പി രാജീവിന്റെ പ്രതികരണം പരിസ്ഥിതിയോടുള്ള വെല്ലുവിളി




സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ ശ്രീ പി രാജീവ് ശാന്തിവനത്തിന്റെ വിഷയത്തിൽ എടുത്ത നിലപാടും അതിനുള്ള 'ഗ്രീൻ റിപ്പോർട്ടറിന്റെ മറുപടിയും...


പി രാജീവിന്റെ ലേഖനത്തിൽ നിന്നുള്ള പ്രസക്തമായ ഭാഗങ്ങൾ 


ഏപ്രിൽ 30നാണ് ഞാൻ പറവൂരിലെ ശാന്തി വനം സന്ദർശിച്ചത്. കെ എസ് ഇ ബി ടവറിന്റെ നിർമ്മാണം നടക്കുന്നു...


ടവറിന്റെ ഉയരം കൂട്ടി  48 മരങ്ങൾക്ക് പകരം 3 മരങ്ങൾ മാത്രം മുറിച്ചാൽ മതിയാകുമെന്ന് അവർ റിപ്പോർട്ട് നൽകി. രണ്ട് ആഞ്ഞിലിയും ഒരു കവുങ്ങുമാണ് മുറിക്കേണ്ടി വരുന്നത്. ടവറിന്റെ ബോട്ടം ക്രോസ് ആമിന്റെ നീളം 19.4 മീറ്ററില്‍നിന്നും 22.4 ആയി ഉയര്‍ത്തി.  അതിന്റെ പടിഞ്ഞാറുവശത്ത് 21.4 മീറ്ററില്‍നിന്നും 24.6 മീറ്ററായും ഉയര്‍ത്തി.   ടവറിന്റെ നീളം കൂട്ടുന്നതിനാല്‍ 13.5 മീറ്ററില്‍ കൂടുതല്‍ ഉയരത്തിലുള്ള ശിഖരങ്ങള്‍ മാത്രമേ മുറിച്ചുമാറ്റേണ്ടതായി വരൂ.  ഇത്തരത്തില്‍ രണ്ട് ആഞ്ഞിലികളും ഒരു പൈന്‍ മരവും രണ്ട് പാഴ്മരങ്ങളും നീളം കുറച്ചു നിര്‍ത്തും. സാമൂഹ്യ വനവല്‍കരണവിഭാഗത്തിന്റെ നിബന്ധനകള്‍ക്കു വിധേയമായാണ് മരങ്ങള്‍ മുറിക്കുക.  1:10 എന്ന അനുപാതത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കും. 


അണ്ടർ ഗ്രൗണ്ട് ലൈൻ സാങ്കേതികമായി പ്രായോഗികമല്ലെന്നാണ് വിദഗ്ദ സമിതി അറിയിച്ചത്.  നിലവിലെ സാഹചര്യത്തിൽ  പാരിസ്ഥിതിക ആഘാതം ഏറ്റവും കുറച്ച് പ്രായോഗികമായി ഇപ്പോൾ നടപ്പിലാക്കാൻ കഴിയുന്ന പരിഹാരം ഇതാണെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ സംസാരിച്ച ഭൂരിപക്ഷവും പറഞ്ഞത്.എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്ന ഈ പറഞ്ഞവയൊന്നുമല്ലാത്ത പരിഹാരം പാരിസ്ഥിക സംഘടനകളുടേയും ബന്ധപ്പെട്ടവരുടേയും കയ്യിലുണ്ടെങ്കിൽ ഇനിയും പരിശോധിക്കേണ്ടതാണ്.


മറുപടി 


ശ്രീ. പി. രാജീവ്,


വരാൻ പോകുന്ന കാൽ നൂറ്റാണ്ടിലെ  കേരള രാഷ്ട്രീയത്തിൽ സിപിഎം (എം) നെ പ്രതിനിധീകരിച്ച് ഉന്നത സ്ഥാനങ്ങൾ  വഹിക്കുവാൻ അവസരം കിട്ടിയവരുടെ കൂട്ടത്തിലെ ഒരാളായ നിങ്ങളുടെ പ്രതികരണം എല്ലാ അർത്ഥത്തിലുമുള്ള  രാഷ്ട്രീയ പാപ്പരത്തം വിളിച്ചറിയിക്കുന്നുണ്ട്.


ഭൂമിയെ ഊഹ മൂലധനമായി മാത്രം കാണുവാൻ ശീലിച്ച ബഹു ഭൂരിപക്ഷം മലയാളികളുടെ ഇടയിൽ, യശശ്ശരനായ അദ്ധ്യാപകൻ ശ്രീ.രവീന്ദ്ര മേനോൻ, തന്റെ 2 ഏക്കർ ഭൂമി റിയൽ എസ്റ്റേറ്റുകാർക്കു കൈമാറാതെ, മരം വളർത്തി, മൂന്നു കുളങ്ങൾ  സംരക്ഷിച്ച്, മനുഷ്യർക്കും പക്ഷികൾക്കും മറ്റും തണൽ നൽകുവാൻ തയ്യാറായി. നിങ്ങളുടെ പാർട്ടിയുടെ സൈദ്ധാന്തികർ മാത്രമല്ല മലബാറിലെ ആദ്യ കാല കർഷക നേതാക്കളും വനം പൊതു ഉടമസ്ഥതയിൽ സംരക്ഷിക്കുവാൻ ശ്രമിച്ചവരാണ്.

താങ്കൾ നടത്തിയ പ്രതികരണത്തിലേക്ക്...

''ടവറിന്റെ ബോട്ടം ക്രോസ് ആമിന്റെ നീളം 19.4 മീറ്ററില്‍നിന്നും 22.4 ആയി ഉയര്‍ത്തി. അതിന്റെ പടിഞ്ഞാറു വശത്ത് 21.4 മീറ്ററില്‍നിന്നും 24.6 മീറ്ററായും ഉയര്‍ത്തി. ടവറിന്റെ നീളം കൂട്ടുന്നതിനാല്‍ 13.5 മീറ്ററില്‍ കൂടുതല്‍ ഉയരത്തിലുള്ള ശിഖരങ്ങള്‍ മാത്രമേ മുറിച്ചുമാറ്റേണ്ടതായി വരൂ. ഇത്തരത്തില്‍ രണ്ട് ആഞ്ഞിലികളും ഒരു പൈന്‍ മരവും രണ്ട് പാഴ്മരങ്ങളും നീളം കുറച്ചു നിര്‍ത്തും.സാമൂഹ്യ വനവല്‍കരണ വിഭാഗത്തിന്റെ നിബന്ധനകള്‍ക്കു വിധേയമായാണ് മരങ്ങള്‍ മുറിക്കുക.1:10 എന്ന അനുപാതത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കും.'' 


110 KV ടവറിന്റെ ഉയരം കൂട്ടി മരം വളരുവാൻ അനുവദിക്കാം എന്ന വാദം സർവ്വകലാശാല വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള, 6 വർഷം MP യായിരുന്ന, ഒരാൾ മലയാളികളോടു വിളിച്ചു പറയുക എന്നാൽ അയാളുടെ അജ്ഞത അതുമല്ല എങ്കിൽ  കാപട്യം ഇവിടെ  പ്രകടമാക്കപ്പെടുകയാണ്.


നഷ്ടപ്പെടുന്ന മരത്തിനു പകരം 1 ന് പത്തെന്ന നിലയിൽ മരം വെച്ചുപിടിപ്പിക്കുമെന്ന ശ്രീ.രാജീവിന്റെ അഭിപ്രായം ഏറെ നാളുകളായി നാട്ടിൽ നില നിൽക്കുന്ന നിയമമാണ്. ഖനനവുമായി ബന്ധപ്പെട്ട് മുറിച്ചു മാറ്റുന്ന മരത്തിന്റെ 10 ഇരിട്ടി വെച്ചു പിടിപ്പിക്കണമെന്ന നിർദ്ദേശം സംസ്ഥാനത്തെവിടെ എങ്കിലും നടപ്പിലാക്കിയിട്ടുള്ളതായി നേതാവിന് ബോധ്യപ്പെട്ടിട്ടുണ്ടോ ?

 

താങ്കളുടെ ഭൂഗർഭ കേബിൾ ചെലവ് കൂടുതലാണെന്ന അഭിപ്രായത്തെ പറ്റി...


വികസനം, ചെലവു ചുരുക്കൽ മുതലായ വിഷയങ്ങളിൽ നിങ്ങളുടെ ഇപ്പോഴത്തെ സമീപനം  കൊച്ചി മെട്രോ പദ്ധതിയുടെ കാര്യത്തിൽ എങ്ങനെ ? കൊച്ചിയിലെ യാത്രാ പ്രശ്നം കൊച്ചി നഗരത്തിൽ ആരംഭിച്ച് അവിടെ അവസാനിക്കുന്നതല്ല. താലൂക്ക് കേന്ദ്രങ്ങളിൽ നിന്നും കൊച്ചിയിലേക്ക് (14 ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രശ്നങ്ങൾ രൂക്ഷമാണ്.) 

കൊച്ചി യാത്രാ പ്രശ്നം പരിഹരിക്കുവാൻ നിങ്ങളുടെ അഭിപ്രായത്തിൽ എന്താണ് വേണ്ടിയിരുന്നത്  ? ശ്രീ.രാജീവിന്റെ വീക്ഷണത്തിൽ ചെലവ് കൂടരുത്. അർത്ഥം നിർമ്മാണത്തിലും നടത്തിപ്പിലും ചെലവു കൂടരുതെന്ന് . 


മെട്രോയ്ക്കായി കൊച്ചി ചെലവഴിച്ചത്  210 കോടി രൂപ/KM.നടത്തിപ്പ് നഷ്ടത്തിൽ .യാത്രാക്കാർക്ക് ബസ്സ് ചാർജ്ജിലും കൂടിയ ടിക്കറ്റ് ഫീ. 
മെട്രോ ലാഭത്തിലോടുവാൻ എന്തെങ്കിലും സാധ്യത വേണമെങ്കിൽ 25 ലക്ഷം ജനങ്ങൾ എങ്കിലും ഉള്ള നഗരമായിരിക്കണം എന്ന് വിദഗ്തർ.


കൊച്ചിക്ക് എന്താകാമായിരുന്നു?


ഒരു Km ന് 20 കോടി മാത്രം (10 ൽ ഒന്ന്) നിർമ്മാണ ചെലവുള്ള സബർബൻ തീവണ്ടി അല്ലെങ്കിൽ/ ഒപ്പം 200 കോടി മതിപ്പു ചെലവുള്ള Elevated Highway യും അതിലൂടെ Rapid Transport Bus  സംവിധാനവും . കൊച്ചിയുടെ യാത്രാ പ്രശ്നം ആലുവ മുതൽ 21 KM വരെയല്ല എന്നിരിക്കെ, കേരളത്തിന് വൻ ബാധ്യതയായി കൊണ്ടിരിക്കുന്ന മെട്രോയോടുള്ള നേതാവിന്റെ പ്രതികരണത്തിൽ ചെലവ് എന്നെങ്കിലും മുഖ്യ വിഷയമായിരുന്നുവോ?. കോഴിക്കോടിനും തിരുവനന്തപുരത്തിനുമായി മിനി മെട്രോ, തിരുവനന്തപുരം കാസർഗോഡ് speed ട്രെയിൻ (55000 കോടി പദ്ധതി) ഇവയെ പറ്റി എന്താണു പറയാനുള്ളത് ?


പദ്ധതി നടപ്പിലാക്കുവാൻ മറ്റെന്തെങ്കിലും വഴിയുണ്ടോ എന്ന് പരിസ്ഥിതി പ്രവർത്തകർ പറയുമോ എന്ന താങ്കളുടെ ചോദ്യം സമരം ചെയ്യുന്നവരോടുള്ള വെല്ലുവിളിയായി കാണണം. വികസനവുമായും പരിസ്ഥിതിയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ടു ഡസൻ സ്ഥാപനങ്ങളും അതിന്റെ ഭാഗമായി നൂറു കണക്കിന് ഗവേഷകരും ഉള്ള നാട്ടിൽ കൃത്രിമ വനത്തെ നശിപ്പിക്കാതെ എങ്ങനെ കേബിളിംഗ് നടത്താം എന്ന് സമരം ചെയ്യുന്നവർ തന്നെ ഉത്തരം കണ്ടെത്തണമെന്നു പറയുന്ന നേതാക്കളെ എങ്ങനെയാകണം വിശേഷിപ്പിക്കേണ്ടത് ? 


Underground cabling ന്റെ ചെലവ്  over head നേക്കാൾ 4 മുതൽ 8 മടങ്ങു വരെ കൂടുതലാണ്. അവയ്ക്ക് പ്രകൃതിക്ഷോഭത്തെ പ്രതിരോധിക്കുവാൻ  കഴിവുണ്ട്. ലോകം അതിലേക്കു മാറി കൊണ്ടിരിക്കുന്നു. 2 ഏക്കറിൽ നിറഞ്ഞു നിൽക്കുന്ന വള്ളിപ്പടർപ്പുകൾ, കുളങ്ങൾ, കിളികൾ മുതലായവയുടെ വില Under ground cabling ചെലവോളം വരില്ല എന്ന് കമ്യൂണിസ്റ്റു പാർട്ടി നേതാവ് പറയണമെങ്കിൽ അയാൾ ഏതു ലോകത്താണ് ജീവിച്ചിരിക്കുന്നത് ?


നിങ്ങളുടെ കൂടി  അറിവിലേക്കായി, മന്നത്തു നിന്നും ചേറായിലേക്ക് വലിക്കുന്ന 110 KV ലൈനിന്റെ 30 ടവ്വറുകളിൽ 19 എണ്ണവും സാഹചര്യ സമർദ്ദത്താൽ മാറ്റി സ്ഥാപിക്കുവാൻ KSEB മടിച്ചില്ല. വികസന പ്രതിസന്ധിയെ പറ്റിയും 40000 വീട്ടുകാരുടെ വേവലാതിയെ പറ്റിയും പരാമർശിച്ചു. ഐസ് ഫാക്ടറി മുതലാളിമാരുടെ താൽപ്പര്യത്തെ മുഖ്യമായി സേവിക്കലല്ലേ പദ്ധതി കൊണ്ട് പ്രധാനമായി ഉദ്ദേശിക്കുന്നത് ?


ചേറായിലേക്ക് മാലിപ്പുറത്തു നിന്നും (ഞാറക്കൽ sub divison) മറ്റൊരു മാർഗ്ഗം സ്വീകരിക്കാൻ കഴിയില്ലെ ?


2 ഏക്കറിൽ അധികം ഭൂമിയുള്ള പാർട്ടിയാണ് സിപിഐഎം. അതിലെ നേതാക്കളിൽ പലർക്കും ഭൂമിയുണ്ട്. ഇപ്പുറത്ത് കോൺഗ്രസ്സിനും ബിജെപിക്കും അതിന്റെ നേതാക്കൾക്കും ഭൂമി കുറവല്ല. അവരുടെ കൈവശമുള്ള ഭൂമിയിലും അവർക്കു നിയന്ത്രണമുള്ള ഭൂമിയിലും ശ്രീമതി. മീനയും അവരുടെ കുടുംബവും ചെയ്ത പണികളല്ല പാർട്ടിക്കാർ നടത്തിയിട്ടുള്ളത്. Water Theme Park, കണ്ടൽ ടൂറിസം, ആശുപത്രി സമുച്ചയം, ഖനനം തുടങ്ങി ലോഡ്ജ് (ദേവികുളം CPI യും ലോഡ്ജും) മുതലായ വ്യവസായങ്ങൾ നടത്തുന്നതിൽ ശ്രീ. പി. രാജീവിന്റെ പാർട്ടിയും മറ്റുള്ളവരും ഒരു തെറ്റും കാണുന്നില്ല. മാത്രവുമല്ല കോട്ട കമ്പേൽ ഭൂമി തട്ടിപ്പ്,  അനധികൃത തടയിണ നിർമ്മാണം ഫെയിം വ്യക്തികളെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി കളാക്കുന്നതിൽ സിപിഐഎമ്മിന് ഒരു മടിയും തോന്നിയില്ല. ഖനന, കെട്ടിട, തോട്ടം, ടൂറിസം മാഫിയകളെ കേരളത്തിന്റെ വികസന നായകരായി കാണുന്ന പാർട്ടിക്കും നേതാക്കൾക്കും  ശാന്തി വനം സംരക്ഷിക്കുന്നവർ മഠയരും വികസന വിരുദ്ധരും ഒരുവേള Urban Mao കളുമായി തീരാം.


ഇടതുപക്ഷ മുന്നണി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച പ്രകടനപത്രികയുടെ 71 ആം നമ്പർ മുതൽ 91 നമ്പർ വരെ കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തെ പറ്റി നിരവധി ഉറപ്പുകൾ ഞങ്ങൾക്കു നൽകിയിരുന്നു. നെൽ വയൽ നീർത്തട സംരക്ഷണം  ശക്തമാക്കും  മുതൽ ഖനനം പൊതു മേഖലയിൽ മാത്രമാക്കുമെന്നും നിർമ്മാണങ്ങൾക്ക് പരിസ്ഥിതി സൗഹൃദ നയം രൂപീകരിക്കുമെന്നും പറഞ്ഞു. എന്നാൽ കഴിഞ്ഞ സർക്കാരിനെ ഓർമ്മിപ്പിക്കും വിധം ക്വാറികളുടെ ദൂരം 50 മീറ്ററിലേക്കു  കുറച്ചത്, എലക്കാടുകളിലെ മരം മുറിക്കുവാൻ അനുവാദം, ഖനനത്തിന് സർക്കാർ നേരിട്ടവസരം നൽകൽ, ഹാരിസൺന് ഭൂമി സ്വന്തമാക്കു വാൻ വഴി തുറക്കൽ അങ്ങനെ നീളുന്നു സർക്കാർ തീരുമാനങ്ങൾ.എല്ലാം പ്രകൃതി സുരക്ഷയെ മറന്നു കൊണ്ടുള്ളവ. 


ശ്രീ. പി രാജീവ്, നിങ്ങളെ പോലെയുള്ള നേതാക്കൾ  കേരളത്തിന്റെ പ്രകൃതിയുടെ സ്ഥാനം നിശ്ചയിച്ചിരിക്കുന്നത് സമ്പന്നരുടെ മാലിന്യ കൂമ്പാരത്തിനൊപ്പം മാത്രമാണ്. കാടിനെയും കരയേയും കായലിനെയും കടലിനെയും  വിലമതിക്കാത്തവർ നാടിന്റെ പ്രതിയോഗികളായി മാത്രം ചരിത്രം രേഖപ്പെടുത്തും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment