കുളത്തുമണ്ണിൽ ആരംഭിക്കുന്ന വൻകിട ക്രഷർ യൂണിറ്റിനെതിരെ നാട്ടുകാരുടെ പ്രക്ഷോഭം
കോന്നി നിയോജക മണ്ഡലത്തിലെ (അരുവാപ്പുലം പഞ്ചായത്ത്) കുളത്തു മണ്ണിൽ വന മേഖലയോട് ചേര്‍ന്ന്, പുതിയ ക്രഷര്‍ യൂണിറ്റ് സ്ഥാപിക്കുവാനുള്ള നടപടികൾക്കെതിരെ കഴിഞ്ഞ ഞായറാഴ്ച നാട്ടുകാർ നടത്തിയ വമ്പൻ പ്രതിഷേധ പരിപാടി കോന്നി എംഎൽഎ  ജനീഷ് കുമാർ ഉത്ഘാടനം നിർവ്വഹിച്ചു. തന്റെ നിയമസഭാ മണ്ഡലത്തിൽ ഒരിടത്തും പുതിയ ക്വാറികൾ  തുടങ്ങുവാൻ അനുവദിക്കുകയില്ല എന്ന് അദ്ദേഹം ഉറപ്പു നൽകിയ വേദിയിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്ണപിള്ള, മുൻ  കോൺഗ്രസ്സ് പത്തനംതിട്ട ജില്ലാ അധ്യക്ഷൻ മോഹൻ രാജ്, ബിജെപി ജില്ലാ അധ്യക്ഷൻ ഷാജി, സിപിഐ നേതാവ് സത്യനന്ദ പണിക്കർ, പരിസ്ഥിതി പ്രവർത്തകർ CR. നീലകണ്ഠൻ, മലയാലപ്പുഴ റജി, ഇ പി അനിൽ  തുടങ്ങിയവർ പങ്കെടുത്തു. 


1978ൽ ഉരുൾപൊട്ടൽ ഉണ്ടായി മരണങ്ങൾ സംഭവിച്ച പ്രദേശത്ത് വീണ്ടും ക്രഷർ യൂണിറ്റു വരുന്നത് പ്രദേശത്തെ സ്വൈര്യ ജീവിതത്തെ പ്രതികൂലമാക്കും. നിലവിൽ പഞ്ചായത്തിന്റെ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന 5 ഖനന യൂണിറ്റുകൾ ജലക്ഷാമം രൂക്ഷമാക്കിക്കഴിഞ്ഞു. പുതിയ ഖനനം താമരപ്പള്ളി റബര്‍ എസ്റ്റേറ്റിൽ തുടങ്ങുവാൻ ശ്രമിക്കുന്നത് കസ്തൂരി രംഗൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള അരുവാപ്പുലം പഞ്ചായത്തിലെ 450 ച.കിമീറ്റർ പ്രദേശത്തിനുള്ളിൽ ആണ്. അച്ചൻകോവിൽ വനത്തിന്റെ തുടർച്ചയായ കല്ലേലി വനമേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രധാന്യത്തെ കണ്ടില്ല എന്നു നടിക്കുവാൻ കളക്ടർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥർ ശ്രമിക്കുമ്പോൾ, അതിനെ എതിർത്തു തോൽപ്പിക്കുവാൻ  ഒറ്റകെട്ടായിരിക്കും ഞങ്ങൾ എന്ന നാട്ടുകാരുടെ പ്രഖ്യാപനം ശ്രദ്ധേയമായി. 

 


ഖനനം തുടങ്ങുവാൻ ശ്രമിക്കുന്നവർ നാട്ടുകാരെ കള്ളക്കേസില്‍ കുടുക്കി നിശബ്ദരാക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. അരുവാപ്പുലം പഞ്ചായത്തിനൊടു ചേർന്നു കിടക്കുന്ന കലഞ്ഞൂർ പഞ്ചായത്തിന്റെ കിഴക്കൻ അതൃത്തിയിൽ കാൽ നൂറ്റാണ്ടായി തുടരുന്ന ഖനനം, നാട്ടിലുണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. കൃഷിയാവശ്യത്തിനു മാത്രമായി സർക്കാർ അനുവദിച്ച ഭൂമി സ്വന്തമാക്കി, എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ചു നടത്തുന്ന ഖനനവും ക്രഷർ യൂണിറ്റുകളും ഇടതടവില്ലാതെ പ്രവർത്തിച്ചു വരികയാണ്. വിഴിഞ്ഞം പദ്ധതിക്കായി കൂടുതൽ പാറ ഖനനം നടത്തുവാൻ പഞ്ചായത്തുകളെ നോക്കു കുത്തികളാക്കി സർക്കാർ എടുക്കുന്ന  തീരുമാനത്തിനെതിരായ പ്രതിഷേധ കൂട്ടായ്മയിൽ എംഎൽഎ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കാൾ പങ്കെടുത്തു എന്നത് കോന്നി നിയോജക മണ്ഡലത്തിലെ ക്വാറി വിരുധ സമരങ്ങൾക്കു പുതുജീവൻ നൽകും എന്നു പരിസ്ഥിതി പ്രവർത്തകർ പ്രതീക്ഷിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment