പൊന്നാനി - മാറഞ്ചേരി മേഖലയില്‍ ഭൂമാഫിയയുടെ വിളയാട്ടം




പൊന്നാനി: മാറഞ്ചേരി പഞ്ചായത്തിലെ പുറങ്ങ്, പുളിക്കക്കടവ് മേഖലയില്‍ ഭൂമാഫിയയുടെ വിളയാട്ടം. അധികൃതരുടെ കണ്ണുവെട്ടിച്ചും നാട്ടുകാരെ ഭീഷണിപ്പെടുത്തിയുമാണ് ഈ മേഖലയില്‍ ഭൂമാഫിയ അഴിഞ്ഞാടുന്നത്. നിരവധി പരാതികൾ ഉയർന്നിട്ടും ഇവർക്കെതിരെ ഇതുവരെയും അധികൃതർ നടപടി എടുത്തിട്ടില്ല. 


പുറങ്ങ് ബ്ലോസം ഓഡിറ്റോറിയത്തിന് സമീപം, പുളിക്കക്കടവ് മേഖലയില്‍ കോള്‍പാടങ്ങള്‍ വ്യാപകമായി മണ്ണിട്ട് നികത്തുന്നുണ്ട്. പുലര്‍ച്ചെയും വൈകുന്നേരങ്ങളിലുമാണ് തൃത്താല, പട്ടാമ്ബി, വളാഞ്ചേരി എന്നിവിടങ്ങളില്‍നിന്നായി ടിപ്പറുകളില്‍ ചുവന്നമണ്ണ് പാടശേഖരങ്ങള്‍ നികത്തുന്നതിനായി എത്തിക്കുന്നത്.


ബിയ്യം കായലില്‍ തോട്ടിലൂടെ ഉപ്പുവെള്ളം കയറുന്നതിനാല്‍ പുറങ്ങ്, പുളിക്കക്കടവ് മേഖലയില്‍ ഏക്കര്‍കണക്കിന് പാടങ്ങളാണ് തരിശിട്ടുകിടക്കുന്നത്. ഇതിനുപുറമെ ഈ മേഖലയില്‍ കുടിവെള്ളക്ഷാമവും രൂക്ഷമാണ്. കുറഞ്ഞവിലക്ക് ഭൂമാഫിയ തരിശിട്ട പാടങ്ങള്‍ വാങ്ങിക്കുകയും തെങ്ങിന്‍തൈകള്‍ വെക്കുകയും പിന്നീട് മണ്ണിട്ട് നികത്തുകയുമാണ് ചെയ്യുന്നത്.


ഇതിനെതിരേ ശബ്ദമുയര്‍ത്തുന്ന നാട്ടുകാരെ ഭീഷണിപ്പെടുത്തിയും നിയമം കാറ്റില്‍പ്പറത്തിയുമാണ് ഭൂമാഫിയ വിലസുന്നത്. ഭൂമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് അധികൃതര്‍ക്കാവുന്നുമില്ല. പരാതി വ്യാപകമാകുമ്പോൾ മാത്രമാണ് പേരിനെങ്കിലും നടപടി ഉണ്ടാകുന്നത്.


കഴിഞ്ഞദിവസം പാടശേഖരം മണ്ണിട്ട് നികത്താനുള്ള ശ്രമം റവന്യൂ അധികൃതരും പോലീസും തടയുകയും നികത്താന്‍ ഉപയോഗിച്ച മണ്ണുമാന്തിയന്ത്രം പെരുമ്ബടപ്പ് പോലീസ് പിടികൂടുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ പ്രളയകാലത്ത് ഒരുപരിധിവരെ വെള്ളത്തെ തടഞ്ഞുനിര്‍ത്തിയ പാടങ്ങളാണ് ഭൂമാഫിയ നികത്തുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment