അയ്യന്റെ വിമാനത്താവളവും പിന്നാമ്പുറങ്ങളും - ഒരു അന്വേഷണം, ഭാഗം 1 




പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതി വരെ കാസർഗോഡു മുതൽ കന്യാകുമാരി വരെയുള്ള മലയാളക്കര  70% വും വനഭൂമിയായിരുന്നു. അവ 1905 ൽ 40% മായും 1965 ൽ 27% , 1985 ൽ 17% , ഇരുപത്തൊന്നാം നൂറ്റാണ്ടിൽ 10% താഴെയായും ചുരുങ്ങി  എന്നതാണു  വാസ്തവം. കേരള നാട് നിലനിൽക്കണമെങ്കിൽ മൂന്നിലൊന്നു പ്രദേശം കാടായിരിക്കണം എന്നിരിക്കെയാണ്  വന വിസ്തൃതി പരിതാപകരമാം വിധം കുറഞ്ഞു പോയത്. 


പശ്ചിമ ഘട്ടത്തിലെ സമ്പൂർണ്ണ സുരക്ഷിതത്വം ഉറപ്പു വരുത്തിയിട്ടുള്ള 17% ഇsങ്ങളിൽ വ്യാപിച്ചിട്ടുള്ള ദേശീയ ഉദ്യാനങ്ങൾ, കടുവാ /ആന സങ്കേതം, നീല കുറുഞ്ഞി താഴ് വര മുതലായ പ്രദേശങ്ങൾ പോലും ശോഷണത്തിനു  വിധേയമായി കഴിഞ്ഞു. പശ്ചിമ ഘട്ടത്തിലെ നദികളുടെ അവസ്ഥ ഇതിനുള്ള മറ്റൊരു തെളിവായി കാണാം. നെയ്യാർ മുതൽ വടക്കൻ കേരളത്തിലെ ചാലിയാർ പുഴയും തേജസ്വിനിയും  പടിഞ്ഞാറേക്കാെഴുകുന്ന കബനിയും ഭവാനിയും പെരിയാറും ഭാരതപ്പുഴയും  മറ്റും വേനലിൽ വരണ്ടുണങ്ങിയിരിക്കുമ്പോൾ മഴക്കാലത്തെ അവയുടെ രൗദ്ര ഭാവം പുഴകളുടെ അനാരോഗ്യകരമായ അവസ്ഥയെ സൂചിപ്പിക്കുന്നു.പശ്ചിമഘട്ടത്തിലെ പൂജ്യം ഡിഗ്രിക്കു താഴെ തണുപ്പ്‌ അനുഭവപ്പെടുന്ന ദേവികുളം, ലക്ഷ്മി എസ്റ്റേറ്റ് , വട്ടവട മുതൽ മഴ നിഴൽ പ്രദേശമായ ചിന്നാർ,വ്യത്യസ്ഥതകൾ കൊണ്ട് സമ്പന്നമായ വയനാട്, ആതിരപ്പള്ളിയും നെല്ലിയാമ്പതിയും ശെന്തുരുണിയും അഗസ്ത്യർ മലനിരകൾ , ശബരിമല സ്ഥിതി ചെയ്യുന്ന പെരിയാർ, ഗവി വനഭൂമി ഒക്കെ തന്നെ തകർച്ചയുടെ അവസാനകാലത്തെ ഓർമ്മിപ്പിക്കുകയാണ്. 

 


തെക്കേ ഇന്ത്യയിലെ  പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളായ കുടജാദ്രി, തിരുനെല്ലി, അഗസ്ത്യർ കൂടം എന്നിവയേക്കാൾ സന്ദർശകരെ കൊണ്ട് ശ്രദ്ധ നേടിയ ശബരിമല, പെരിയാർ കടുവാ സങ്കേതത്തിന്റെ ഓരത്തു സ്ഥിതി ചെയ്യുന്നു. സംസ്ഥാനത്തെ ആദ്യ സംരക്ഷിത വനമായി തിരിച്ചറിഞ്ഞ പമ്പാ നദിയുടെ ഉത്ഭവ കാടുകൾ 1950ൽ തന്നെ വന്യ ജീവി സങ്കേതമായി പരിഗണിക്കപെട്ടു. 925 ച.കി.മീറ്റർ വിസ്തൃതിയുള്ള പെരിയാർ കാടുകളെ 1978ൽ കടുവാ സുരക്ഷിത ഇടമാക്കി. 24 കടുവകൾ വസിക്കുന്ന അവിടെ 35 തരം സസ്തനികളും 266 തരം പക്ഷികളും ഉണ്ട്. സംസ്ഥാനത്തിന്റെ ഔദ്വോഗിക പക്ഷിയായി പരിഗണിക്കുന്ന Malabar Grey Horn Bill നെ (വേഴാമ്പൽ ) ഈ കാട്ടിൽ കാണാം. ഒരു കാലത്ത് രാജാവിന്റെ വേട്ടക്കായി സംരക്ഷിച്ച വനം പിൽക്കാലത്ത് കടുവാ സങ്കേതമായി മാറുമ്പോൾ കാടിന്റെ ഭാഗമായി ഐതീഹങ്ങൾ പരിചയപ്പെടുത്തുന്ന സ്വാമി അയ്യപ്പനെ വേട്ടക്കൊരു മകൻ എന്നും വിളിച്ചു വരുന്നു.


പാണ്ഡ്യ രാജാക്കന്മാരുxടെ കുലത്തില്‍ പെട്ട മധുരയിലെ രാജാവ് വേട്ടക്കു (പശ്ചിമ ഘട്ടത്ത് ) പോയപ്പോള്‍ വനത്തില്‍ കണ്ടുമുട്ടിയ വേട്ടക്കാരനായ അയ്യപ്പനെ ഒപ്പം കൂട്ടി. രാജാവിന്‍റെ വിശ്വസ്ഥനായി മാറിയ ആയ്യപ്പനെ പുകച്ചു പുറത്തു ചാടിക്കുവനുള്ള ശ്രമത്തിന്‍റെ ഭാഗമായി പുലിപ്പാല്‍ വരുത്തുവാനുള്ള നാടകങ്ങളെ പറ്റിയുള്ള കഥകൾ പ്രസിദ്ധമാണ്. പുലികളെയും കൂട്ടി ശ്രീ അയ്യപ്പന്‍ മധുരയിലുള്ള രാജവീട്ടിലേക്ക് പോയി.(ഐതിഹമാല രണ്ടം വാള്യം 377 പുറം) .(പന്തളവുമായി ഈ സംഭവത്തിന്  ബന്ധവുമില്ല എന്ന് ഐതിഹ്യമാല. ) അയ്യപ്പന്‍റെ നിര്‍ദ്ദേശപ്രകാരം പില്‍കാലത്ത് രാജാവ് മധുരയില്‍ നിന്നും മലയാള നാട്ടില്‍ എത്തി (പന്തളത്ത്) കൈപ്പുഴ തമ്പാന്‍ എന്ന നാട്ടു പ്രഭുവിന്‍റെ വസ്തുക്കള്‍ വാങ്ങി കോവിലകം സ്ഥാപിച്ചു.  പാണ്ഡ്യ രാജ്യത്തിലെ മറ്റൊരു രാജ കുടുംബം തമിള്‍ വാസം ഉപേക്ഷിച്ച് പൂഞ്ഞാറില്‍ എത്തി താമസം തുടങ്ങി.അവർ പിൽക്കാലത്ത് പൂഞ്ഞാർ രാജവാഴ്ച്ച ക്കാരായി അറിയപ്പെട്ടു.

 


ശബരിമല യാത്ര തുടങ്ങുന്ന ചടങ്ങുകളില്‍ പ്രധാനം ഇരുമുടി കെട്ടു നിറക്കലാണ്. തേങ്ങയിലേക്ക് നെയ്യ് ഒഴിച്ചു നിറച്ച ശേഷം  അടക്കുന്നു. അതിനൊപ്പം മൂന്ന് പിടി അരി, വെറ്റിലയില്‍ പൊതിഞ്ഞ അടക്ക, കന്നി സ്വാമിയുടെ കെട്ടില്‍ നാണയങ്ങള്‍ ഇവ ഉണ്ടാകണം.ഈ കെട്ട് മുന്‍പില്‍ വരും വിധവും പുറകിലേക്കു വെക്കുന്ന  കെട്ടില്‍  തേങ്ങ, മഞ്ഞള്‍ പൊടി,കര്‍പ്പൂരം,വെള്ള അരി,പുകയില ഒപ്പം ഗംജാവ് പൊതിയും നിർബന്ധമായിരുന്നു.ഗണപതിക്ക് നല്‍കുവാന്‍ ഉണക്ക മുന്തിരിങ്ങ, കല്‍ക്കണ്ടം പിന്നെ പഴങ്ങളും പ്രത്യേക കെട്ടില്‍ സൂക്ഷിക്കുന്നു. വീട്ടില്‍ നിന്നും യാത്ര തുടങ്ങുന്ന ചടങ്ങ് മുതല്‍ മടങ്ങി എത്തും വരെ ദ്വീപം കെടാതെ പൂജാ മുറിയില്‍ സൂക്ഷിക്കും.ഈ വിവരണത്തിൽ നിന്നും ശബരിമല ദർശനത്തിനായി തയ്യാറെടു ക്കുന്നതു മുതൽ ഇരുമുടികെട്ട് തയ്യാറാക്കൽ എരുമേലിയിലെ പേട്ട തുള്ളൽ, പമ്പ (ഭക്തരുടെ പുണ്യ നദി) യിലെ കുളിയും മറ്റും കരിമലയും ശരം കുത്തിയും ഒക്കെ ദേവാലയത്തിന്റെ പ്രകൃതിയുമായിട്ടുള്ള ഇഴുകിചേരലിനു തെളിവാണ്. ആറാട്ട് എന്ന അയ്യപ്പന്റെ രൂപത്തെ കുളിപ്പിയ്ക്കുന്ന ചടങ്ങ്, മകരവിളക്കും പരുന്തും പുത്തരി നിവേദിക്കുന്ന രീതി ഒക്കെ പ്രകൃതിയുമായി വിശ്വസവും അതിന്റെ ഭാഗമായ ചടങ്ങുകളും ഒട്ടിനിൽക്കുന്നു എന്ന് ഓർമ്മിപ്പിക്കുകയാണ്. 


ശബരിമല ക്ഷേത്രത്തിലെ 18പടികൾ 18 കുന്നുകളെ പ്രതിനിധാനം ചെയ്യുന്നതും മലയരന്മാർക്ക് സ്വാമി അയ്യപ്പനുമായുള്ള ബന്ധവും  പ്രകടമായിരുന്നു. പൊന്നമ്പലമേട്ടിലെ വിളക്കു തെളിയിക്കൽ അവരുടെ ആഘോഷത്തിന്റെ ഭാഗമാണ്. അയ്യപ്പനെ ആരാധിക്കുവാൻ തേൻ ഉപയോഗിച്ച പഴയ കാലത്തെ ചടങ്ങ് സ്വാമി അയ്യപ്പന്റെ പ്രകൃതിയുമായി ഇണങ്ങി നിൽപ്പിന്റെ മറ്റൊരു ഉദാഹരണമാണ്. 

 


പുലിയെ (കടുവ ) വാഹനമായി പരിഗണിച്ച ശബരിമല ശാസ്താവിന്റെ പൂങ്കാവനവും അതിന്റെ ജീവനായ പമ്പയും മറ്റും വൻതോതിൽ ഇല്ലാതാകുമ്പോൾ,  അവയുടെ തകർച്ച കാനന ദേവനോടുള്ള അനാദരവായി വിശ്വാസ സമൂഹം കാണുവാൻ മടിച്ചു നിൽക്കുന്നു എന്ന് കഴിഞ്ഞ കാല അനുഭവങ്ങൾ തുറന്നു പറയുന്നുണ്ട്. ശബരിമലയെ മൊത്തത്തിൽ നിയന്ത്രിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്ന പൊതു ജനങ്ങളോട് ബാധ്യതയുണ്ടാകേണ്ട സർക്കാർ സംവിധാനവും പെരിയാർ വനത്തിന്റെ സംരക്ഷണത്തിൽ നിഷേധാത്മക നിലപാടുകൾ കൊണ്ട് കുപ്രസിദ്ധരാണ്. ഈ അവസരത്തിൽ സ്വാമി അയ്യപ്പന്റെ പൂങ്കാവനമെന്ന പെരിയാർ കടുവാ സങ്കേതത്തെ ദേശീയ നിയമത്തെ പരിഗണിച്ച് സംരക്ഷിക്കുവാൻ ദേശീയ, സംസ്ഥാന സർക്കാരുകൾക്കും വിശ്വാസി സമൂഹത്തിനും പരിസ്ഥിതി പ്രവർത്തകർക്കും ബാധ്യതയുണ്ട്.അതെങ്ങനെ നിർവ്വഹിക്കാം എന്നതാണ് ഇന്നത്തെ ശബരിമലയും പമ്പാ നദിയും അനുബന്ധ പ്രദേശങ്ങളും സമൂഹത്തോട്  ഉയർത്തുന്ന പ്രധാന ചോദ്യങ്ങൾ.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment