ഖനന മുതലാളിമാരുടെ അറിയിപ്പ് എത്തിക്കഴിഞ്ഞു: അവകാശങ്ങൾക്കായി സമരത്തിനൊരുങ്ങുകയാണ്! 




ആൾ കേരള ക്വാറി ആൻഡ് ക്രഷർ അസോസിയേഷന്റെ 
അനിശ്ചിത കാല സമരം എന്നറിയിപ്പുള്ള ബഹു വർണ്ണ പോസ്റ്ററുകൾ തലസ്ഥാനത്ത് വ്യാപകമായി ഒട്ടിച്ചു കഴിഞ്ഞു. പാറ ഖനന മുതലാളിമാരുടെയും പാറ ഉൽപ്പന്നങ്ങൾ കച്ചവടം ചെയ്യുന്നവരുടെതുമായ സംഘടന, തൊഴിലാളികളുടെ അവകാശങ്ങളും പോസ്റ്ററിൽ ഉയർത്തിയിട്ടുണ്ട്.


വർഗ്ഗ സമര സിദ്ധാന്തത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന CPIM, CPI പാർട്ടികൾ ഭരിക്കുന്ന കേരളത്തിലെ മുതലാളിമാർ, തൊഴിലാളി അവകാശങ്ങളെ മുൻ നിർത്തി സമരത്തിന് ഇറങ്ങുന്നു എന്നത് കൗതുകകരമാണ്. ആ കൗതുകം ഫലത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ വർഗ്ഗ സമര നിലപാടിനെ പുച്ഛിക്കുന്നതാണെന്ന് പാർട്ടി സമ്മേളനങ്ങൾ നടക്കുന്നകാലത്തെങ്കിലും കമ്യൂണിസ്റ്റു നേതാക്കൾ ഓർക്കേണ്ടതല്ലെ?


വികസനം കൊതിക്കുന്ന കേരളത്തെ സംബന്ധിച്ച്, ഇന്നു നാടനുഭവിക്കുന്ന വ്യത്യസ്ഥമായ പ്രതിസന്ധികൾ രൂക്ഷമാകുകയാണ്. കാർഷിക മേഖല മുതൽ ഐടി, വിനോദ രംഗത്തും കാര്യങ്ങൾ ആശാവഹമല്ല. ഭൂപരിഷ്ക്കരണവും വിദ്യാഭ്യാസ പരിഷ്ക്കരണവും പാതി വഴിയിൽ ഉപേക്ഷിച്ചത് പ്രശ്നങ്ങളെ രൂക്ഷമാക്കി. ഭൂമി ഊഹ വിപണിയുടെ ഭാഗമായതും നിർമ്മാണം വ്യവസായമായി തീർന്നതും ഗൾഫ് പണത്തിന് ഇത്തരം വിഷയങ്ങളോടുണ്ടായ മമതയും കേരളത്തിന്റെ ഗ്രാമങ്ങളെ പോലും കച്ചവട കേന്ദ്രങ്ങളാക്കി മാറ്റി. ഇതു വഴി സമാന്തര സാമ്പത്തിക ലോകം ശക്തമാകുകയായിരുന്നു. ദല്ലാളന്മാരും അഴിമതിക്കാരായ ഉദ്യോഗസ്ഥരും അവരെ സഹായിക്കുന്ന രാഷ്ട്രീയ-മത പ്രമാണിമാരും ചേരുന്ന കൂട്ടുകെട്ട് നാടിനു വരുത്തിവെക്കുന്ന തിന്മകൾ സർക്കാരിനെ പാപ്പരാക്കിക്കഴിഞ്ഞു.


മൂന്നര കോടിയിലധികം വരുന്ന മലയാളികളിൽ 5% ആളുകളുടെ കൈയ്യിലെക്കു വലിയ തോതിൽ പണം കേന്ദ്രീകരിക്കുന്നുണ്ട്. ആദിമവാസികളിലെയും ദളിതരിലെയും ചുരുക്കം ചിലരെ ഒഴിച്ചു നിർത്തിയാൽ അവരുടെ ജീവിത നിലവാരം ആനുപാതിക അളവിൽ മെച്ചപ്പെടുന്നില്ല. അവരുടെ ആയുർദൈർഘ്യം ആനുപാതികമായി കൂടു ന്നില്ല. സാമ്പത്തിക ബാധ്യതയും വർധിക്കുകയാണ്. മറ്റു സമുദായങ്ങളിലെ ഭൂരിപക്ഷവും സുരക്ഷിതരല്ല. മലയാളികളുടെ ശരാശരി കടം മറ്റു സംസ്ഥാനക്കാരെക്കാൾ 3 മുതൽ 4 ഇരട്ടിയാണ്. പ്രതി വർഷം ഒന്നര ലക്ഷം കോടിയുടെ സ്വർണ്ണ പണയപ്പെടുത്തൽ നടത്തുന്ന മലയാളിയുടെ തിരിച്ചടിയിൽ കാലാവസ്ഥക്കും പങ്കുണ്ട്. 


പശ്ചിമഘട്ട സംരക്ഷണത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും മറ്റും താൽപ്പര്യം കുപ്രസിദ്ധമായിരുന്നു. തീരദേശ സുരക്ഷയിൽ സർക്കാരിന്റെ താൽപ്പര്യമറിയുവാൻ (മരട് മാതൃക) മറ്റ് 6000 ത്തിലധികം നിർമ്മാണങ്ങളെ പരിരക്ഷിക്കുന്നതും വേമ്പനാട്ടു കായലിന്റെ അവസ്ഥയും മറ്റും പരിശോധിച്ചാൽ മതി. 2018 മുതൽ 2020 വരെ കേരളത്തിനുണ്ടായ പ്രകൃതി ദുരന്തങ്ങൾ പണത്തിന്റെ അളവിൽ മാത്രം വിശദമാക്കുവാൻ കഴിയില്ല. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വർദ്ധനവിനു പിന്നിൽ അശാസ്ത്രീയ ഖനനം പ്രധാന പങ്കു വഹിച്ചു. ഖനന രംഗത്തെ നിയമ ലംഘനങ്ങൾ എത്ര വലുതാണെന്നറിയുവാൻ 2014 മുതൽ നിയമസഭാ സമിതി നടത്തിയ പഠനങ്ങൾ മനസ്സിലിരുത്തിയാൽ മതിയാകും. സമിതിയെ അത്ഭുതപെടുത്തിയ അവരുടെ വെല്ലുവിളികൾ ആഫ്രിക്കൻ രാജ്യങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് (മാഫിയ പ്രവർത്തനമെന്ന വിശേഷണം നിയമസഭാ സമിതിയിൽ നിന്നുണ്ടായിട്ട് 10 വർഷമാകുന്നു). അതിൽ പൊറുതി മുട്ടിയ ആളുകളിൽപെട്ട പാലക്കാട് കൊന്നക്കൽ കടവ് നിവാസികൾ (M. Haridasan & Ors, Original Application No. 304/2019,With report dated 09.07.2020) ഹരിത ട്രൈബ്യൂണലിൽ നൽകിയ പരാതി പരിഗണിച്ച് ഖനനം 200 മീറ്റർ വിട്ടാകണം എന്ന് ഹരിത ട്രൈബ്യൂണൽ തീരുമാനിച്ചു. ആ തീരുമാനത്തിൽ സുപ്രീംകോടതി മുമ്പാകെ ഖനന മുതലാളിമാർക്കൊപ്പം നിൽക്കുവാൻ കേരള സർക്കാർ വലിയ താൽപ്പര്യം കാട്ടിയിരുന്നു.ജന ജീവിതത്തിനു ഭീഷണിയായ പ്രവർത്തനങ്ങളിൽ ഒരു പക്ഷെ സുപ്രീം കോടതി ഇടപെട്ടാൽ അതിനെ അട്ടിമറിക്കുവാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായ ഒരുക്കങ്ങളിൽ ഒന്നാണ് ആൾ കേരള ക്വാറി & ക്രഷർ അസോസിയേഷൻ ആസൂത്രണം ചെയ്യുന്ന അനിശ്ചിതകാല സമരം. 


പൊതുവെ നമ്മുടെ നാട്ടിൽ ജനാധിപത്യത്തിന്റെ നാലതിരുകൾക്കകത്തു നിന്ന് സമരം നടത്തുന്നവർ അവരുടെ സമയക്രമങ്ങൾക്കൊപ്പമാണ് സമരത്തെ പറ്റി നാട്ടു കാർക്കുള്ള അറിയിപ്പു കൊടുക്കാറ്. പക്ഷെ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ നേതാക്കൾക്ക് ഏറെ പ്രിയപെട്ട സംഘടനക്ക് ഭീഷണിയുടെ സ്വരമാണിഷ്ഠം. തൊഴിലാളികളുടെ (എത്ര തൊഴിലാളികൾ എന്നു ശ്രദ്ധിക്കുമല്ലൊ) കൂടി പേരിൽ നടത്താൻ പോകുന്ന സത്യാഗ്രഹം കേരളക്കരയോടുള്ള കൊലവിളിയാണ്. പ്രതി വർഷം പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടാക്കു ന്നവർക്ക് സർക്കാർ സംവിധാനങ്ങളിലുള്ള നിയന്ത്രണം കൂടുതൽ  ഉറപ്പിക്കുവാൻ നടത്തുന്ന ശ്രമങ്ങൾ കടക്കെണിയിൽപെട്ട കേരളത്തെ കുറെ കൂടി പ്രതിസന്ധിയിലെത്തിക്കാനെ സഹായിക്കൂ.


തുടരും

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment