ജനലക്ഷങ്ങളെ കുടിയിറക്കുന്ന ചുങ്കപ്പാതക്കെതിരെ സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്




ബി ഒ ടി ചുങ്കപ്പാതക്കായുള്ള ഭൂമി പിടിച്ചെടുക്കലും വിജ്ഞാപനവും റദ്ധ്യക് ചെയ്യണമെന്നാവശ്യപ്പെട്ട് എൻ എച്ച് 17 - 47 സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കും. 30 മീറ്ററിൽ ടോൾ രഹിത 6 വരിപ്പാത നിർമിച്ച് പ്രളയാനന്തര നവകേരള വികസനം ജനകീയമാക്കണം എന്ന ആവശ്യവും സമര സമിതി മുന്നോട്ട് വെക്കുന്നുണ്ട്. മേധാ പട്കർ, വി എം സുധീരൻ, എസ് പി ഉദയകുമാർ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ പത്ത് മണിക്കാണ് മാർച്ച്.

സംസ്ഥാനത്ത് ഇത്രമാത്രം ജനകീയ പ്രതിഷേധം നേരിടേണ്ടിവരുന്ന മറ്റൊരുവികസന പദ്ധതിയില്ല. ഇത്രയധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന പദ്ധതിയും ഇല്ല. പൊതുനിരത്തുകൾ സ്വകാര്യ വത്കരിച്ച് കുത്തക മുതലാളിമാർക്ക് തീറെഴുതികൊടുക്കാനുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. 30 മീറ്ററിൽ 6 വരിപ്പാത യാഥാർഥ്യമാണെന്നിരിക്കെ സർക്കാർ 45 മീറ്ററിനായി വാശിപിടിക്കുന്നത് ചുങ്കം പിരിക്കുന്ന റോഡുകളാക്കി സ്വകാര്യ കമ്പനികളുടെയും വ്യക്തികളുടെയും താല്പര്യം സംരക്ഷിക്കാനാണ്. ഇതിനായി ജനങ്ങളെ ബലപ്രയോഗത്തിലൂടെ കുടിയിറക്കുകയാണ്.

ഭൂമി, വീട്, വ്യാപാരം, തൊഴിൽ എന്നിവ നഷ്ടപ്പെടുന്നവർക്ക് മികച്ച വിലയും മുൻ‌കൂർ പുനരധിവാസവും നൽകുക, അശാസ്ത്രീയ അലൈന്മെന്റുകളും ബൈപ്പാസുകളും റദ്ദാക്കുക എന്നീ ആവശ്യങ്ങളും സമര സമിതി മുന്നോട്ട് വെച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നത്. പിടിവാശിയും പോലീസ് നടപടികളുമല്ല വേണ്ടത് ചർച്ചയും സമവായവുമാണ് വേണ്ടതെന്നും സമര സമിതി പറയുന്നു. 

അതേസമയം, തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 45 മീറ്റർ വീതിയിൽ 650 km ദൂരത്തോളം വൃക്ഷങ്ങളും വീടുകളും കെട്ടിടങ്ങളും ദേശീയപാതക്കായി നശിപ്പിക്കുമ്പോൾ വൻപരിസ്ഥിതി ആഘാതമാകും നേരിടേണ്ടി വരിക. തകർക്കപ്പെടുന്ന വീടുകളും കെട്ടിടങ്ങളും പുനഃനിർമിക്കുന്നതിനായി വൻതോതിൽ മണ്ണും കല്ലും മണലും ആവശ്യമായി വരും. ഇതിനായി തുരക്കേണ്ടിവരിക പശ്ചിമ ഘട്ടത്തെയും ഊറ്റേണ്ടിവരിക പാതിമരിച്ച പുഴകളെയുമാണ്. 

ചർച്ചയില്ല എന്ന ഏകാധിപത്യ നിലപാടാണ് തുടക്കം മുതൽ സർക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ച് വരുന്നത്. ഇതോടെ ബലപ്രയാഗത്തിലൂടെ മാത്രം വിയോജിപ്പ് അറിയിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ഗത്യന്തരമില്ലാതെ സമരത്തിനിറങ്ങിയവർ ഗുണ്ടകളും, തീവ്രവാദികളും വികസന വിരോധികളുമാക്കി മാറ്റിയിരിക്കുകയാണ് സർക്കാറും പോലീസും.  
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment