പരിസ്ഥിതി കേരളം മുട്ടുമടക്കില്ല; ദേശീയപാത ബൈപാസിനെതിരെ കീഴാറ്റൂരിൽ ജനങ്ങൾ വീണ്ടും ഒന്നിക്കുന്നു




ദേശീയപാത ബൈപാസ് കീഴാറ്റൂർ വയൽ നികത്തി തന്നെ കടന്നുപോകുമെന്ന സർക്കാർ തീരുമാനത്തിനെതിരെയും അതിന് കേന്ദ്ര സർക്കാർ നൽകുന്ന സമ്മതത്തിന്റെയും പശ്ചാത്തലത്തിൽ ജനങ്ങൾ വീണ്ടും സമരത്തിനൊരുങ്ങുകയാണ്. കീഴാറ്റൂർ സമര ഐക്യദാർഢ്യ സമിതിയും വയൽകിളികളും പരിസ്ഥിതി കേരളത്തെ വീണ്ടും ഡിസംബർ 30 ന് കീഴാറ്റൂരിലേക്ക് ക്ഷണിക്കുന്നു. ഉച്ചക്ക് 2 മണിയോട് കൂടി തളിപ്പറമ്പിൽ നിന്നും കീഴാറ്റൂരിലേക്ക് വയൽ പിടിച്ചെടുക്കൽ മാർച്ചും സംഘടിപ്പിക്കുന്നുണ്ട്.

നാട്ടുകാരും പരിസരവാസികളുമായ ജനങ്ങൾ ഒന്നടങ്കം എതിരായിട്ടും പദ്ധതി തുടങ്ങാനുള്ള നടപടികളുമായി ഭരണകൂടം മുന്നോട്ട് പോവുകയാണ്. ഇവിടം പദ്ധതി സ്ഥാപിക്കണമെങ്കിൽ ഈ സ്ഥലം മുഴുവൻ 45 മീറ്റർ വീതിയിൽ മണ്ണിട്ടുനികത്തേണ്ടതുണ്ട്. നിലവിൽ ബാക്കിയുള്ള പശ്ചിമഘട്ടമലനിരകളെയോ ഇടനാടൻ ചെങ്കൽക്കുന്നുകളെയോ തുരന്നല്ലാതെ ഇത്രയുമേറെ അളവിൽ മണ്ണ് ഒരിക്കലും കിട്ടാൻ പോകുന്നുമില്ല. വയൽനികത്തലിലും കുന്നിടിക്കലിലും തണ്ണീർത്തടങ്ങൾ നികത്തുന്നതിലുമൂന്നിയിട്ടുള്ള ‘വികസനക്കുതിപ്പ്’ എന്തുമാത്രം ആപത്കരമാണെന്നത് തെളിയിച്ച് ഒരു മഹാപ്രളയം ഇപ്പോൾ കഴിഞ്ഞുപോയതേയുള്ളൂ. 

ആ പ്രളയം ഇല്ലാതാക്കിയ കേരളത്തെ പുനർനിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതുവരെ എവിടെയുമെത്തിയിട്ടില്ല. എന്നാൽ ഇത്തരത്തിലുള്ള പാഠങ്ങളെ മുഴുവൻ അപ്രസക്തമാക്കിക്കൊണ്ടാണ് നമ്മുടെ വികസനത്വര മുന്നേറിക്കൊണ്ടിരിക്കുന്നതെങ്കിലും, പ്രകൃതിദുരന്തങ്ങൾക്ക് ഭാവിയിൽ ഇരകളാകേണ്ടിവന്നേക്കാവുന്ന സാധാരണമനുഷ്യർ പാഠങ്ങൾ നന്നായി തന്നെയാണ് പഠിച്ചിരിക്കുന്നത്.

രണ്ട് വർഷമായി കീഴാറ്റൂരിലെ കർഷകർ സമരത്തിലാണ്. സമരത്തെ പൊളിക്കാനുള്ള വിവിധ ഗൂഢ പദ്ധതികൾ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടും പതറാതെ പോരാടുകയാണ് അവർ. ഒരു തലമുറയുടെ മാത്രമല്ല വരും കാല തലമുറയ്ക്ക് വരെ ഭീഷണിയാകുന്ന തരത്തിലുള്ള  ഇത്തരം നിര്മാണങ്ങൾക്ക് തടയിടേണ്ടതുണ്ട്. ലോകം മുഴുവൻ കൃഷിഭൂമി തിരിച്ച് പിടിക്കുകയും കൃത്രിമമായി നിര്മിച്ചെടുക്കുകയും ചെയ്യുന്ന കാലത്തിലാണ് നാം പ്രകൃതി സമ്മാനിച്ച ഇത്തരം ഭൂമികൾ വികല വികസനത്തിന്റെ പേരിൽ ഇല്ലാതാക്കി കളയുന്നത് എന്നത് ഖേദകരം തന്നെയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment