വയനാട് തുരങ്കപാത പ്രഖ്യാപിച്ചത് പരിസ്ഥിതി അനുമതിക്ക് അപേക്ഷ പോലും നൽകാതെ




സ്വപ്ന പദ്ധതിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് തുരങ്ക പാതയുടെ ലോഞ്ചിങ്ങ് നടത്തിയത് പരിസ്ഥിതി അനുമതിക്ക് അപേക്ഷ പോലും നല്‍കാതെ. തുരങ്ക പാത സംബന്ധിച്ച്‌ പാരിസ്ഥിതിക അനുമതിക്ക് ഇതുവരെ അപേക്ഷ നല്‍കിയില്ലെന്ന വിവരാവകാശ രേഖകള്‍ പുറത്ത്. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമായത്.


മേപ്പാടി കളളാടി തുരങ്കപാത സംബന്ധിച്ച്‌ മൂന്ന് ചോദ്യങ്ങളാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശി പ്രദീപ് കുമാര്‍ വനംവകുപ്പ് ആസ്ഥാനത്ത് നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. തുരങ്കപാതയുടെ അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കിയിട്ടുണ്ടോ, വനംവകുപ്പില്‍ നിന്ന് അപേക്ഷകള്‍ സമര്‍പ്പിച്ചുണ്ടോ, ഇത് സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ എന്തെങ്കിലും കത്തിടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്ന മൂന്ന് ചോദ്യത്തിനും സര്‍ക്കാരിന് മറുപടിയില്ല.


650 കോടി രൂപയാണ് തുരങ്കപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചത്. സര്‍വ്വേ പ്രവര്‍ത്തികള്‍ കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്ര ബൃഹത്തായ പദ്ധതിയുടെ പ്രാഥമികമായ അനുമതി പോലും നേടാതെ ലോഞ്ചിംഗ് ഉള്‍പ്പടെ നടത്തിയത് തെരഞ്ഞെടുപ്പു ലക്ഷ്യം വച്ചു മാത്രാമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.


വയനാട് കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതി പരിസ്ഥിതി ദുര്‍ബല പ്രദേശത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത് അപ്രായോഗികമാണെന്നും ആരോപിച്ച്‌ പരിസ്ഥിതി പ്രവര്‍ത്തകരും നേരത്തെ രംഗത്ത് വന്നിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment