മലപ്പുറത്തെ പ്രളയനാന്തര ഖനനം




കേരളം മുഴുവൻ പ്രകൃതിദുരന്തത്താൽ വിറകൊണ്ട നാളുകളാണ് കഴിഞ്ഞ് പോയത്. അതിന്റെ കെടുതിയിൽ നിന്ന് മലയോര മേഖല കരകയറാൻ വർഷങ്ങൾ തന്നെ വേണ്ടി വരും. ഉരുൾപൊട്ടൽ മേഖലയാകട്ടെ ഒരിക്കലും പൂർവ്വസ്ഥിതിയിലാക്കാൻ പറ്റാത്ത വിധം തകർന്ന കാഴ്ചകളാണെങ്ങും. പ്രദേശവാസികളുടെ ആയുഷ്കാലത്തെ സമ്പാദ്യം മുഴുവൻ ഒരു നിമിഷം കൊണ്ട് നാമാവശേഷമായി. ഇത്തരത്തിൽ മഹാദുരന്തത്തിലേക്ക് കേരളത്തെ നയിച്ചതിൽ മനുഷ്യ കരങ്ങൾക്ക് പങ്കില്ല എന്ന് സ്ഥാപിക്കാനുള്ള ചർച്ചകളാണ് ബോധപൂർവ്വമായി ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. 

 


നമ്മൾ പിൻതുടർന്ന് വന്ന കോർപറേറ്റ് മുതലാളിത്ത വികസന നയംമൂലം പ്രകൃതിക്കുണ്ടായ ആഘാതങ്ങളാണ് പ്രകൃതിക്ഷോഭത്തെ മഹാദുരന്തമാക്കി മാറ്റിയത് എന്ന് പരിസ്ഥിശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുമ്പോൾ അതൊന്നും മുഖവിലക്കെടുക്കാതെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ  ദുരന്തത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഈ നയം തിരുത്തിയില്ലെങ്കിൽ ഇനിയും ഒരു മഹാദുരന്തത്തിലേക്കാണ് നമ്മുടെ നാടിനെ നയിക്കുക.  പ്രളയാനന്തര കേരളത്തിൽ ഉയർന്ന് വന്ന വലിയ തോതിലുള്ള പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ടുള്ള ചർച്ചകളെ അവസാനിപ്പിക്കാൻ ചില പദ്ധതികൾ സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തി രക്ഷപ്പെടുകയാണ് സർക്കാർ.

 


ഉരുൾപ്പൊട്ടൽ പ്രദേശത്ത് ക്വാറിയിങ്ങ് നിരോധിച്ചിട്ടുണ്ടെങ്കിലും സാധ്യതയുള്ള സ്ഥലത്തും വിദഗ്ധ പഠനം നടത്താതെ ക്വാറിയിങ്ങ് അനുവദിച്ചത് വീണ്ടും ദുരന്തത്തെ ക്ഷണിച്ച് വരുത്തും. അത്തരത്തിൽ ഉരുൾപ്പൊട്ടൽ സാധ്യതാ മേഖലയാണ് മലപ്പുറം പെരിന്തൽമണ്ണ താലൂക്കിലെ കാര്യവട്ടം വില്ലേജിൽ ഉൾപ്പെട്ട മലകൾ.  അതിലെ തെക്കന്മലയിൽ ക്വാറിയിങ്ങ് തുടങ്ങി കഴിഞ്ഞു. ഭൂരിഭാഗവും ചെങ്കുത്തായി ഉയർന്ന് നിൽക്കുന്ന മലകളാൽ ചുറ്റപ്പെട്ട പഞ്ചായത്താണ് വെട്ടത്തൂർ പഞ്ചായത്ത്.  ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് ഈ പ്രദേശങ്ങൾ.  നിരവധി നീർച്ചോലകളുള്ള ഇവിടങ്ങളിൽ വന്യ ജീവികളുടെ ആവാസസ്ഥലം കൂടിയാണ്. 

 


ഒരു ഉരുൾപ്പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായാൽ ഇവിടുത്തെ മലയോര മേഖല എല്ലാം നശിക്കും. അത് കൊണ്ട് തന്നെ ഇവയെല്ലാം സംരക്ഷിക്കേണ്ട ബാധ്യത പഞ്ചായത്തിനുണ്ട്. പഞ്ചായത്തിലെ ജൈവവൈവിധ്യ പരിപാലന സമിതിക്കുണ്ട്. അവർ അവരുടെ ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിന് പകരം ക്വാറി മുതലാളിമാരുടെ താൽപര്യങ്ങൾ സംരക്ഷിച്ച് പോരുന്ന സമീപനമാണ് ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിലും സ്വീകരിച്ചത് എന്നതിന്റെ തെളിവാണ് തെക്കന്മലയിലെ ക്വാറി വീണ്ടും പ്രവർത്തനം ആരംഭിച്ചത്.  പഞ്ചായത്തും ജൈവവൈവിധ്യ പരിപാലന സമിതിയും ക്വാറിയിങ്ങ് തടയാനാവശ്യമായ നടപടി സ്വീകരിക്കണം.  പ്രകൃതി രമണീയമായ ഈ പ്രദേശങ്ങളെ ശവപ്പറമ്പാക്കാൻ പഞ്ചായത്ത് കൂട്ട് നിൽക്കരുത്. 

Green Reporter

Musthafa Pallikkuth, Environmental Activist

Visit our Facebook page...

Responses

0 Comments

Leave your comment