ആമസോണ്‍ കാടുകളുടെ ഘാതകനെതിരെ ഗോ ബാക്ക് വിളികൾ




ന്യൂഡല്‍ഹി: രാജ്യം റിപ്പബ്ലിക് ദിനമാഘോഷിക്കുമ്പോള്‍ ഇന്ത്യയുടെ അതിഥിയായി എത്തിയ ബ്രിസീലിയന്‍ പ്രസിഡന്റ് ബോള്‍സൊനാരോയ്ക്ക് നേരെ ഗോ ബാക്ക് വിളികളാണ് രാജ്യത്തും  സോഷ്യല്‍മീഡിയയിലും മുഴങ്ങുന്നത്. ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു അതിഥി ഇത്രയും രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നത്.


ആമസോണിന്റെ ഘാതകനെന്നാണ് സോഷ്യല്‍മീഡിയ ബോള്‍സൊനാരോയെ വിശേഷിപ്പിച്ചത്. ലോകത്തിന്റെ തന്നെ ശ്വാസകോശമെന്ന് വിളിക്കുന്ന ആമസോണ്‍ കാടുകള്‍ കത്തിയിമര്‍ന്നപ്പോള്‍ എടുത്ത നിലപാടുകളും സ്ത്രികള്‍ക്കെതിരെ പലപ്പോഴും വിദ്വേഷജനകമായ പ്രസ്ഥാവനകള്‍ നടത്തിയതുമാണ് ബോള്‍സൊനാരോയ്‌ക്കെതിരെ ഇത്രയും രൂക്ഷമായ പ്രതിഷേധം ഉയരാന്‍ കാരണം.

 


ബോള്‍സൊനാരോയ്‌ക്കെതിരെ ഉയര്‍ന്ന ഗോബാക്ക് വിളികളാണ് സമൂഹമാധ്യമമായ ട്വിറ്ററിലെ പ്രധാനപ്പെട്ട അഞ്ച് ട്രന്റിങ്ങുകളില്‍ ഒന്ന്. നിരവധി പേരാണ് പോസ്റ്ററുകളുമുയര്‍ത്തി ബോള്‍സൊനാരോയ്‌ക്കെതിരെ പ്രതിഷേധിച്ചത്. 

 


ആമസോൺ കാടുകൾ കത്തിയമർന്നപ്പോൾ, ജി7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ഫ്രാന്‍സ് തീയണക്കുന്നതിന് വാഗ്ദാനം ചെയ്ത 22 ദശലക്ഷം ഡോളര്‍ സഹായമാണ് ബ്രസീല്‍ പ്രസിഡന്റ് തള്ളിയത്. ആമസോണ്‍ കാട്ടുതീ നിയന്ത്രണ വിധേയമാണെന്നും ബ്രസീലിനെ കോളനിയെ പോലെയാണ് ഫ്രാന്‍സ് കാണുന്നതെന്നും പ്രസിഡന്റ് പറയുകയും ചെയ്തു.

 


ലോകരാഷ്ട്രീയത്തി അമേരിക്കന്‍ പ്രസിഡന്റ്‌ ട്രംപിനെപ്പോലെ വിവാദനായകനാണ്‌ ബോള്‍സനാരോയും. കുടിയേറ്റവിരുദ്ധത, ന്യൂനപക്ഷങ്ങളോടും സ്‌ത്രീകളോടുമുള്ള പുച്ഛം, പരിസ്ഥിതി സംരക്ഷണത്തോടുള്ള വെറുപ്പ്‌, ആദിവാസികളെയും കറുത്ത വര്‍ഗക്കാരെയും പൗരന്മാരായി പോലും അംഗീകരിക്കാനുള്ള വിമുഖത, ജുഡീഷ്യറിയും മാധ്യമങ്ങളും ചൊല്‍പ്പടിക്ക്‌ നില്‍ക്കണമെന്ന അടങ്ങാത്ത വാശി എന്നിവയാണ്‌ ബോള്‍സനാരോയുടെ മുഖമുദ്ര. വിമര്‍ശകര്‍ക്ക് അദ്ദേഹം കുടിലബുദ്ധിയായ ഒരു സ്വേച്ഛാധിപതിയാണ്. പരിസ്ഥിതിപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിളിക്കുന്നത്, 'ആമസോണിന്റെ കശാപ്പുകാരന്‍' എന്നാണ്.

 


ഇന്ത്യ 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടയ്ക്കാണ് സംഭവം. ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തിന് പങ്കെടുക്കാനെത്തുന്ന മൂന്നാമത്തെ ബ്രസീല്‍ പ്രസിഡന്റാണ് ജൈര്‍ ബോള്‍സൊനാരോ. എന്നാല്‍ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന ചരിത്രത്തില്‍ ഇത്രയും രൂക്ഷമായി വിമര്‍ശിക്കപ്പെട്ട മറ്റൊരു അതിഥി ഇല്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment