പശുഫാമിന്റെ പേരിൽ നടക്കുന്നത് വൻ അനധികൃത ഖനനം; മന്ത്രി ഉൾപ്പെടെ അറിഞ്ഞിട്ടും നടപടി ഇല്ല





റാന്നി അത്തിക്കയം വില്ലേജില്‍ നാരാണാംമൂഴി പഞ്ചായത്തിൽ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് അനധികൃതമായി പാറഖനനം. പശുഫാം നിര്‍മ്മിക്കുന്നതിന്റെ മറവിലാണ് മൂന്ന് ഏക്കര്‍ ഭൂമിയില്‍ ഖനനം നടക്കുന്നത്. ഫാം തുടങ്ങാൻ അനുമതി നല്‍കിയിരിക്കുന്ന സ്ഥലത്ത് നിന്നാണ് പാറ പൊട്ടിച്ച്‌ കടത്തുന്നത്. ഇവിടെ പാറ ഖനനത്തിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് ജിയോളജി വകുപ്പില്‍ നിന്നും ലഭിച്ച മറുപടി.


അനധികൃത ഖനനം സംബന്ധിച്ച് റവന്യൂമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും ഇടപെടുന്നില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. രണ്ട് മാസം മുൻപാണ് പശു ഫാം നിര്‍മ്മിക്കാന്‍ വേണ്ടി പാറ പൊട്ടിക്കാന്‍ തുടങ്ങിയത്. സ്‌ഫോടകള്‍ വസ്തുക്കള്‍ ഉപയോഗിച്ചാണ് പാറ ഖനനം. 

 


ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ സോണ്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയപ്രദേശത്താണ് ഖനനം നടക്കുന്നത്. പെരിയാര്‍ ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണിത്. വനത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ പോലുമില്ലാത്ത പ്രദേശത്താണ് അനധികൃത ഖനനം. ചെങ്കുത്തായ പ്രദേശത്തെ പാറഖനനം പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുമെന്ന ആശങ്കയിലാണ് പ്രദേശത്തുള്ളവര്‍.

 


ചെമ്പന്‍മുടി, മണിമേലേത്ത് എന്നീ രണ്ട് ക്വാറികളാണ് അത്തിക്കയം വില്ലേജില്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്നതെന്നാണ് ജിയോളജി വകുപ്പ് നല്‍കിയിരിക്കുന്ന മറുപടി. പശു ഫാം തുടങ്ങുന്നതിന്റെ ഭാഗമായി നൂറുകണക്കിന് ലോഡ് പാറ പൊട്ടിച്ച്‌ പ്രദേശത്ത് കൂട്ടിയിട്ടിട്ടുണ്ടെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരിശോധനയ്ക്ക് ശേഷം മറുപടി നല്‍കിയിരിക്കുന്നത്. 

 


20 പശുക്കളെ വളര്‍ത്താനുള്ള ഫാമിന് ഇത്ര വിസ്തൃതമായ പ്രദേശത്ത് പാറഖനനം നടത്തേണ്ടതില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെയോ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയോ അനുമതിയും ലഭിച്ചിട്ടില്ലെന്നാണ് ആരോപണം. അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് ഉടമ ആരോഗ്യവകുപ്പിനെ അറിയിച്ചതെങ്കിലും രേഖകള്‍ കാണിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


പൊലീസ്- റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് അനധികൃത ഖനനം നടക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ആയിരക്കണക്കിന് ലോഡ് പാറ ഇവിടെ നിന്നും മാറ്റി. ഇപ്പോഴും ഖനനം നടക്കുകയാണ്. പാറ നീക്കുന്നതിന് അനുമതി വാങ്ങണം. അത് ചെയ്തിട്ടില്ല. പമ്പയാറിന്റെ കൈവഴിയുടെ തീരത്താണ് ഖനനം നടക്കുന്നത്. ഇക്കാര്യങ്ങളെല്ലാം കാണിച്ച്‌ റവന്യൂമന്ത്രി, പത്തനംതിട്ട ജില്ലാ കളക്ടര്‍, തിരുവല്ല ആര്‍.ഡി.ഒ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി എടുത്തിട്ടില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment