മനുഷ്യാവകാശങ്ങൾ ലംഘിച്ച് പുതുവൈപ്പിനിലെ നിരോധനാജ്ഞ തുടരുന്നു




പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശത്തിന് ലംഘനം സൃഷ്ടിക്കുന്ന നിരോധനാജ്ഞ പിൻവലിക്കണമെന്നും, ജനവാസ കേന്ദ്രത്തിൽ എൽപിജി സംഭരണി സ്ഥാപിക്കരുതെന്നും ആവശ്യപ്പെട്ട് പുതുവൈപ്പിനിലെ ജനങ്ങൾ സമര പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയാണ്. കഴിഞ്ഞ ഒരു ദശാബ്‌ദമായി ഐഒസിയുടെ എൽപിജി സംഭരണ കേന്ദ്രം സഥാപിക്കുന്നതിനെതിരെ നടത്തിവരുന്ന സമരമാണ് കഴിഞ്ഞ ഡിസംബർ മുതൽ തുടരുന്ന പോലീസ് രാജിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സജീവമാകാനുള്ള ശ്രമങ്ങൾ നടക്കുന്നത്.


ഫെബ്രുവരി 17 ന് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ സംഭരണി സ്ഥാപിക്കുന്നതിനെതിരെ നിലകൊള്ളാനും പ്രദേശത്തെ നിരോധനാജ്ഞ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച യോജിച്ച പ്രസ്‌താവന കൺവെൻഷനിൽ പങ്കെടുത്തിരുന്ന രാഷ്ട്രീയ പാർട്ടികളും സംഘടനകളും വിവിധ വ്യക്തികളും ഉൾപ്പെടെ കൺവെൻഷനിൽ പങ്കെടുത്തിരുന്ന മുഴുവൻ പേരും ചേർന്ന് ഒപ്പിട്ട് പുറത്തിറക്കി. 


എറണാകുളം പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കമ്പനി സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള എല്‍.പി.ജി. സംഭരണ ശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്ഥലവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. എന്നാൽ ഡിസംബര്‍ 15 മുതല്‍ ഇത് പുനരാരംഭിക്കാന്‍ വേണ്ടി ജില്ലാ മജിസ്ട്രേറ്റ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏകദേശം 65000 ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ വീടുകളോട് 30 മീറ്റര്‍ മാത്രം അകലത്തില്‍ നിരവധി വിദ്യാലയങ്ങളും ആരാധനാലയങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്ത്, മാരകമായ അപകട സാധ്യതയുള്ള എല്‍.പി.ജി. സംഭരണിയും ടാങ്കര്‍ ലോറി ഫില്ലിംഗ് കേന്ദ്രവും സ്ഥാപിക്കുന്നത് സ്ഥലവാസികളുടെ ജീവനും സ്വത്തിനും ഉയര്‍ത്തുന്ന ഭീഷണി അതീവ ഗൗരവമുള്ളതാണ്. ഈ വസ്‌തുത നിലനിൽക്കെയാണ് പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും സ്വാതന്ത്യത്തെയും അവകാശത്തെയും ഹനിച്ചുകൊണ്ടുള്ള നിരോധനാജ്ഞ പ്രദേശത്ത് നിലനിൽക്കുന്നത്.


പദ്ധതിയെക്കുറിച്ച് നടത്തിയ ശാസ്ത്രീയ പഠനങ്ങളിലെ വസ്തുതകള്‍ കണക്കിലെടുത്തും പദ്ധതിയെ ചൊല്ലിയുള്ള പരിസരവാസികളുടെ ആശങ്കകള്‍ മുന്‍നിര്‍ത്തിയും പദ്ധതി കിഫ്ബിയുടെ കീഴില്‍ അമ്പലമേട്ടില്‍ സ്ഥാപിക്കുന്ന പെട്രോകെമിക്കല്‍ കോംപ്ലക്സിലേക്കു മാറ്റി സ്ഥാപിക്കാനുള്ള ഒരു നിര്‍ദ്ദേശം സ്ഥലവാസികളുടെ സംഘടനയായ പുതുവൈപ്പ് എല്‍.പി.ജി. ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമര സമിതി വിദഗ്ധരുമായി കൂടിയാലോചിച്ചശേഷം മുന്നോട്ടുവച്ചിട്ടുണ്ട്. പദ്ധതിയുടെ അനുമതിക്കെതിരെ പ്രദേശവാസികള്‍ നല്‍കിയ ഹര്‍ജി (WP(C) 7635 / 2018) കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.


അതേസമയം, നിരോധനാജ്ഞ പ്രദേശത്ത് സൃഷ്ടിച്ചിരിക്കുന്ന ദുരിതങ്ങൾ ചെറുതല്ല. പുതുവൈപ്പിലും എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കൊച്ചിന്‍ കോര്‍പ്പറേഷന്‍ 1-ാം വാര്‍ഡിലും ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞമൂലം മത്സ്യത്തൊഴിലാളികളും കൂലിവേലക്കാരുമായ പ്രദേശവാസികളുടെ സ്വൈര്യ ജീവിതം തടസ്സപ്പെട്ടിരിക്കുകയാണ്. കടപ്പുറത്ത് സഞ്ചരിച്ചിരുന്ന റോഡ് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരിക്കുന്നതി നാല്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് കനത്ത ആഘാതമേല്‍പ്പിച്ചിരിക്കുകയാണ്. 


ഈ സാഹചര്യത്തില്‍ പുതുവൈപ്പില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഏതൊരു പൗരനും തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും അവ അധികാരികളിലേക്ക് എത്തിക്കാനും വേണ്ടി ഇന്ത്യയുടെ ഭരണഘടന ആര്‍ട്ടിക്കിള്‍ 19(1)(b) പ്രകാരം ഉറപ്പുനല്‍കുന്ന സമാധാനപരമായി പ്രതിഷേധിക്കുവാനുള്ള അവകാശത്തിന്‍റെ ലംഘനമാണ്.


അതുകൊണ്ട് തന്നെ പുതുവൈപ്പിലെ സമാധാനപരമായ പ്രതിഷേധങ്ങളെ തടയാന്‍ ഉദ്ദേശിച്ചുകൊണ്ടു പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ പിന്‍വലിക്കണമെന്നും പദ്ധതി മാറ്റി സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സമരസമിതി മുന്നോട്ടുവച്ചിട്ടുള്ള ബദല്‍ നിര്‍ദേദശം പരിഗണിക്കണമെന്നും പുതുവൈപ്പിനിലെ ജനത ആവശ്യപ്പെടുന്നു. നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ കളക്ടറുടെ ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് നടത്താനും സമിതി തീരുമാനിച്ചിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment