പൊന്തൻപുഴയിലെ റീസർവ്വേ മാജിക് ; വനം മാഫിയയെ സഹായിക്കാൻ ഭൂനികുതി രേഖകളിൽ നടത്തിയ കൃത്രിമം പുറത്ത്




പൊന്തൻപുഴ വനം സ്വകാര്യ വ്യക്തികൾക്ക് വിട്ടുകൊടുക്കുന്നതിന് വേണ്ടി റവന്യൂ രേഖകളിൽ വ്യാപകമായ കൃത്രിമം നടത്തിയതായി രേഖകൾ. പെരുമ്പെട്ടി വില്ലേജ് ഓഫീസിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖകൾ പ്രകാരം പൊന്തൻപുഴയിലെ വനഭൂമി പുറമ്പോക്ക് ഭൂമിയായാണ് അടിസ്ഥാന ഭൂരേഖയായ ബി.ടി.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിന് നേരെ വിപരീതമായാണ് താലൂക്ക് ഓഫീസിലെ ബി.ടി ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത് എന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. 1991 ൽ നടത്തിയ റീസർവ്വേക്ക് ശേഷമാണ് പല സർവ്വേ നമ്പരുകളിൽ പെടുത്തി തിരിമറി നടത്തിയിട്ടുള്ളത്. വനത്തിനോട് ചേർന്ന് ജനങ്ങൾ താമസിക്കുന്ന ഭൂമി വനഭൂമിയായും രജിസ്റ്ററിൽ രേഖപെടുത്തിയിരിക്കുന്നു. വനം മാഫിയക്ക് അനുകൂലമായി റവന്യൂ അധികൃതർ നടത്തിയ വമ്പൻ അട്ടിമറിയുടെ രേഖകളാണ് ഇതോടെ പുറത്ത് വന്നിരിക്കുന്നത്.

 

കോട്ടയം പത്തനംതിട്ട ജില്ലകളിലായി മൂന്ന് റിസർവ്വുകളിൽ വ്യാപിച്ച് കിടക്കുന്ന ഏഴായിരം ഏക്കർ വനഭൂമിയാണ് പൊതുവിൽ പൊന്തൻപുഴ വനം എന്നറിയപ്പെടുന്നത്. ഇതിൽ വലിയകാവ്‌ ഡിവിഷനിൽ പെട്ട 1771 ഏക്കർ വനഭൂമിയാണ് പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടുന്നത്. 1991 ൽ നടത്തിയ റീസർവ്വേക്ക് ശേഷം 1343 ഏക്കർ ഉൾപ്പെടുന്ന പെരുമ്പെട്ടി വില്ലേജ് ഓഫീസിലെ രേഖകളിൽ നടത്തിയ കൃത്രിമമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. 283/1 ഒന്ന് എന്ന സർവ്വേ നമ്പറിലായിരുന്നു മൊത്തം വനഭൂമിയും അതിനോട് ചേർന്ന കൃഷിഭൂമിയും കിടന്നിരുന്നത്. റീസർവ്വേയ്ക്ക് ശേഷം ഇതിനെ 34/ 174 മുതൽ 211 വരെ സർവ്വേ നമ്പറുകളായി സബ്‌ഡിവിഷൻ ചെയ്തു. ഇതിൽ 174 മുതൽ 192 വരെയുള്ള ഭൂമി റിസർവ്വ് വനമായും, 194 മുതൽ 211 വരെയുള്ള ഭൂമി സർക്കാർ പുറമ്പോക്ക് എന്നും ബി.ടി.ആറിൽ രേഖപ്പെടുത്തി എന്ന് ഒരു വിവരാവകാശ രേഖ പറയുന്നു. സർവ്വേ നമ്പർ 193/1 ൽ ഉൾപ്പെട്ട 544 ഹെക്ടർ ഭൂമി സർക്കാർ പുറമ്പോക്ക് ആണെന്ന് മറ്റൊരു വിവരാവകാശ രേഖയും പറയുന്നു. 

 

ഇതിൽ 174 മുതൽ 192 വരെയുള്ള ഭൂമി കാലങ്ങളായി ജനവാസമുള്ള കൃഷിഭൂമിയാണ്. 193 ൽ ഉൾപ്പെടുന്ന 1344 ഏക്കറോളം ഭൂമിയാണ് യഥാർത്ഥത്തിൽ വനഭൂമി. അതിന് ശേഷമുള്ളവ കൂടി തട്ടിപ്പ് പിടിക്കപ്പെടാതിരിക്കാൻ പുറമ്പോക്ക് ആയി രേഖപ്പെടുത്തുകയായിരുന്നു എന്ന് വേണം കരുതാൻ. താലൂക്ക് ഓഫീസിലെ രേഖകൾ പ്രകാരം ഈ മുഴുവൻ ഭൂമിയും വനഭൂമിയായി രേഖപ്പെടുത്തിയിരിക്കുന്നു. 1344 ഏക്കർ വരുന്ന വനഭൂമിയെ പുറമ്പോക്കും 100 ഏക്കറോളം മാത്രം വരുന്ന കൈവശക്കാരുടെ ഭൂമിയെ വനഭൂമി എന്നും രേഖപ്പെടുത്തുകയായിരുന്നു. 100 വർഷങ്ങൾക്ക് മുൻപ് തിരുവിതാംകൂർ രാജാവും, 1958 ൽ സർക്കാരും സംരക്ഷിത വനമായി പ്രഖ്യാപിച്ച ഭൂമിയാണ് റീസർവ്വേയിൽ പുറമ്പോക്കായി മാറ്റിയത്.പൊന്തൻപുഴ വനം കൈവശപ്പെടുത്താനുള്ള സ്വകാര്യ ലോബിയുടെ ഗൂഢാലോചനയുടെയും സർക്കാർ ഉദ്യോഗസ്ഥരുടെ അതിലെ പങ്കിന്റെയും വ്യക്തമായ തെളിവാണ് ഈ കൃത്രിമം. 

 

 

 

ഏഴായിരം ഏക്കർ വരുന്ന വനഭൂമിയുടെ അവകാശത്തിന് വേണ്ടി രാജാവിന്റെ കാലത്തെ ചെമ്പു പട്ടയങ്ങളുമായി സ്വകാര്യ വ്യക്തികൾ നീക്കം തുടങ്ങിയിട്ട് കാലങ്ങളായി. അവസാനം ഈ വർഷം ജനുവരിയിൽ കോടതി സ്വകാര്യ വ്യക്തികൾക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഇതോടെ വനത്തിന് സമീപം താമസിക്കുന്ന ജനങ്ങൾ സമരരംഗത്തിറങ്ങി. വനഭൂമി സംരക്ഷിച്ച് കൊണ്ട് നൂറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയം നൽകണമെന്ന ആവശ്യവുമായാണ് പൊന്തൻപുഴ വലിയകാവ്‌ വനം സംരക്ഷണ സമിതി സമരം നടത്തുന്നത്. ഇതിനിടെ പലതവണ വനം കയ്യേറാൻ എത്തിയ മാഫിയ സംഘങ്ങളെ നാട്ടുകാർ തടയുകയും ചെയ്തു. 

 

പൊതുസമൂഹത്തിന് അവകാശപ്പെട്ട വനഭൂമി സ്വകാര്യ മുതലാളിമാർക്ക് തീറെഴുതാൻ വേണ്ടി നടന്ന ഉദ്യോഗസ്ഥ മാഫിയ ഗൂഢാലോചനയുടെ ശക്തമായ തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നത്. രാജാവിന്റെ കാലത്തെ ചെമ്പു നീട്ടുകളുടെ ബലത്തിൽ ഒരു സംരക്ഷിത വനഭൂമി സ്വകാര്യ വ്യക്തികളുടെയും വനം ഖനന മാഫിയകളുടെയും ലാഭക്കൊതിക്ക് വിട്ടു കൊടുക്കാൻ കഴിയില്ല എന്നാണ് പൊന്തൻപുഴയിലെ ജനങ്ങൾ ഉറപ്പിച്ച് പറയുന്നത്. മാഫിയകളെ സഹായിക്കുന്ന ഉദ്യോഗസ്ഥരെയും രേഖകളിൽ വരുത്തിയ കൃത്രിമങ്ങളെയും കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും നിയമനിർമ്മാണം നടത്തി വനഭൂമി സംരക്ഷിച്ച് കൊണ്ട് കൈവശക്കാർക്ക് പട്ടയം അനുവദിക്കണമെന്നുമാണ് സമരസമിതി ആവശ്യപ്പെടുന്നത്. 

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment