പുലിമലപ്പാറയിലെ പാറഖനനം: ഏനാദിമംഗലം പഞ്ചായത്ത് ഉപരോധിച്ച് ചായലോട് ജനകീയസമിതി




അടൂർ: മാനംമുട്ടിനിൽക്കുന്ന ഏനാദിമംഗലത്തെ ഗിരിനിരകളെ തകർക്കാൻ വരുന്ന ക്വാറി മാഫിയയ്ക്കും ഉദ്യോഗസ്ഥരാഷ്ട്രീയ കൂട്ടുകെട്ടിനും താക്കീതായി ചായലോട് ജനകീയസമിതി ഏനാദിമംഗലം  ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പഞ്ചായത്ത് സെക്രട്ടറിയുടെ ബിനാമി ക്വാറിയാണ് പ്രദേശത്ത് പ്രവർത്തിക്കുന്നതെന്ന് സമരസമിതി ആരോപിച്ചു.


മൗണ്ട് സിയോൺ മെഡിക്കൽ കോളേജിനും സെന്റ് ജോർജ്ജ് ആശ്രമം ഹൈസ്കൂളിനും സെന്റ് ജോർജ് യു പി സ്കൂളിനും സമീപത്തായി     ദേശീയപക്ഷിയായ മയിലുകളുടെ സ്വൈര്യ വിഹാരകേന്ദ്രവും മൂടൽമഞ്ഞുകൊണ്ടു പ്രകൃതി രമണീയമായ പുലിമലപ്പാറ സ്ഥിതി ചെയ്യുന്നത്. ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനത്തിൽ പ്രദേശത്ത്  ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ കേരളാ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി നിലനിൽക്കെ ക്വാറിയുടമ മറ്റൊരു ബെഞ്ചിൽ നിന്നും യന്ത്രസാമഗ്രികൾ സ്ഥാപിക്കാൻ കോടതിയെ തെറ്റിധരിപ്പിച്ച് വിധി നേടിയിരുന്നു. എന്നാൽ പ്രസ്‌തുത വിധി സെക്രട്ടറി ക്വാറി മാഫിയയെ സഹായിക്കുവാൻ പൂഴ്ത്തിവയ്ക്കുകയായിരുന്നു. പരാതിക്കാരേയും കേസിലെ എതിർകക്ഷികളുടെയും ഭാഗം കേൾക്കാതെ ലൈസൻസ് നൽകിയതിനെതിരെ പരാതി സമർപ്പിക്കാൻ പഞ്ചായത്തിലെത്തിയ പ്രദേശവാസികളോട് സെക്രട്ടറി മോശമായ പെരുമാറി. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയെ സമര സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഉപരോധിച്ചത്. 


അടൂർ എസ്.ഐ രമേശന്റേയും ഏനാത്ത് അഡിഷണൽ എസ്.ഐ ജയദാസിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരസമിതി പ്രവർത്തകർ പിരിഞ്ഞു പോയത്.  ജനകീയ അഭിപ്രായം മാനിക്കാതെ ലൈസൻസ് നടപടികളുമായി പഞ്ചായത്ത് മുന്നോട്ട് നീങ്ങിയാൽ ശക്തമായ പ്രക്ഷോഭംസംഘടിപ്പിക്കും. ഏനാദിമംഗലത്തെ ക്വാറിനടത്തിപ്പുകാരും പഞ്ചായത്ത് സെക്രട്ടറിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് വിജിലൻസ് അന്വേഷിക്കണമെന്നും ജനകീയ സമിതി പ്രസിഡന്റ് മാത്യു ജോൺ, സെക്രട്ടറി പി.കെ.തോമസ് എന്നിവർ ആവശ്യപ്പെട്ടു.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment