പുലിമലപ്പാറ രാപ്പകൽ സമരപ്പന്തലിൽ ജില്ലാ കളക്ടർ; പ്രതീക്ഷയോടെ നാട്ടുകാർ




പത്തനംതിട്ട: ജനവാസ മേഖലയായ പുലിമല പാറഖനനം തടയണമെന്നാവശ്യപ്പെട്ട് ചായലോട്‌ ജനകീയസമിതി പുലിമല പാറയിൽ നടത്തിവരുന്ന രാപ്പകൽ സമരപ്പന്തലിൽ ജില്ലാ കളക്ടർ പി ബി നൂഹ് എത്തി. പ്രദേശവാസികൾ പരാതികളും ആശങ്കകളും കളക്ടർ മുമ്പിൽ അവതരിപ്പിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെ കൂടിയാണ് കളക്ടർ പുലിമല പാറയിൽ എത്തിയത്. പ്രവർത്തന അനുമതിക്കായി കാത്തുകിടക്കുന്ന ക്വാറിയുടെ സമീപത്തുള്ള ക്യാൻസർ രോഗിയായ മണക്കുഴി ശാന്തയുടെ വീട് കളക്ടർ സന്ദർശിച്ച പരാതി നേരിൽ കേട്ടാണ് കളക്ടർ മടങ്ങിയത്.


കളക്ടർ എത്തിയതോടെ പാറഖനനത്തിനെതിരെ തങ്ങൾക്ക് അനുകൂലമായ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമര സമിതിയും ഇവിടുത്തെ ജനങ്ങളും. കളക്ടർ വിശദമായി സ്ഥലം കാണുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്‌തിട്ടുണ്ട്‌. അതേസമയം, അടിയന്തിരമായി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ തഹസിൽദാർക്ക് നിർദേശം നൽകിയിട്ടുണ്ട്.


നേരത്തെ,  പുതിയതായി ആരംഭിക്കാൻ പോകുന്ന ക്വാറിയ്ക്കെതിരെ ജനങ്ങൾ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. 


ഏനാദിമംഗലം പുലിമലപ്പാറ ഖനനത്തിനെതിരെ കേരള ഹൈക്കോടതിയുടെ നിരോധന ഉത്തരവ് ഉണ്ടായിരുന്നു. പഞ്ചായത്ത് ലൈസൻസ് തടഞ്ഞുവച്ചിരിക്കുന്നു എന്ന് കാണിച്ച് ക്വാറി ഉടമ ഹൈക്കോടതിയെ സമീപിച്ച കേസിൽ കക്ഷിചേർന്ന
ചായലോട് ആശ്രമം യു പി  ,ഹൈസ്കൂൾ, സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം, ജനകീയ സമിതി കേരള നദീസംരക്ഷണസമിതിയും കക്ഷിചേർന്നിരുന്നു. ടി കേസ് നിലനിൽക്കെ ക്വാറി ഉടമ കോടതിയെ തെറ്റിധരിപ്പിച്ച് മറ്റൊരു ബെഞ്ചിൽ നിന്നും ക്വാറിയിൽ മിഷിനറി ഇൻസുലേഷൻ സ്ഥാപിക്കാൻ ഉത്തരവ് നേടി. ഇതിനെതിരെ ജനകീയ സമിതി നേതാക്കളായ കെ.ജി.രാജനും മാത്യുക്കുട്ടിയും കേരളാഹൈക്കോടതി ചീഫ് ജസ്റ്റീസിന് സമർപ്പിച്ച റിട്ട് പെറ്റീഷനാണ് നിരോധന ഉത്തരവ് ഉണ്ടായത്.


നേരത്തെ പാറഖനനത്തിന് മാഫിയക്ക് അനുകൂലമായ നടപടിയെടുത്ത ഉദ്യോഗസ്ഥരോടുള്ള പ്രതിഷേധമായി ചായലോട് ജനകീയസമിതി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഉപരോധിച്ചിരുന്നു. ഏനാദിമംഗലത്തെ ക്വാറിനടത്തിപ്പുകാരും പഞ്ചായത്ത് സെക്രട്ടറിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നു. അടൂർ എസ്.ഐ രമേശന്റേയും ഏനാത്ത് അഡിഷണൽ എസ്.ഐ ജയദാസിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരസമിതി പ്രവർത്തകർ പിരിഞ്ഞു പോയത്.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment