വയനാട്ടിലെ കോടികളുടെ വീട്ടിമരം കൊള്ള ശ്രമം പുറത്തു കൊണ്ടു വന്ന റെയിഞ്ച് ഓഫീസർ സമീറിനെ കേരളം ആദരിക്കണം




ഫെബ്രുവരി മാസം ആദ്യമാണ് വയനാട് ജില്ലയിലെ വാഴവറ്റ പ്രദേശത്ത് വീട്ടിമരങ്ങൾ നിയമവിരുദ്ധമായി മുറിക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ മനസ്സിലാക്കിയത്. വാഴവറ്റ, ആവിലാട്ടുകുന്ന്, കരിങ്കണ്ണിക്കുന്ന് തുടങ്ങിയ പ്രദേശത്തെ സാധാരണക്കാരായ കർഷകരുടെ പറമ്പുകളിൽ നിന്നും കൂറ്റൻ വീട്ടിമരങ്ങൾ മുറിച്ചു മാറ്റുവാൻ കച്ചവടക്കാർ രംഗത്തു വന്നു. അഞ്ഞൂറിലധികം കൊല്ലം പഴക്കമുള്ളവയും മുറിച്ചു മാറ്റിയതിൽ പെടുന്നു.  


സൌത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മേപ്പാടി റെയിഞ്ചിൽ പെട്ട സ്ഥലങ്ങളി ലാണ് മരംമുറി നടന്നത്.മരംമുറിക്കാനുള്ള അപേക്ഷ റെയ്ഞ്ച് ആഫീസർ A. K. സമീർ നിരസിച്ചു. പാസ്സ് നിഷേധിച്ചതിനെ തുടർന്ന് പുറം ലോകത്തിന് വീട്ടി മരവെട്ട് അറിയുവാൻ അവസരമുണ്ടായി. വംശ നാശ ഭീഷണിയുള്ളതായി രേഖപ്പെടുത്തിയതും പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നതുമായ മരമാണ് വീട്ടി. മറ്റു ജനുസ്സിലെ പതിനായിരക്കണക്കിന് മരങ്ങളും നശിപ്പിച്ചിരുന്നു.


കൊറോണയെ തുടർന്ന് കേരളം അടച്ചിടലിലായ പോയ ഒരു വർഷം പരിസ്ഥിതി വിരുദ്ധ നിയമങ്ങളുടെ സുവർണ്ണകാലം കൂടിയാണ്. 2020 മാർച്ച് മാസത്തിൽ  1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് പതിച്ചു കൊടുത്ത പട്ടയ ഭൂമിയിൽ സർക്കാറിൽ റിസർവ്വ് ചെയ്ത ചന്ദനം, തേക്ക്, വീട്ടി, വെള്ള അകിൽ, ചടച്ചി, തേമ്പാവ്, ചന്ദന വേമ്പ്, ഇരുൾ, കമ്പകം തുടങ്ങിയ 9 ജനുസ്സിൽപെട്ട മരങ്ങളിൽ ചന്ദനം ഒഴിച്ചുള്ളവയെല്ലാം പട്ടയദാർമാർക്ക് മുറിക്കാമെന്ന് ഉത്തരവിറക്കി.


പട്ടയം കിട്ടിയ ശേഷം ഉണ്ടായ മരങ്ങൾക്കുമെലെ മാത്രമെ കർഷകർക്ക് അവകാശമുള്ളു. അതിനെ അട്ടിമറിക്കുവാൻ കേരള വനം പ്രിൻസപ്പിൾ സെക്രട്ടറി ഡോ. വേണു ഒപ്പിട്ട 3/137/2013 ഉത്തരവ് ലക്ഷ്യം വെച്ചത് 75 ലക്ഷം മരങ്ങളിൽ 90% വും വെട്ടി മാറ്റുവാനായിരുന്നു. ''ഒൺ എർത്ത് ഒൺലൈഫ് "എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് പ്രസ്തുത ഉത്തരവ് സ്റ്റേ ചെയ്യപ്പെട്ടു. ഇതിനെതിരെ മര മാഫിയ ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയും പട്ടയം നൽകിയ ശേഷം സ്വയം കിളിർത്തു വന്നതും വെച്ചു പിടിപ്പിച്ചതുമായ മരങ്ങൾ മുറിക്കാൻ കർഷകരെ അനുവദിക്കണമെന്ന് ഡിവിഷൻ ബഞ്ച് ഉത്തരവാകുകയും ചെയ്തു. പ്രസ്തുത
‌ഉത്തരവ് ദുർ വ്യാഖ്യാനിച്ചാണ് രണ്ടു മാസമായി വയനാട് , തൃശ്ശൂർ , ഇടുക്കി , പത്തനംതിട്ട ജില്ലകളിൽ റവന്യൂ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ മരം മുറി അരങ്ങേറിയത്.വയനാട്ടിലെ പട്ടയഭൂമികളിൽ സർക്കാർ റിസർവ്​ ചെയ്ത കൂറ്റൻ വീട്ടി മരങ്ങൾ മുറിച്ചതും പുതിയ വിധിയുടെ വ്യാഖ്യാനത്തിലൂടെയാണ്.


വയനാടൻ വീട്ടിത്തടികൾക്ക് ദേശാന്തര കീർത്തിയുണ്ട്. 
സർക്കാറിൽ നിക്ഷിപ്തമായ അനേകായിരം കോടി രൂപ വിലവരുന്ന തേക്ക്, വീട്ടി, ചന്ദനം എന്നീ മരങ്ങളുടെ സംരക്ഷണച്ചുമതല വില്ലേജ് ആപ്പീസർ മുതൽ ജില്ലാ കളക്ടർ വരെയുള്ളവർക്കാണ്. അവരുടെ നിഷ്ക്രിയത്വം പലപ്പോഴും മരക്കൊള്ള ക്കാരെ സഹായിക്കും വിധമായി മാറുന്നു. നിയമങ്ങളെ നാേക്കുകുത്തിയാക്കി മരം മുറി ശക്തമായ സാഹചര്യത്തിൽ സർക്കാർ പുതിയ ഉത്തരവിലൂടെ പട്ടയഭൂമിയിലെ മരം മുറി നിർത്തുവാൻ നിർബന്ധിതമായി. 


മേപ്പാടിയിലെ കോടികളുടെ വീട്ടി കടത്തു തടഞ്ഞ റെയ്ഞ്ച് ആഫീസർ ശ്രീ A. K. സമീറിന് ഗ്രീൻ റിപ്പോർട്ടറിന്റെ പ്രത്യേക അനുമോദനങ്ങൾ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment