ദുരിതം പേറുന്ന ജനങ്ങളെ കേൾക്കാത്ത ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധം




ക്വാറികളിലെ തീരാ ദുരിതം പേറുന്ന ജനങ്ങളെ കേൾക്കാത്ത 
അദാനിയെയും ക്വാറി മാഫിയകളെയും സഹായിക്കുന്ന
ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് ഡിസംബർ 31 രാവിലെ 10 മണിക്ക് ഹൈക്കോടതി ജംഗ്‌ഷനിൽ സത്യാഗ്രഹം സംഘടിപ്പിക്കുന്നു. എൻജിറ്റി ഉത്തരവ്  നടപ്പിലാക്കുക എന്ന ആവശ്യമുന്നയിച്ചാണ് സമരമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിക്ക് വേണ്ടി എസ്.ബാബുജി അറിയിച്ചു.


ക്വാറികൾ അടക്കമുള്ള ഖനനത്തിന് വീടുകളിൽ നിന്ന്  ദൂരപരിധി 200 മീറ്റർ ആയി ഉയർത്തിയ നാഷണൽ ഗ്രീൻ ട്രിബ്യൂണൽ വിധി വന്ന് 5 മാസത്തിന് ശേഷം ആ വിധിയിലെ താത്ക്കാലിക സ്റ്റേ ഉത്തരവ് നിലനിർത്തി കേരളാ ഹൈക്കോടതി സിങ്കിൾ ബഞ്ച് ഉത്തരവായിരിക്കുകയാണ്. നിലവിൽ പ്രവർത്തിക്കുന്ന ക്വാറികൾക്ക് 50 മീറ്റർ തന്നെ നിലനിർത്തണമെന്ന് കാണിച് കേരളത്തിലെ 30 ക്വാറി ഉടമകളും ഗൗതം അദാനിയുടെ കോർപ്പറേറ്റ് സ്ഥാപനവും ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഹർജിയിൽ കേരള സർക്കാർ കൂടി കക്ഷിചേർന്ന് നടത്തിയ ജന വിരുദ്ധവും പരിസ്ഥിതി വിനാശകരവുമായ അവിശുദ്ധ ഏർപ്പാടിന്റെ ഉൽപന്നമാണ് ഈ വിധിയെന്ന് എസ്.ബാബുജി പറഞ്ഞു. 


നിയമ വിധേയമായി പ്രവർത്തിക്കുന്ന 720 ക്വാറികൾ ഒഴികെ 6000 ന് മേൽ വരുന്ന അനധികൃത ക്വാറികൾ സൃഷ്ടിക്കുന്ന പരിസ്ഥിതി വിനാശവും ജനദ്രോഹവും എടുത്ത് പറഞ്ഞ് അവയുടെ മേൽ ശക്തമായ നിയന്ത്രണം ആവശ്യപ്പെട്ട നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ 18, 19 റിപ്പോർട്ടുകൾ അവഗണിച്ചാണ് വികസനത്തിന്റെ പാഴ് വാക്ക് ആവർത്തിച്ച് ക്വാറി , കുത്തക മാഫിയകൾക്ക് വേണ്ടി നികുതിപ്പണം ചെലവിട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിലെത്തിയത് . കേരളത്തിൽ കെ എം എം സി റൂൾ 2015 ലൂടെ ക്വാറികളുടെ ദൂരം 50 മീറ്റർ എന്ന് നിയമാക്കിയത് തികച്ചും അപര്യാപ്തമെന്ന് കാണിച്ച് കേന്ദ്ര പൊല്യൂഷൻ കൺട്രോൾ ബോർഡ് നൽകിയ റിപ്പോർട്ടിൻ മേലാണ്   ട്റിബ്യൂണൽ വിധി. അത് നടപ്പിലാക്കാൻ സംസ്ഥാന പി സി ബി ക്ക് ബാധ്യതയുമുണ്ട്, സംസ്ഥാന സർക്കാരിനും. 


എന്നാൽ ക്വാറി ഉടമകളെയും സർക്കാരിനെയും ട്രിബ്യൂണൽ കേട്ടില്ല എന്നാണ് അവർ കോടതിയിൽ വാദിച്ചത്. പാറകൾ ഇടിഞ്ഞുവീണും വീടുകൾ വിണ്ടുകീറിയും കുടി വെള്ളം പോലും മുട്ടിയും തീർത്തും രോഗികളുമായി മാറിയ ആയിരക്കണക്കിന് ജനങ്ങളെ ഇവിടെ സർക്കാർ പരിഗണിച്ചില്ല, കോടതി അവരെ കേട്ടതുമില്ല. 


നാഷണൽ ഗ്രീൻ ട്രിബ്യൂണൽ വിധിയിൽ അപ്പീൽ കേൾക്കുന്നത് സിങ്കിൾ ബെഞ്ചിന്റെ  അധികാര പരിധിയിൽ വരേണ്ടതില്ല എന്നിരിക്കെ ആഗസ്റ്റിൽ സ്റ്റേ നൽകി 5 മാസക്കാലം അതിൻമേൽ മൗനം പാലിച്ച ശേഷം ഇപ്പോൾ  സ്റ്റേ നിലനിർത്തിയും ക്വാറി ഉടമകളെ കേൾക്കാൻ വീണ്ടും കേസ് എൻജിടി ക്ക് വിട്ടതും തികച്ചും ദുരപദിഷ്ടമാണ്,  ഒരു പടി കൂടി കടന്ന് പുതിയ ക്വാറികളുടെ അനുമതിക്കു പോലും 200 മീറ്റർ പരിധി കോടതി നിഷ്കർഷിക്കുന്നില്ല എന്നത്  ജനങ്ങളോടുള്ള അവഗണനയും സാമാന്യ നീതിയുടെ നിഷേധവുമാണ് എന്നത് വ്യക്തമാകുന്നു.


കഴിഞ്ഞ 5 മാസം കൊണ്ട് ഏകദേശം 6000 ക്വാറികൾ പാറ പൊട്ടിച്ച് വിറ്റത് 20000 കോടിയിലേറെ തുകക്കെന്ന് കണക്കാക്കുമ്പോൾ   ഇത്രയും മാരകമായി പാറ പൊട്ടിച്ചു വിറ്റതിന്റെ ഫലമായി സംഭവിച്ച പാരിസ്ഥിതിക തകർച്ചയുടെയും ജനജീവിതം ദുരിതമയമാക്കിയതിന്റെയും വില എത്രയോ മടങ്ങാണെന്ന് കൂടി കാണാൻ പരിണിത പ്രജ്ഞനായ ഒരു ന്യായാധിപനോ, ജനഹിതം ഉയർത്തിപ്പിടിക്കുന്നു എന്ന് സ്വയം വീമ്പ് പറയുന്ന ഭരണകൂടത്തിനോ കഴിയുന്നില്ല എന്നിടത്താണ് ജനങ്ങളുടെ  പ്രതിഷേധം ശക്തമാകുന്നത്. പശ്ചിമഘട്ടത്തിന്റെ തകർച്ചയുടെ പരിണിതി എത്ര മാരകമാണെന്ന് യുനസ്കോയുടെ എക്സ്പർട്ട് പാനൽ അടക്കം പരിതപിക്കുന്ന റിപ്പോട്ട് ലോകം  വായിക്കുമ്പോഴാണ് വേലി തന്നെ വിള തിന്നുന്നത് നമുക്ക് അനുഭവമാകുന്നത്.
ഈ വിധിക്കെതിരെ ഏതറ്റം വരെയും നിയമയുദ്ധം  ചെയ്യാനും ശക്തമായ ജനകീയ സമരങ്ങൾക്കും കേരളം സജ്ജമാകണം.
ഇതിന് എല്ലാ രാഷ്ട്രീയ ബഹുജന പരിസ്ഥിതി മനുഷ്യാവകാശ സംഘടനകളും ഒന്നിക്കുന്ന ശക്തമായ ജനകീയ സമരത്തിന് കഴിയണമെന്നും എസ്.ബാബുജി വ്യക്തമാക്കി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment