പെരുമ്പെട്ടി വില്ലേജിൽ സംയുക്ത സർവേ നടത്താൻ മന്ത്രിതല യോഗത്തിൽ തീരുമാനം; പ്രതീക്ഷയോടെ കർഷകർ




പത്തനംതിട്ട കോട്ടയം ജില്ലാ അതിർത്തിയിലെ പെരുമ്പെട്ടി വില്ലേജിൽ സംയുക്ത സർവേ നടത്താൻ മന്ത്രിതല യോഗത്തിൽ തീരുമാനം. ഈ മാസം 10-ാം തീയതി റെവന്യൂ വനം വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് രണ്ടു വകുപ്പുകളും യോജിച്ചുള്ള സർവേ നിശ്ചയിക്കപ്പെട്ടത്. ജനുവരി 31ന് അകം നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. 


കൈവശകർഷകരുടെ ഭൂമി വനത്തിന്റെ ഭാഗമാണെന്ന നിലപാട് വനംവകുപ്പ് ആവർത്തിച്ചു. എന്നാൽ 
തങ്ങളുടെ ഭൂമി വനപരിധിക്ക് പുറത്താണെന്ന് പൊന്തൻ പുഴ സമരസമിതി പ്രവർത്തകർ വാദിച്ചു. ഈ തർക്കം പരിഹരിക്കുന്നതിനാണ് രണ്ടു വകുപ്പുകളും ചേർന്ന് സർവേ നടത്തുന്നത്‌.1958 ലെ വനം നോട്ടിഫിക്കേഷൻ അനുസരിച്ച് കർഷകരുടെ ഭൂമി വലിയകാവ് വനപ രിധിക്ക് ഉള്ളിലാണോ പുറത്താണോ എന്ന് വ്യക്തമാകും.


ഭക്ഷ്യോല്പാദനത്തിനായി കുത്തകപ്പാട്ടത്തിന് നൽകിയ വനഭൂമിയിലെ പ്രദേശങ്ങൾക്ക്  മുൻ നിശ്ചയപ്രകാരം പട്ടയം അനുവദിക്കുന്നതിനുള്ള ഉത്തരവ് ഉടൻ പുറപ്പെടുവിക്കാനും യോഗത്തിൽ തീരുമാനമായി. പൊന്തൻ പുഴ വളകോടിച്ചതുപ്പ് നെടുമ്പ്രം ചതുപ്പ് ഉൾപ്പെടെ നിരവധി പ്രദേശങ്ങക്ക് ഇത് പ്രയോജനം ചെയ്യും.


റാന്നി എം.എൽ.എ. ശ്രീ.രാജു എബ്രാഹം, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ,  മുഖ്യവനപാലകൻ ബെന്നിച്ച തോമസ് ,അസിസ്റ്റെന്റ് കമ്മീഷണർ സബിൻ സമീദ് ,പത്തനംതിട്ട ഡപ്യൂട്ടി കളക്ടർ അലക്സ് പി. തോമസ് ,പൊന്തൻ പുഴ സമരസമിതി പ്രവർത്തകരായ സന്തോഷ് പെരുമ്പെട്ടി, ജയിംസ് മാത്യു , അഡ്വ. വി. എസ്. മോനുലാൽ എന്നിവരാണ് മന്ത്രിതല യോഗത്തിൽ പങ്കെടുത്തത്.


പൊന്തൻപുഴ വലിയകാവ് വന സംരക്ഷണ പട്ടയ സമരസമിതി കൺവീനർ രാജേഷ് ഡി.നായർ പൊതുതാല്പര്യാർത്ഥം നൽകിയ പരാതിയാണ് കാര്യങ്ങളെ സംയുക്ത സർവേയിൽ എത്തിച്ചത്.
റാന്നി ,മല്ലപ്പള്ളി തഹസിൽദാർമാരും ഹെഡ് സർവെയറന്മാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന ടീമിനെ ഉടൻ രൂപീകരിച്ച് സമയബന്ധിതമായി സർവേ പൂർത്തിയാക്കണമെന്ന പത്തനംതിട്ട ഡപ്യൂട്ടി കളക്ടർ മല്ലപ്പള്ളി തഹസിൽദാർക്കും റാന്നി ഡി.എഫ്. ഓ. ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. 

 
പെരുമ്പെട്ടിയിലെ 500 ൽ പരം കർഷക കുടുംബങ്ങൾ വനപരിധിക്ക് പുറത്താണെന്ന്  സംയുക്തസർവേയിൽ തെളിഞ്ഞാൽ , അവർ ഉടൻ പട്ടയം ലഭിക്കും. സത്യം പുറത്തു വരും എന്ന ശുഭപ്രതീക്ഷയിലാണ് ഗ്രാമവാസികൾ .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment