മഴക്കണക്ക് തിരുത്തി എഴുതി ഓഗസ്റ്റിലെ മഴ, എഴുപത് വര്‍ഷത്തിന് ഇടയില്‍ ആദ്യം




കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മഴയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്ന സംസ്ഥാനത്ത് ഈ ഓഗസ്റ്റ് മാസം പെയ്‌തത്‌ റെക്കോർഡ് മഴ. ജൂണും ജൂലൈയും നിരാശപ്പെടുത്തിയപ്പോഴാണ് ഓഗസ്റ്റ് മഴ കൂടുതൽ തന്നത്. അതാകട്ടെ, ഏകദേശം ഇരട്ടിയിൽ കൂടുതലുമാണ്. എഴുപത് വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തിൽ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. 1951ന് ശേഷം ആഗസ്റ്റില്‍ ഇത്രയും വലിയ തോതില്‍ മഴ ലഭിച്ചില്ലെന്ന് കാലാവസ്ഥാ വ്യതിയാന ഗവേഷകര്‍ പറയുന്നു.


മണ്‍സൂണിന്റെ രണ്ടാം പാദത്തിന്റെ തുടക്കമായ ആഗസ്റ്റില്‍ 420 മില്ലിമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിക്കാറ്. എന്നാല്‍ ഈ വര്‍ഷം ലഭിച്ചത് 951 മി മീറ്റര്‍. 126 ശതമാനം അധികം മഴയാണ് രേഖപ്പെടുത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഒരാഴ്ചക്കിടെയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രളയം സൃഷ്ടിച്ച ആഗസ്റ്റ് എട്ട് മുതല്‍ 14 വരെ ലഭിച്ചത് 515 മി മീ മഴയാണ്. 387 ശതമാനം വര്‍ധനവ്.


2018ലെ പ്രളയത്തില്‍ രേഖപ്പെടുത്തിയതിനേക്കാളും 130 മി മീ അധികം മഴയാണ് ലഭിച്ചത്. കേരളത്തില്‍ മണ്‍സൂണ്‍ മഴ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന ജൂണ്‍ ജൂലൈ മാസങ്ങളെ ഇത്തവണ ഓഗസ്റ്റ് പിന്നിലാക്കി. കേരളത്തില്‍ ജൂണില്‍ പ്രതീക്ഷിക്കപ്പെടുന്ന 650 മി മീറ്ററിന് പകരം 359 മി മീ മഴയാണ് ലഭിച്ചത്. 45 ശതമാനം കുറവ്. 726 മി മീറ്റര്‍ മഴ പ്രതീക്ഷിച്ച ജൂലൈയില്‍ ലഭിച്ചത് 575 മി മീ മഴ.


കോഴിക്കോടും 31 ശതമാനവും, പാലക്കാട് 29 ശതമാനവും അധിക മഴ ലഭിച്ചു. ഹൈറേജ് ജില്ലകളായ ഇടുക്കിയില്‍ 18 ശതമാനവും, വയനാട്ടില്‍ 14 ശതമാനവും കുറവ് മഴയാണ് രേഖപ്പെടുത്തിയത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment