മഴ കുറഞ്ഞു; ഇന്ന് അലർട്ടുകൾ ഇല്ല




തിരുവനന്തപുരം: മഴ കുറഞ്ഞ ആശ്വാസത്തില്‍ സംസ്ഥാനം. ഇടുക്കി ജില്ലയിലുണ്ടായിരുന്ന യെല്ലോ അലേര്‍ട്ട് കൂടി പിന്‍വലിച്ചതോടെ ഇന്ന് മുതല്‍ ഒരു ജില്ലയിലും മഴ സംബന്ധിച്ച ജാഗ്രതാ നിര്‍ദേശങ്ങളില്ല. ഇന്നലെ രാവിലെ എട്ട് വരെയുള്ള കണക്കു പ്രകാരം ഒറ്റപ്പാലത്താണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്, 29.6 മില്ലി മീറ്റര്‍.


അതേസമയം, ഏഴ് ജില്ലകളില്‍ ഗ്രീന്‍ അലേര്‍ട്ട് ഉണ്ട്. ശക്തി കുറഞ്ഞതും മിതമായ അളവിലും മഴ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത നാല് ദിവസത്തേക്ക് ഗ്രീന്‍ അലേര്‍ട്ട് തുടരും. മത്സ്യ ബന്ധനത്തിനു പോകാനും തടസമില്ലെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 


ആലപ്പുഴ ജില്ലയിലെ നദികളിലും കുട്ടനാട്ടിലും ജലനിരപ്പു താഴുന്നു. ഇന്നലെ മഴ ശക്തമായിരുന്നില്ല. രണ്ട് ദിവസം കൊണ്ടു കുട്ടനാട്ടിലും പമ്ബാ നദിയിലും അച്ചന്‍കോവിലാറ്റിലും അരയടി വരെ വെള്ളം കുറഞ്ഞു. പ്രളയ ഭീതി ഒഴിവാകുമെന്ന ആശ്വാസം എങ്ങും. തോട്ടപ്പള്ളി സ്പില്‍വേ വഴിയുള്ള ഒഴുക്കും ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. പൊഴിയിലെ മണ്ണു നീക്കി വീതി 300 മീറ്ററാക്കി. തൃക്കുന്നപ്പുഴ ചീപ്പ് വഴി വെള്ളം നന്നായി ഒഴുകുന്നതും തോട്ടപ്പള്ളിയില്‍ ഒഴുക്കു കുറയാന്‍ കാരണമാണ്. ജലനിരപ്പു കുറഞ്ഞു തുടങ്ങിയെങ്കിലും മഴക്കെടുതികള്‍ ചെറിയ തോതില്‍ ഇപ്പോഴും തുടരുകയാണ്. 


സംസ്ഥാനത്ത് മഴക്കെടുതികളില്‍ ആകെ മരണം 116 ആയി. അതേസമയം, 111 പേരുടെ മരണമാണു സര്‍ക്കാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കൃഷി നാശം വ്യാപകമാണ്. കേടു പറ്റിയ വീടുകളും ഒട്ടേറെ. പല ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിന്നും ആളുകള്‍ മടങ്ങിത്തുടങ്ങി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment