരണത്തോത് കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് 2018-ൽ ട്രിബ്യൂണൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ല. ഇതേ തുടർന്നാണ് ട്രിബ്യൂണൽ പിഴ ചുമത്തിയത്. പിഴത്തുക സർക്കാർ കെട്ടിവെച്ചു. 2018 ലെ ഉത്തരവ് അവഗണിച്ചത് പോലെ പിഴ തുകയടച്ച് ഇനി വീണ്ടും നദികളുടെ സംരക്ഷണത്തെ സർക്കാർ അവഗണിച്ചാൽ നേരിടാൻ പോകുന്നത് വൻദുരന്തമാകും.


കരമനയാർ, ഭാരതപ്പുഴ, കടമ്പയാർ, കീച്ചേരി, മണിമല, പമ്പ, ഭവാനി, ചിത്രപ്പുഴ, കടലുണ്ടി, കല്ലായി, കരുവന്നൂർ, കാവായ്, കുപ്പം, കുറ്റ്യാടി, മേപ്രാൽ, പെരിയാർ, പെരുവമ്പ, പുഴയ്ക്കൽ, രാമപുരം, തിരൂർ, ഉപ്പള ഇനീ നദികളാണ് മലിനമാക്കപ്പെട്ട നദികളുടെ പട്ടികയിലുള്ളത്.  


ജലത്തിലെ ഓക്സിജന്റെ അളവ് പരിശോധിച്ചാണ് മലിനീകരണത്തോത് കണക്കാക്കുന്നത്. ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ്‌ (ബി.ഒ.ഡി.) പരിശോധനയാണിതിന് നടത്തുന്നത്. വെള്ളത്തിൽ എത്ര ഓക്സിജൻ വേണം എന്നതാണ് ഈ പരിശോധനയിൽ കണക്കാക്കുന്നത്. ശുദ്ധജലമാണെങ്കിൽ ബി.ഒ.ഡി. പരിശോധനയിൽ ലിറ്ററിൽ ഓക്സിജന്റെ അളവ് മൂന്നു മില്ലിഗ്രാമിൽ കുറവായിരിക്കണം. ഈ അളവിനു മുകളിലാണെങ്കിൽ മാലിന്യം കലർന്നുവെന്നാണ് കണക്കാക്കുന്നത്. 

ഈ പരിശോധന പ്രകാരം അതീവ ഗുരുതരാവസ്ഥയിലാണ് കരമനയാർ. കരമനയാറിലെ ബി.ഒ.ഡി. അളവ് ലിറ്ററിൽ 56 മില്ലിഗ്രാമാണ്. ഓക്സിജൻ കിട്ടാതെ മീനുകൾ ചത്തുപൊങ്ങുന്ന അവസ്ഥയിലാണ് ഈ നദി. ഭാരതപ്പുഴയിൽ ഇത് 6.6 മില്ലീഗ്രാമാണ്. കടമ്പയാർ, കീച്ചേരി, മണിമല, പമ്പ, ഭവാനി നദികളിലും മലിനീകരണത്തോത് ഇത്രത്തോളം വരും. 


ജൈവ -രാസമാലിന്യങ്ങൾ നിറഞ്ഞാണ് കേരളത്തിലെ നദികൾ മലിനമാകുന്നത്. ഭൂരിഭാഗം നദികളിലും കോളിഫോം ബാക്ടീരിയയുടെ അളവു കൂടുതലാണ്. രാസ മാലിന്യം ഏറ്റവും കൂടുതൽ ബാധിക്കുന്നത് പെരിയാറിനെയാണ്. ആലുവ, ഏലൂർ, കളമശ്ശേരി എന്നിവിടങ്ങളിൽനിന്നുള്ള രാസമാലിന്യമാണ് പെരിയാറിന് മരണമണി മുഴക്കുന്നത്. ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും നദികളിലേക്ക് രാസ -ജൈവ മാലിന്യങ്ങൾ ഒഴുക്കുന്നത് തുടരുകയാണ്. 


പുഴകളെ മാലിന്യമുക്തമാക്കുന്ന കർമപദ്ധതി സമർപ്പിച്ച് നടപ്പാക്കിയാൽ പിഴത്തുക തിരിച്ചുകിട്ടുമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ പ്ളാനിങ്ങിന് അപ്പുറത്തേക്ക് നദികളെ തിരിച്ച് പിടിക്കാൻ ഉടൻ സർക്കാർ അരയും തലയും മുറുക്ക് ഇറങ്ങേണ്ടതുണ്ട്. വൈകുന്ന ഓരോ നിമിഷവും നദികളും മുകളിൽ മണ്ണിടുന്നതിന് തുല്യമാകും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment