ജലം സംരക്ഷിക്കാൻ മടിക്കൈ പഞ്ചായത്ത് ഒരുക്കിയത് 38,000 ലധികം മഴക്കുഴികള്‍




മഴക്കാല ജല പരിപാലനത്തിലൂടെ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുമായി 38,000 ലധികം മഴക്കുഴികള്‍ ഒരുക്കി കാസർഗോഡ് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്ത്. മടിക്കൈ പഞ്ചായത്തിലെ 15 വാര്‍ഡുകളിലായാണ് 38,000ലധികം മഴക്കുഴികള്‍ ഒരുക്കിയിരിക്കുന്നത്. ഒരു വാര്‍ഡില്‍ 500 ലധികം മഴക്കുഴികളാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം മടിക്കൈ ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ചിട്ടുള്ളത്.


ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ മഴവെള്ളം ഭൂമിയിലെത്തിക്കാനുള്ള മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് മഴക്കുഴികള്‍. പൊതുവെ ചരിവു കുറഞ്ഞതും മണ്ണിന് കനം കുറഞ്ഞതുമായ പ്രദേശങ്ങളാണ് മഴക്കുഴികള്‍ നിര്‍മിക്കാന്‍ ഏറ്റവും അനുയോജ്യം. ഒന്നര മീറ്റര്‍ നീളത്തിലും 60 സെന്റീ മീറ്റര്‍ വീതിയിലും 60 സെന്റീ മീറ്റര്‍ ആഴത്തിലുമാണ് മഴക്കുഴികള്‍ ഒരുക്കേണ്ടത്.


മഴക്കുഴികള്‍ക്ക് പുറമെ ചകരിക്കുഴികളും മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. തെങ്ങിന്‍ തടത്തിന് ചുറ്റുമായി കുഴികളെടുത്ത് അതില്‍ ചകിരി നിറച്ച്‌ മഴവെള്ളം ഭൂമിയിലേക്ക് കിനിഞ്ഞ് ഇറക്കും. 


പുതുതായി ആറു കുളങ്ങളും ആറു കിണറുകളും നിര്‍മ്മിച്ചിട്ടുണ്ട്. 29 തോടുകളും നവീകരിച്ച്‌ കഴിഞ്ഞു. ഓരോ വാര്‍ഡിലെയും 60ലധികം വീടുകളില്‍ കിണര്‍ റീചാര്‍ജിംഗും നടന്നു കഴിഞ്ഞു. കൂടാതെ തീയര്‍പാലം അണക്കെട്ട് പുനര്‍നിര്‍മ്മിക്കുകയും അഞ്ചിലധികം കുളങ്ങള്‍ നവീകരിക്കുകയും ചെയ്തു. പഞ്ചായത്തിനു പുറമെ വാട്ടര്‍ അതോറിറ്റി, ചെറുകിട ജലസേചന വകുപ്പ്, തൊഴിലുറപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്.


സംസ്ഥാനത്ത് പൊതുവെ മഴ കുറഞ്ഞ അവസ്ഥയാണുള്ളത്. മഴ വൈകിയതോടെ കടുത്ത വരൾച്ചയും മിക്ക ഇടങ്ങളിലുമുണ്ടായി. സംസ്ഥാനത്ത് മുൻപുണ്ടായിരുന്ന കുളങ്ങളും പാടങ്ങളും തോടുകളും വയലുകളും എല്ലാം വലിയ തോതിൽ നികത്തിയിരുന്നു. ഇത് വരൾച്ചയ്ക്ക് ആക്കംകൂട്ടി. വീണ്ടും ഭൂമിയിലേക്ക് ജലം ഇറങ്ങണമെങ്കിൽ മഴക്കുഴികളും പുതിയ കുളങ്ങളും നിർമ്മിക്കേണ്ടത് അത്യാവശ്യമാണ്. മടിക്കൈ പഞ്ചായത്ത് ചെയ്യുന്ന ഈ നടപടികൾ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കുകയും കാര്യക്ഷമമായി കൊണ്ട് നടക്കുകയും വേണം.

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment