കലഞ്ഞൂരിനായുള്ള ഈ പോരാട്ടത്തിൽ ഞങ്ങളും ഉണ്ട്




കലഞ്ഞൂർ അതിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായൊരു പോരാട്ടത്തിന്റെ ഘട്ടത്തിലാണ്. അദാനി തുരന്നെടുക്കാൻ പോകുന്ന സ്വന്തം നാടിനെ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ് ഈ മണ്ണിലെ ഓരോ മനുഷ്യരും. ക്വാറികളും ഖനനങ്ങളും തങ്ങളുടെ മണ്ണിൽ നിന്ന് അകറ്റി നിർത്താനുള്ള ഇവിടുത്തെ മനുഷ്യരുടെ ശ്രമങ്ങൾക്ക് ഐക്യദാർഢ്യവുമായി എത്തിയിരിക്കുകയാണ് എലിക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി വികാരി ഫാ. ജിത്തു തോമസും കലഞ്ഞൂർ പ്ലാസ്ഥാനത്തു മഠം  ബ്രഹ്മശ്രീ ജിതേഷ് രാമരു പോറ്റിയും.
 

ഫാ. ജിത്തു തോമസിന്റെ സന്ദേശം


മൂന്നു വർഷങ്ങൾക് മുൻപ് ഓഗസ്റ്റ് മാസത്തിന്റെ ആദ്യ ശനിയാഴ്ചയാണ് ആദ്യമായി എലിക്കോട് എന്ന സ്ഥലത്ത് ആദ്യമായി ഞാൻ എത്തുന്നത്. കോന്നിയിൽ നിന്നും എലിക്കോടിലേക് അടുക്കുംതോറും കാലാവസ്ഥ മാറി വന്നു. ഒരു ഹൈറേഞ്ച് ഹിൽടോപ് ടൂറിസ്റ്റ് കേന്ദ്രത്തോട് അടുക്കും പോലെ ഒരു അനുഭവം. എലിക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളിയുടെ വികാരിയായി ചുമതല ഏറ്റെടുക്കുവാനുള്ള ആ ആദ്യ യാത്രയിൽ തന്നെ നീണ്ടു നിവർന്നു കിടക്കുന്ന പറ എന്നെ ആകർഷിച്ചിരുന്നു. അധികം വൈകും മുൻപ് പാറയുടെ മുകളിൽ കയറി പറ്റി. പച്ചവിരിച്ച നാട്ടിൻപുറത്തിന്റെ നടുവിൽ ഒരു വലിയ ആന പുറത്ത് നില്കുന്ന പ്രതീതിയിൽ ആ  ദൃശ്യം ആദ്യമായി ആസ്വദിക്കുമ്പോൾ തന്നെ  അകലെനിന്നല്ലാതെ ഒരു ഇരമ്പൽ കേട്ടു. കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു, " പാറ പൊട്ടിക്കുന്ന യാത്രസാമഗ്രികളുടെ ശബ്ദമാണ്. നാം നിൽക്കുന്ന ഈ പാറയുടെ മറുവശം പൊള്ളയാണ്. പാറയുടെ പാതി പാറമട ആയി മാറിയിരിക്കുന്നു".

 

മല ഇറങ്ങിയപ്പോൾ, കുറെ കാലമായി അവിടേം വിഴുങ്ങുന്ന പാറമടകളുടെ ആർത്തി ബോധ്യപ്പെട്ടു. നിഷ്കളങ്കരായ ഗ്രാമവാസികളെ നിഷ്കരുണം വിഡ്ഡികൾ ആക്കികൊണ്ട് പല വിധത്തിൽ അവരിൽ പലരെയും നിശ്ശബ്ദരാക്കികൊണ്ട് പാറമട അവിടെ വളരുകയാണ്. അധ്വാനിച്ചു ജീവിതം പുലർത്തുന്ന ഈ നാട്ടുകാർക്ക്, പാറമട അവരുടെ ജീവിതത്തെയും ഭാവിയെയും വിഴുങ്ങുന്നത് തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. 
ശാന്തമായ ഈ പാറയുടെ പുറത്ത് പത്തനാപുരം താബോർ ദയറായിൽ തപോധനരായ സന്യസ്ത വൈദീകർ ധ്യാനത്തിനും തപസ്സിനും കയറി പോയിരുന്നു. സന്ധ്യ നേരത്ത് പണികഴിഞ്ഞ് നാട്ടുകാർ ഈ പാറപ്പുറത്തു ഒന്നിച്ചു കൂടിയിരുന്നു സൊറ പറയുന്നു. ഈ പാറ കെട്ടുകളുടെ വിടവുകളിൽ ഉള്ള പുൽതകിടിയിൽ കന്നുകാലികൾ മേയുന്നു. പൂത്തുലയുന്ന വാകയും പൂമരവും നയനാഭകരമായ കാഴ്ചയാണ്. ഇതൊരു സാമൂഹിക സാംസ്‌കാരിക ഇടമാണ്. 


പാറഖനനത്തിന്റെ ഇരമ്പൽ ഇനിയും വർധിപ്പിക്കുമെന്ന് ജില്ല ഭരണകൂടവും സർക്കാരും ഭീഷണിപ്പെടുത്തിയിരിക്കുന്നു. 
ശേഷിക്കുന്ന പാറയും പൊട്ടിക്കുവാൻ എല്ലാ അനുമതിയും ഉത്തരവും പുറപ്പെടുവിച്ചുകഴിഞ്ഞു. 


ഇത് അനീതിയാണ്, അതിക്രമമാണ്. ഞങ്ങൾക്ക് ഈ അനീതി നോക്കി നിൽക്കാനാവില്ല. സമരസമിതി രൂപീകരിച്ചുകൊണ്ട് നാട്ടുകാർ മുന്നിട്ടു ഇറങ്ങുമ്പോൾ, എലിക്കോട് പള്ളിയുടെ പൊതുയോഗം, സമരസമിതി മീറ്റിംഗ്കൾക്കുവേണ്ടി ഓഡിറ്റോറിയം തുറന്നു കൊടുക്കുന്നു. ഞങ്ങളെ വികസനവിരോധികൾ എന്ന് മുദ്രകുത്തേണ്ടതില്ല. ഞങ്ങൾ വികസനത്തിന്‌ എതിരല്ല. എന്നാൽ അനധികൃതവും നിയമവിരുദ്ധവും ആണ് ഇവിടെയുള്ള ഖനനം.  ജീവിക്കാനുള്ള അടിസ്ഥാന അവകാശ സമരത്തിലാണ് എലിക്കോടിലെ ജനത. നോട്ടുകെട്ട് വായിൽ തിരുകി ഇനിയും ഇവരെ നിശ്ശബ്ദരാക്കാൻ പറ്റുമെന്നു തോന്നുന്നില്ല. അവരോടു ചേർന്ന് നിന്നുകൊണ്ട് ഈ സമരത്തിൽ ഞാനും ഉണ്ട്. ഈ നാടിനെ സംരക്ഷിക്കുവാനുള്ള സഹന സമരത്തിൽ  മനുഷ്യസ്നേഹികളായ എല്ലാവരോടും പിന്തുണ അഭ്യർത്ഥിക്കുന്നു. 


ഫാ. ജിത്തു തോമസ് 
വികാരി 
എലിക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി


ബ്രഹ്മശ്രീ ജിതേഷ് രാമരു പോറ്റിയുടെ സന്ദേശം


പ്രകൃതിചൂഷണം പൈതൃകചൂഷണമാണ്. പ്രകൃതിയിലെ സകലചരാചരങ്ങളിലും കുടികൊള്ളുന്ന ആത്മസ്വരൂപം തന്നെയാണ് ദൈവബോധമെന്നതാണ് സനാതനധർമ്മ സംസ്കൃതി. ഗംഗ ആരതിയും, വൃക്ഷപൂജയും, മലയ്ക്കുവെക്കലും ഒക്കെ ഉൾക്കൊള്ളുന്ന  ആരാധനാ പൈതൃകം അതിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ മലയിടിച്ചും മരംമുറിച്ചും ഈ മഹത്തായ മൂല്യങ്ങളെ ഒക്കെ ഉന്മൂലനം ചെയ്യണമെന്ന ചിന്തകൾ തന്നെ നമ്മുടെ വിശ്വാസാചാരങ്ങളെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയുണർത്തുന്നു.  ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് ഉള്ളു തുറന്ന് പ്രാർത്ഥിക്കാനും ആശംസിക്കാനും ആഹ്വാനം ചെയ്യുന്ന ഒരു വിശ്വമാനവിക സംസ്കാരത്തിന്റെ ഭാഗമായ ഒരാൾക്കും യാതൊരുവിധ പ്രകൃതിചൂഷണത്തിലും കൂട്ടുനിൽക്കുവാനോ കുടപിടിക്കുവാനോ സാധിക്കില്ല.


നാം അധിവസിക്കുന്ന ഈ കലഞ്ഞൂർ പഞ്ചായത്തിൽ ഇനിയൊരു പാറമട പുതിയതായി വരാതിരിക്കാനുള്ള നാടിന്റെ കൂട്ടായ പോരാട്ടത്തിന് എല്ലാവിധമായ ഐക്യദാർഢ്യവും, പ്രാർത്ഥനകളും നേരുന്നു. ജഗദീശ്വരൻ നന്മക്കുവേണ്ടിയുള്ള ഇത്തരം എല്ലാ നല്ല ചുവടുവെപ്പുകളെയും അനുഗ്രഹിക്കട്ടെ.


ബ്രഹ്മശ്രീ ജിതേഷ് രാമരു പോറ്റി
( പ്ലാസ്ഥാനത്തു മഠം, കലഞ്ഞൂർ)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment