സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്




സംസ്ഥാനത്തെ വിവിധജില്ലകളില്‍ പരക്കെ മഴ. ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള മലപ്പുറം, കോഴിക്കോട് ജില്ലകളിലും പാലക്കാട്, പത്തനംതിട്ട, കോട്ടയം ജില്ലകളിലെവിവിധഭാഗങ്ങളിലും മഴ ശക്തമായി പെയ്യുന്നുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് മലപ്പുറത്ത് ശക്തമായ മഴ പെയ്യാന്‍ ആരംഭിച്ചത്. ബുധനാഴ്ച രാവിലെയും ശക്തമായ മഴ ഇടവിട്ട് പെയ്യുന്നുണ്ട്. 


പത്തനംതിട്ട റാന്നിയില്‍ ഒരു രാത്രികൊണ്ട് പമ്പയാറും കൈവഴിയായ വലിയ തോടും നിറഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചിന് തുടങ്ങിയ മഴയിലാണ് ജലനിരപ്പ് ഉയര്‍ന്നത്. പമ്പയാറിലും തോടുകളിലും ഇന്നലെ കാല്‍ ഭാഗം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളു. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്കു വെള്ളം കയറിത്തുടങ്ങി. പാലാ-ഈരാറ്റുപേട്ട റോഡില്‍ വീണ്ടും വെള്ളം കയറി. ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. 


മലയോരമേഖലകളില്‍ മഴയ്ക്ക് നേരിയതോതില്‍ ശമനമുണ്ടെങ്കിലും തീരപ്രദേശങ്ങളില്‍ മഴ ശക്തമായി പെയ്യുകയാണ്. ചെറിയ മഴ പോലും കവളപ്പാറയിലെ തിരച്ചില്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കാനിടയുണ്ട്. ഇതുവരെ 35,000ല്‍ അധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്ബുകളിലുണ്ട്.


കനത്ത മഴയില്‍ മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കവളപ്പാറയില്‍ പുലര്‍ച്ചെ മുതല്‍ വീണ്ടും മഴ തുടങ്ങി. ഇത് തെരച്ചിലിന് തടസമാകുമെന്നാണ് ആശങ്ക. 36 പേരെയാണ് ഇവിടെ നിന്നും ഇനിയും കണ്ടെത്താനുള്ളത്. മുക്കാടന്‍മലയില്‍ സോയില്‍ പൈപ്പിങ് കണ്ടെത്തിയ സ്ഥലത്തുനിന്ന് കുടുംബങ്ങളെ ചൊവ്വാഴ്ച തന്നെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.


എറണാകുളം ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയോടെ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി പെയ്യുകയാണ്. കിഴക്കന്‍ മേഖലകളിലാണ് മഴ ശക്തമായി പെയ്യുന്നത്. മണികണ്ഠന്‍ചാല്‍ ചപ്പാത്തില്‍ വെള്ളം കയറി. പത്ത് ആദിവാസി ഊരുകളിലേക്കുള്ള ഗതാഗതമാര്‍ഗമാണ് മണികണ്ഠന്‍ചാല്‍ ചപ്പാത്ത്. ഇവിടെ വെള്ളം കയറിയതോടെ ആദിവാസിഊരുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. ബ്ലാവനയില്‍നിന്നുള്ള ജങ്കാര്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. എറണാകുളം ഭൂതത്താന്‍കെട്ട് ഡാമിലെ ജലനിരപ്പില്‍ നേരിയ വര്‍ധന. ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ഒരു മീറ്റര്‍ ഉയര്‍ന്നിട്ടുണ്ട്.


ആലപ്പുഴയില്‍ ഇടവിട്ട കനത്തമഴ തുടരുകയാണ്. അതേസമയം ഉയര്‍ന്ന മേഖലകളായ തലവടി, എടത്വ, നീലംപേരൂര്‍ തുടങ്ങിയിടങ്ങളില്‍നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. പാടശേഖരങ്ങളിലെ തകര്‍ന്ന ബണ്ടുകള്‍ പുനര്‍നിര്‍മിക്കാനുള്ള ജോലി ഇന്ന് ആരംഭിക്കും.നദികളിലും ജലസ്രോതസുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment