മലിനീകരണത്തില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ബീജിംഗ് മെച്ചപ്പെട്ടത് എങ്ങിനെ ? 




ലോകത്തെ ഏറ്റവും അധികം മലിനീകരിക്കപെട്ട 20 നഗരങ്ങളില്‍ 15 ഉം ഇന്ത്യയിലാണ് എന്ന യാഥാര്‍ഥ്യത്തോട് കണ്ണടക്കുവാന്‍ ഒരു ഇന്ത്യക്കാരനും കഴിയാതിരിക്കണം. ഒരു കാലത്ത് മലിനീകരണത്തില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ബീജിംഗ് ഏറെ മെച്ചപെട്ട് 122 ആം സ്ഥാനത്ത് എത്തിയപ്പോള്‍, നമ്മുടെ നാട്ടിലെ നഗരങ്ങള്‍ക്ക് പറയുവാനുള്ളത് മറ്റൊരു കഥയാണ്. World Air Quality Report പ്രകാരം ഗുറുഗാന്‍, ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ, ബിവാടി എന്നിവ ആദ്യത്തെ 5 സ്ഥാനങ്ങള്‍ നേടി.ഏറ്റവും മുന്നില്‍ National Capital Region നിലയുറപ്പിച്ചു. 20 ല്‍ അവശേഷിക്കുന്ന 5 ല്‍ മൂന്ന് ഇടങ്ങള്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ പങ്കുവെച്ചു. ബാക്കി വരുന്ന രണ്ടെണ്ണം ആഫ്രിക്കയില്‍ നിന്നുമാണ്.


രാജ്യത്തെ  മരണങ്ങളില്‍ 5 ആം സ്ഥാനം  മലിനീകരണം കൊണ്ടുണ്ടാകുന്ന അസുഖങ്ങളാല്‍ സംഭവിക്കുന്നു. ഏറ്റവും അധികം ആളുകള്‍ ശ്വാസകോശ അസുഖത്താല്‍ മരിക്കുന്ന രാജ്യമാണ് ഇന്ത്യ. മലിനീകരണം കൊണ്ട് ഒരു കാലത്ത് കുപ്രസിദ്ധി നേടിയ ചൈന ഒളിമ്പിക്സ് തയ്യാറെടുപ്പുകള്‍ക്ക് ശേഷം മെച്ച പെട്ട മലിനീകരണ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കി. പ്രതിവര്‍ഷം 4 ലക്ഷം ഗര്‍ഭസ്ഥ ശിശുക്കള്‍ ചൈനയില്‍ മരണപെട്ടിരുന്നു. ബീജിംഗിലെ PM 2.5 (parts per million) അളവുകള്‍ ന്യൂയോര്‍ക്കിന്‍റെ 10 ഇരട്ടിയായിരുന്നു. ചൈനയിലെ അമേരിക്കന്‍ എംബസ്സിയുമായി ബന്ധപെട്ട്നടപ്പില്‍ കൊണ്ടുവന്ന പദ്ധതിയില്‍ പ്രഥമ പരിഗണ കൊടുത്തത് ജനങ്ങളുടെ ബോധവല്‍ക്കരണത്തിനാണ്. 


ലോകത്തിലെ വിവിധ നഗരങ്ങളിലെ അവസ്ഥയും ചൈനീസ്‌ നഗരങ്ങളുടെ അവസ്ഥയും താരതമ്യം ചെയ്യുന്ന നിരന്തരം പഠനങ്ങള്‍, റിപ്പോര്‍ട്ട്‌കള്‍ ജനങ്ങളുടെ ഇടയില്‍ എത്തിക്കുവാന്‍ അവസരം ഉണ്ടാക്കി. Android, IOS (Apple app) Applicationകള്‍ വഴി മൊബൈല്‍ ഫോണുകളിലൂടെ എല്ലാ നിമിഷവും അന്തരീക്ഷ അവസ്ഥകള്‍ അറിയുവാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കി. Air filter, Maskകള്‍ പ്രചരിപ്പിച്ചു. ഒരു വര്‍ഷം വില്‍ക്കാവുന്ന കാറുകളുടെ എണ്ണം നിജപെടുത്തി. വാഹനങ്ങള്‍ euroV നിലവാരത്തില്‍ എത്തിച്ചു. നിലവില്‍ ഉപയോഗിക്കുന്ന സ്വകാര്യ കാറുകളില്‍ പകുതിയും നിരത്തില്‍ നിന്നും (പകുതി ദിവസങ്ങളില്‍) ഒഴിവാക്കുവാന്‍ തീരുമാനിച്ചു.കല്‍ക്കരി ഉപയോഗം പകുതിയായി കുറച്ചു. വന്‍ തോതില്‍  മലിനീകരണം നടത്തുന്ന 450 വ്യവസായ യൂണിറ്റുകള്‍ അടച്ചു പൂട്ടി.നഗരത്തില്‍ 66000 ഹെക്ടര്‍(660km) പ്രദേശത്ത് കാടുകള്‍ ഉണ്ടാക്കുവാന്‍ തീരുമാനിച്ചു. നഗരത്തിന്‍റെ 40% എങ്കിലും 5 വര്‍ഷങ്ങള്‍ക്കകം തണലുകള്‍ കൊണ്ട് നിറയണം എന്നാണ് അവരുടെ തീരുമാനം.


ഇന്ത്യന്‍ നഗരങ്ങളില്‍ വായൂ മലിനീകരണം ദിനം പ്രതി വര്‍ധിച്ചു വരുന്നു.1970 മുതല്‍ കടുത്ത മലിനീകരണം നടക്കുന്ന ഡല്‍ഹി നഗരത്തില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ ഉയരുന്ന പൊടിനിറഞ്ഞ അന്തരീക്ഷം രാജ്യത്തെ മറ്റു നഗരങ്ങളിലും തുടരുന്നു. ഒരു കാലത്ത് പൊടി പടലങ്ങള്‍ മൂടിനിന്ന  ബീജിംഗ്, ഷാങ്ഹായി പോലയുള്ള ചൈനീസ്‌ നഗരങ്ങള്‍ മാതൃകാപരമായി  മലിനീകരണ വിമുക്തമാകുവാന്‍ വിജയിക്കുമ്പോള്‍ നമ്മുടെ രാജ്യത്തെ നഗരങ്ങള്‍ മാലിന്യകൂമ്പാരങ്ങള്‍ പേറുന്ന ഇടങ്ങളായി കുപ്രസിദ്ധി നേടിവരികയാണ്‌.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment