പുതുവൈപ്പ് IOC പ്രശ്‌നം: കളക്ടർ വിളിച്ച ചർച്ച പ്രഹസനം




IOC യുടെ LPG സംഭരണ കേന്ദ്രം ജനങ്ങൾ തിങ്ങി താമസിക്കുന്ന പുതുവൈപ്പിൽ സ്ഥാപിക്കാനുള്ള ഏതൊരു ശ്രമത്തേയും ചെറുത്തു തോൽപ്പിക്കുമെന്ന് പുതുവൈപ്പ് LPG ടെർമിനൽ വിരുദ്ധ ജനകീയ സമര സമിതി അറിയിച്ചു. എറണാകുളം ജില്ല കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത എല്ലാ സംഘടനാ പ്രതിനിധികളും നിർദിഷ്ട LPG സംഭരണ കേന്ദ്രം ജനവാസ മേഖലയായ പുതുവൈപ്പിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ച് നിന്നു.


IOC യുടെ കൂറ്റൻ LPG സംഭരണ കേന്ദ്രം ജനവാസ മേഖലയായ പുതുവൈപ്പ് തീരപ്രദേശത്ത്  സ്ഥാപിക്കുന്നതിനെതിരെ കഴിഞ്ഞ 9 വർഷത്തിലധികമായി തുടരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 2017 ജൂൺ 14- 16-18 തീയ്യതികളിൽ നടന്ന പോലീസ് അതിക്രമത്തെ തുടർന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ  ഒരു 3 അംഗ വിദഗ്ദ സമിതിയെ നിയോഗിച്ചു കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കുകയുണ്ടായി. പ്രസ്തുത വിദഗ്ദ സമിതി, പുതുവൈപ്പിലെ ജനങ്ങൾ മുന്നോട്ടു വെക്കുന്ന ആശങ്കകളിൽ വസ്തുതയുണ്ടെന്ന് നിരീക്ഷിക്കുകയുണ്ടായി.


ദേശീയ ഹരിത ട്രിബൂണലിൽ IOC ക്കനുകൂലമായി ഉണ്ടായ സിംഗിൾ ബഞ്ച് വിധി നിയമ സാധുതയില്ലാത്തതാണെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ।OC ക്കെതിരെ ബഹു. കേരള ഹൈക്കോടതിയിൽ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ കേരള നിയമസഭാ പരിസ്ഥിതി സമിതി നടത്തിയ തെളിവെടുപ്പിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് നിയമസഭ മുമ്പാകെ വരാനിരിക്കുകയാണ്.


ഇത്തരമൊരു സാഹചര്യത്തിൽ വസ്തുതകൾ തെറ്റായി, I0C ക്കനുകൂലമായി വ്യാഖ്യാനിച്ചുകൊണ്ട് എങ്ങിനെയെങ്കിലും പദ്ധതി ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ല കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത് അഭിപ്രായം പറഞ്ഞ എല്ലാ സംഘടനാ പ്രതിനിധികളും തന്നെ നിർദിഷ്ട LPG സംഭരണ കേന്ദ്രം ജനവാസ മേഖലയായ പുതുവൈപ്പിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. IOC യുടെ ഉദ്യോഗസ്ഥരും LPG വിതരണക്കാരും മാത്രമാണ് പദ്ധതിക്കു വേണ്ടി വാദിച്ചത്. 


നിർദ്ദിഷ്ട LPG സംഭരണ കേന്ദ്രം ജനവാസ മേഖലയായ പുതുവൈപ്പിൽ നിന്നും മാറ്റി, വൈപ്പിൻ ജെട്ടിയിൽ നിന്നും കൊച്ചിൻ റിഫൈനറിയും ഉദയംപേരൂരിലെ IOC പ്ലാന്റും കണക്ട് ചെയ്ത് സേലത്തേക്ക് പൈപ്പ് ലൈൻ വഴി LPG എത്തിക്കുന്ന കൊച്ചി- സേലം പൈപ്പ് ലൈൻ പദ്ധതി നിർമ്മാണത്തിലിരിക്കേ, അതു കണക്ട് ചെയ്തു അമ്പലമേടിൽ കിഫ്ബി സ്ഥാപിക്കുവാൻ പോകുന്ന പെട്രോ കെമിക്കൽ കോംപ്ലക്സ് & ഫാർമ പാർക്കിൽ ഈ പദ്ധതി സ്ഥാപിക്കണമെന്ന ബദൽ നിർദ്ദേശം നടപ്പിലാക്കണമെന്നും, ജനവികാരത്തേയും സുരക്ഷയേയും മാനിക്കാതെ ജനവാസ മേഖലയായ പുതുവൈപ്പിൽ നിർദ്ദിഷ്ട പദ്ധതി സ്ഥാപിക്കാനുള്ള ഏതൊരു ശ്രമത്തേയും ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് സമരസമിതി ചെയർമാൻ M.B.ജയഘോഷ്, കൺവീനർ K.S.മുരളി എന്നിവർ യോഗത്തിൽ പറഞ്ഞു.

 

KLCA യുടെ പ്രതിനിധി K. X. റോബിൻ, CPl യുടെ പ്രതിനിധി N.K. ബാബു., എളങ്കുന്നപ്പുഴ പഞ്ചായത്ത് മെമ്പർ മാരായ സി.ജി ബിജു, ഗിരിജാ അശോകൻ, കോൺഗ്രസ് (l) പ്രതിനിധി M.J. ടോമി, BJP യുടെ പ്രതിനിധി V. V. അനിൽ, സമര സമിതിയുടെ N.R.സുധീർ, മേരി ആന്റണി, N.C.P, മുസ്ലിംലീഗ് പാർട്ടി പ്രതിനിധികളും റസിഡൻസ് അസോസിയേഷൻ പ്രതിനിധികളായ മനോജ്, കാർത്തികേയൻ, തുടങ്ങിയവർ പങ്കെടുത്തു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment