ഒരു മഹാവനത്തിനു ജന്മം നൽകിയ മഹാവനിത




1990-2006 വരെയുള്ള കണക്കുകൾ മാത്രമെടുത്താൽ തന്നെ ദക്ഷിണാഫ്രിക്കയുടെ വലുപ്പത്തിനത്രയോളം വരുന്ന വനപ്രദേശം ഇവിടെ നിന്ന് അപ്രത്യക്ഷമായിയെന്ന് കാണുവാൻ സാധിക്കും. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി വെറിപിടിച്ച മൃഗം കണക്കെ പരിസ്ഥിതിയെ വേട്ടയാടുന്ന മനുഷ്യകുലത്തിന് തന്നെ പ്രതീക്ഷയേകുന്ന കഥയാണ് ആലപ്പുഴ ജില്ലയിലെ, കാർത്തികപ്പള്ളി താലൂക്കിലെ  മുതുകുളം എന്ന ചെറുഗ്രാമത്തിന് പറയുവാനുള്ളത്. ആലപ്പിയെന്ന നാമത്തിൽ 17 ആഗസ്റ്റ് 1957ൽ പിറവികൊണ്ട ആലപ്പുഴ, ഇന്ന് നമ്മുടെ ഈ കൊച്ചു കേരളത്തിലെ കായൽ - ജലാശയങ്ങളുടെ നാട്ടുരാജ്യം കൂടിയാണ്. മണിമല, പമ്പ, അച്ചൻകോവിൽ എന്നീ പ്രധാന നദികളിൽ നനഞ്ഞലിഞ്ഞ 1414 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ഭൂവിൽ പക്ഷേ വനപ്രദേശത്തിന്റെ പുതപ്പില്ല എന്നത് അതിശയിപ്പിക്കുന്ന ഒരു വസ്തുതയാണ്.


എന്നാൽ മുതുകുളത്തിന് അഭിമാനമെന്നോണം ഏകദേശം അഞ്ചേക്കറോളം വരുന്ന വനഭൂമി ഇന്ന് തലയുയർത്തി, ആലപ്പുഴയിൽ തണൽ വിരിച്ചാടുന്നു. ഹരിതാഭയാലും, നിറഞ്ഞ ആവാസവ്യവസ്ഥയാലും കണ്ണിനും മനസ്സിനും കുളിരേകുന്ന മനോഹരമായ ഈ പ്രകൃതി - ദൃശ്യ - വിസ്മയം ഒരു മനുഷ്യമനസ്സിന്റെ - മനുഷ്യായുസ്സിന്റെ കരവിരുതാണ്. ശാഖികളും, ചെറുവൃക്ഷങ്ങളും, വള്ളിപ്പടർപ്പുകളും ഇടതിങ്ങി കളിയാടുന്ന ഈ വനം ഇന്ന് കൊല്ലകയിൽ ദേവകിയമ്മയുടെം കുടുംബത്തിന്റെയും സന്തതികളാണ്. 40 വർഷങ്ങളോളമെടുത്ത് വളർത്തിയ ഈ വനഭൂമിയിൽ ഇന്ന് മയിലും, കുയിലും, കുരങ്ങുകളും മറ്റനേകം ജീവജാലങ്ങളും, 1000 തിലധികം വരുന്ന വൃക്ഷങ്ങൾക്കൊപ്പം തിങ്ങിപ്പാർക്കുന്നു.


പ്രകൃതി - പരിസ്ഥിതി സംരക്ഷണത്തിനായി മുറവിളികൂട്ടി പത്രവാർത്തയുടെ ചതുരക്കളങ്ങളിലും, വർത്താച്ചാനലുകളിൽ ചർച്ചാനേരങ്ങളിലും മാത്രം പര്യവസാനിക്കുന്ന പുതുയുഗത്തിലെ പൗരബോധത്തിന്റെ നേർ വിപരീതരേഖയിൽ സഞ്ചരിക്കുന്ന മനുഷ്യായുസ്സിന്റെ ചിന്തകളായി ഇന്ന് ദേവകിയമ്മ നിലകൊള്ളുന്നു. അമേിക്കയടക്കമുള്ള വലിയ രാജ്യങ്ങളുടെ കാലാവസ്ഥ പഠനങ്ങൾ പ്രതിപാദിക്കുന്ന ചർച്ചായോഗങ്ങളിലോ, സംവാദങ്ങളിലോ, അഗോളതാപനത്തിന്റെ പാർശ്വഫലങ്ങളെ വിളിച്ചോതുന്ന പരിശീലനക്കളരികളിലോ ശ്രീ ദേവകിയമ്മ അദ്ധ്യക്ഷത്ത്വം വഹിച്ചിട്ടില്ല. പരിസ്ഥിതി ശാസ്ത്രജ്ഞയുമല്ല. നേടിയ നല്ല പാഠങ്ങൾ തന്റെ ജീവിതത്തിന്റെ പാതിയായ ശ്രീ ഗോപാലകൃഷ്ണ പിള്ളയിൽ നിന്നായിരുന്നു. ഓരോ യാത്രാന്ത്യവും വീട്ടിൽ മടങ്ങിവരുമ്പോൾ ഗോപാലകൃഷ്ണൻ മാഷ് മറക്കാതെ കയ്യിൽ കരുതിയത് വൃക്ഷത്തൈകളും വിത്തുകളുമായിരുന്നു. വനമൊരു വരമെന്ന സത്യം തന്റെ ജീവന്റെ പാതിയിൽ നിന്നുമാണ് ഈ 85 കാരി പഠിക്കുന്നതും, അതിലുപരി തന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്തു. കണ്ണുകൾ അടച്ചു തുറക്കും വേഗത്തിൽ ഇന്ന് വനപ്രദേശം നീക്കം ചെയ്യുവാൻ സാധിക്കുമ്പോളും , ഒരു വനത്തെ ഉരുവാക്കുവാൻ ഒരു ജീവിതകാലം തന്നെ വേണ്ടിവരുമെന്ന കയ്പേറിയ സത്യം ഇന്ന് മുതുകുളം വരച്ചുക്കാട്ടുന്നു.


ഇന്ന് ഈ വനപരിസരം തേക്ക്, മഹാഗണി, ഞാവൽ, പുളിമരങ്ങളും മാവുമെല്ലാംകൊണ്ട് സമ്പുഷ്ടമാണ്. ഇടിച്ചുകുത്തി പെയ്യുന്ന മഴയിലും വെള്ളം നേരിട്ട് മണ്ണിൽ പതിയാവിധം നിബിഡമാണ് മനുഷ്യനിമ്മിതമായ ഈ വനം. കാവ്യഭാവനയിൽ മാത്രം നിലനിന്നിരുവെന്ന് കരുതപ്പെട്ടിരുന്ന കായ്യാമ്പൂമരം ദേവകിയമ്മയുടെ സന്തതി പരമ്പരയിൽ മുൻ പന്തിയിൽ  നാഗപ്പൂമരത്തിന്റെയും, ലക്ഷ്മി താരുവിന്റെയുമൊപ്പം നിലകൊള്ളുന്നു. പ്രസിഡന്റ് ശ്രീ രാം നാഥ് കോവിന്ദിൽ നിന്നും നാരി പുരസ്കാരവും, മന്ത്രാലയങ്ങളിൽ നിന്ന് ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡും , ഹരിത വ്യക്തി പുരസ്കാരങ്ങളും നേടിയ ഈ മഹാത്മാവിനെ നമ്മൾ മലയാളികളിൽ എത്ര പേർക്കറിയാം എന്നത് പ്രബലമായ ഒരു ചിന്തയാണ്.


ജൂലൈ 1-7 വരെ വനമഹോൽസ്സവം കേരളക്കരയിൽ സംസ്ഥാന ഭരണകൂടം കൊണ്ടാടുമ്പോൾ , ഒരുപക്ഷേ ഓർത്തുവെച്ച് ബഹുമാനിക്കേണ്ട ചില അത്മാക്കളിൽ ഒരാളാണ് ശ്രീ ദേവകിയമ്മ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment