വേനൽ കടുത്തു; 4,000 ഏക്കർ നെൽക്കൃഷി വരൾച്ചാ ഭീഷണിയിൽ




വേനൽ കടുത്തതോടെ മലപ്പുറം ജില്ലയും കടുത്ത വരൾച്ചയിലേക്ക് നീങ്ങുകയാണ്. 36 ഡിഗ്രിയിലധികമാണ് ഇന്നത്തെ ചൂട്. ചൂട് കൂടിയതോടെ പ്രദേശത്തെ കൃഷി നടത്തിപ്പും അവതാളത്തിലേക്ക് നീങ്ങുകയാണ്. പൊന്നാനി കോളിലെ പുഞ്ചക്കൃഷിയിടങ്ങൾ കടുത്ത വരൾച്ചയിലേക്ക് നീങ്ങിത്തുടങ്ങി. നുറടിത്തോട്, ബിയ്യം റഗുലേറ്റർ, നരണിപ്പുഴ എന്നീ ജലസംഭരണ കേന്ദ്രങ്ങൾ വറ്റിത്തുടങ്ങി. 


ജലസംഭരണികൾ വറ്റിയതോടെ പൊന്നാനി കോൾ മേഖലയിൽ മാത്രം ഏകദേശം 4,000 ഏക്കർ നെൽക്കൃഷി വരൾച്ചാ ഭീഷണിയിലാണ്. വേനൽ മഴയിലാണ് ഏക പ്രതീക്ഷയുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ വേനൽ മഴ എപ്പോൾ എത്തുമെന്ന് പറയാനാകില്ല. ഇതോടെ പ്രദേശത്തെ കർഷകർ മുഴുവൻ ആശങ്കയിലാണ്.


വെള്ളം കിട്ടാതെ വന്നതോടെ വടക്കൻ മേഖലയിലെ 350 ഏക്കർ പാടശേഖരം വിണ്ടുകീറിയിട്ടുണ്ട്. ഉൾത്തോടുകളും വറ്റി വരണ്ടു. മുപ്പൻ കോള്, പുഴിക്കോൾ, കീഴിക്കര, വെമ്പുഴ, പട്ടിശ്ശേരി പാടശേഖരങ്ങളിലാണ് കൂടുതൽ വിള്ളൽ വീണത്. നരണിപ്പുഴ–കുമ്മിപ്പാലം, തേരാറ്റ് കായൽ, മടായിക്കോൾ എന്നീ പാടശേഖരങ്ങൾ വരൾച്ചാ ഭീഷണിയിലാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment