പത്തനംതിട്ട കളക്ടർ പാറമാഫിയയുടെ കളക്ടറാവരുത് : പശ്ചിമഘട്ട സംരക്ഷണസമിതി




പാരിസ്ഥിതികാനുമതിയില്ലാതെ ഒരു ക്വാറിയും പ്രവർത്തിക്കാൻ പാടില്ല എന്ന ഹരിത ട്രൈബ്യൂണൽ വിധിക്കും വകുപ്പുതല നോട്ടിഫിക്കേഷനുകൾക്കും പത്തനംതിട്ട  ജില്ലയിൽ പുല്ലുവില. ഇതിനുദാഹരണമാണ് വടശ്ശേരിക്കര കൊമ്പനോലിയിലെ കണ്ണന്താനം റോക്സ്.  പാരിസ്ഥിതിക ദുർബലവില്ലേജായി  ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ഇവിടെ ക്വാറി പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായിട്ടാണ്. ഇതിനെതിരെ ജനകീയ ഗ്രാമരക്ഷ സമിതി ജില്ലാ കളക്ടർക്കും തഹസീൽദാർക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. 

 

കോയിപ്പുറം പഞ്ചായത്തിൽ പത്താം വാർഡിൽ കുമ്പനാട് ജംഗ്ഷന് തൊട്ടടുത്തു എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന ക്വാറിക്ക് പഞ്ചായത്തിന്റെ ലൈസൻസും മൈനിങ് ആൻഡ് ജിയോളജി മലിനീകരണ നിയന്ത്രണ ബോർഡ് അനുമതിയും പൊല്യൂഷൻ കോൺട്രോൾബോർഡിന്റെയും പാരിസ്ഥിതിക അനുമതിയും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. വാർഡുമെമ്പർ അടക്കമുള്ള ജനപ്രതിനിധികൾ ജനങ്ങളുമായി ചേർന്ന്  ജില്ലാ കളക്ടർക്കു പരാതിനൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ലന്ന് നാട്ടുകാർ ആരോപിക്കുന്നു.

 

വനത്തിനകത്തായി ചുങ്കപ്പാറയിലെ അമിറ്റി റോക്സ്  മലനിരകൾ നിർബാധം പൊട്ടിച്ചു മാറ്റിക്കൊണ്ടിരിക്കുന്നു അടിയന്തിര ശ്രദ്ധവേണമെന്നും ഇവരെ ഇതിൽനിന്നു തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പരിസ്ഥിതി പ്രവർത്തകർ നൽകുന്ന പരാതിക്കു ഒരു വിലയും പത്തനംതിട്ട ജില്ലാ കളക്ടർ കല്പിക്കുന്നില്ല.

 

ഇതിനു പുറമെയാണ് ഇപ്പോൾ അദാനിക്കുവേണ്ടി കോന്നി കലഞ്ഞൂരിൽ കേന്ദ്ര സർക്കാരിന്റെ അതിസൂഷ്മ നീർത്തട പദ്ധതി പ്രദേശമായ മുപ്പതാം ഡിവിഷനിൽ എലിക്കോടും മുപ്പത്തിരണ്ടാം ഡിവിഷനിൽ  ഇഞ്ചപ്പാറയിലും ക്വാറിക്ക് സ്ഥലം തരാം എന്ന് ജില്ലാ കളക്ടർ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ അവിടെ സർവേ നടത്താനുള്ള ശ്രമം ജനകീയ പ്രതിഷേധത്തെ തുടർന്ന് നടന്നില്ലെങ്കിലും വീണ്ടും പോലീസ് സഹായത്താൽ സർവേ നടപടികൾ ഉടൻ പൂർത്തീകരിക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം.


അനവധി ക്വാറികളുള്ള കലഞ്ഞൂരിൽ വള്ളിക്കോട്‌ കോട്ടയത്തേക്കാൾ ഉരുൾ പൊട്ടൽ സാധ്യതയുള്ള വില്ലേജ് ആയിട്ടും ജില്ലാ ഭരണാധികാരികൾ കലഞ്ഞൂരിൽ ഇനിയും ക്വാറി ആരംഭിക്കുന്നത് വലിയ പാരിസ്ഥിതിക ആഘാതങ്ങൾക്ക് ഇടവരുത്തുമെന്നും  ജനങ്ങൾ അതിന്റെ ഇരകളായി മാറുമെന്നുമുള്ള തിരിച്ചറിവ് ജില്ലാ ഭരണകൂടത്തിന് നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി റജി മലയാലപ്പുഴയും പ്രസിഡന്റ് അവിനാഷ് പള്ളീനഴികത്തുംആരോപിച്ചു. പത്തനംതിട്ടജില്ലയിലെ മഹാപ്രളയത്തിനും വ്യാപകമായ ഉരുൾപൊട്ടലിനുശേഷവും ജില്ലാ ഭരണകൂടം പാരിസ്ഥിതികമായ എല്ലാ കരുതലും മറന്നുകൊണ്ട് ജില്ലയിലെ മലനിരകൾ പാറമട മാഫിയക്ക് യഥേഷ്ടം പൊട്ടിച്ചുകടത്താനുള്ള എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയാണെന്നും പശ്ചിമഘട്ട സംരക്ഷണസമിതി പറഞ്ഞു. 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment