മണ്ണിനെയും പ്രകൃതിയെയും മറക്കാത്ത വികസന പ്രവർത്തനത്തിന് പൊന്നാനിക്ക് ഹരിത അവാർഡ്
പൊന്നാനി: മണ്ണിനെയും പ്രകൃതിയെയും മറക്കാതെ നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് പൊന്നാനി നഗരസഭയ്ക്ക് സംസ്ഥാന പുരസ്കാരം. ഹരിതകേരളം മിഷന്‍ സംസ്ഥാന ഹരിത അവാര്‍ഡാണ് പൊന്നാനിക്ക് ലഭിച്ചത്. കൃഷി, ജലസംരക്ഷണം, ശുചിത്വം - മാലിന്യ സംസ്കരണം തുടങ്ങിയ മേഖലയില്‍ നടത്തിയ മാതൃകാ ഇടപെടലുകള്‍ക്കാണ് പുരസ്കാരം. 


സംസ്ഥാനത്തെ 87 നഗരസഭകള്‍ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡിലാണ് പൊന്നാനി ഒന്നാമതെത്തിയത്. ഇന്ത്യയില്‍ ആദ്യമായി ഒരു പ്രാദേശിക ഭരണകൂടം പരിസ്ഥിതി സംരക്ഷകര്‍ക്ക് അവകാശധനം നല്‍കുന്ന ഗ്രീന്‍ റോയല്‍റ്റി പദ്ധതിയും ഹരിതഭവനം പദ്ധതിയുമാണ് നഗരസഭയെ അവാര്‍ഡിന് അര്‍ഹമാക്കിയത്.


കാര്‍ഷികമേഖലയില്‍ പുത്തനുണര്‍വിലാണ് പൊന്നാനി നഗരസഭ. 'പൊന്നാര്യന്‍ കൊയ്യും പൊന്നാനി' പദ്ധതിപ്രകാരം 19 ഏക്കറില്‍നിന്നും 93 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചു. 'പൊന്നരി' എന്ന ബ്രാന്റില്‍ പൊന്നാനിയുടെ ജൈവ അരിയും വിപണിയിലെത്തിച്ചു. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കി നിരവധി തോടുകളും കുളങ്ങളും വീണ്ടെടുത്തു.


പൊതുജനപങ്കാളിത്തം ശുചിത്വ പരിപാടികളില്‍ ഉറപ്പുവരുത്തി. വിദ്യാലയങ്ങളില്‍ സ്റ്റുഡന്റ് എക്കോ പോലീസ് സേന രൂപവത്‌കരിച്ചു. കനോലി കനാല്‍ പരിസരത്ത് സൗജന്യമായി സെപ്റ്റി ടാങ്കുകള്‍ സ്ഥാപിക്കല്‍, യു.എന്‍. പ്രോഗ്രാം ഹരിത തീരം, ഓഡിറ്റോറിയങ്ങളിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍, ഉറവിട മാലിന്യ സംസ്കരണ ഉപാധികള്‍ നല്‍കിയ പദ്ധതി, ശുചിത്വ ഹര്‍ത്താല്‍, പ്രളയ മാലിന്യ സംസ്കരണം, പച്ചത്തുരുത്ത് തുടങ്ങിയവയും ജൂറി പ്രത്യേകം പരാമര്‍ശിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment