പ്രളയംകൊണ്ടും ഒന്നും പഠിച്ചില്ല; ഭാരതപ്പുഴയിൽ മണലെടുപ്പ് സജീവമാകുന്നു




പ്രളയം തകർത്തെറിഞ്ഞിട്ടും പാഠം പഠിക്കാതെ പ്രകൃതി ചൂഷണം നിർബാധം തുടരുകയാണ്. പ്രളയം തകർത്ത പുഴയിൽ നിന്നും മണൽ വാരൽ വീണ്ടും സജീവമായി മണൽ മാഫിയ തുടങ്ങി. ഭാരതപ്പുഴയുടെ കുറ്റിപ്പുറം - തിരുന്നാവായ മേഖലയിലാണ് മണലെടുപ്പ്  വീണ്ടും സജീവമായി തുടങ്ങിയത്. ഭാരതപ്പുഴയ്ക്ക് ഏറ്റവും കൂടുതൽ നാശം സംഭവിച്ച മേഖല കൂടിയാണിത്.

 

പ്രളയസമയത്ത് വൻതോതിൽ പുഴയിൽ വീണ്ടും മണലെത്തി പ്രകൃതി പുഴയെ തിരിച്ചെടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ ആ മണലിനെ ലാഭക്കണ്ണോടെ കണ്ട് വില്പന നടത്താനുള്ള ശ്രമത്തിലാണ് മാഫിയ. നേരത്തെ ഉണ്ടായിരുന്ന മണലിനേക്കാൾ നല്ലമണലായതിനാൽ കൂടുതൽ ലാഭം കൊയ്ത് മണൽ വിറ്റഴിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 

 

പോലീസിന്റെ കണ്ണ് വെട്ടിച്ച് രാത്രിയുടെ മറവിലാണ് മണൽകൊള്ള നടക്കുന്നത്. പോലീസ് ഇറങ്ങുന്ന വഴിയിലെല്ലാം സഹായികളെ നിർത്തി കൃത്യമായി വിവരങ്ങൾ നൽകുന്നതിനാൽ വിവരം അറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും സംഘവും മണലെടുപ്പിന് ഉപയോഗിക്കുന്ന വാഹനവും സ്ഥലം വിട്ടിട്ടുണ്ടാകും. അപ്രതീക്ഷിതമായി പോലീസ് എത്തിയാൽ തന്നെ ഇവർ വാഹനം ഉപേക്ഷിച്ച് കടന്ന് കളയും. 

 

ചെറിയ വിലയ്ക്ക് വാങ്ങുന്ന വാഹനങ്ങൾ ആയതിനാൽ ഉപേക്ഷിച്ചാലും ഇവർക്ക് നഷ്ടം ഉണ്ടാകില്ല. അതേസമയം, വാഹനം കാലാവധി കഴിഞ്ഞതോ, രെജിസ്ട്രേഷൻ മാറ്റാത്തതോ ആയതിനാൽ ഇത് വെച്ച് മണൽ സംഘത്തെ പിടികൂടലും ഉണ്ടാവാറില്ല. ഇത്തരത്തിൽ പിടികൂടിയ നിരവധി വാഹങ്ങളാണ് കുറ്റിപ്പുറം സ്റ്റേഷനിലുള്ളത്. സ്റ്റേഷൻ പരിസരവും പിന്നിട്ട് ദേശീയപാതയോരത്തും മറ്റുമാണ് വാഹനങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. മണലെടുപ്പ് തടയുന്ന പൊലീസുകാരെ സ്ഥലം മാറ്റുന്ന പതിവുമുണ്ട്. അതേസമയം, ചില പോലീസുകാർ  മണലെടുപ്പിന് കൂട്ടുനിൽക്കുന്നതായും നാട്ടുകാർ ആരോപണം ഉന്നയിക്കുന്നുണ്ട്. 

 

ഭാരതപ്പുഴയുടെ കുറ്റിപ്പുറം - തിരുന്നാവായ മേഖല മുക്കാൽ ഭാഗവും നിലവിൽ കാടുകേറി കിടക്കുകയാണ്. ഒരാൾ പൊക്കത്തിൽ കൂടുതൽ പുഴയാകെ കാടുകേറി നശിച്ചിരിക്കുകയാണ്. ഇവിടെ വളരുന്ന പുല്ല് മറ്റിടങ്ങളിലേക്കും വ്യാപിക്കും. നേരത്തെ മണലെടുപ്പ് നടന്നിരുന്ന ഇടങ്ങളിലാണ് സ്വാഭാവിക മണൽ നഷ്ടപ്പെട്ടത് മൂലം ഇപ്പോൾ പുല്ലുകൾ കാടുപോലെ വളരുന്നത്.

 

നിലവിൽ വെള്ളമുള്ളിടത്തും സ്വാഭാവിക മണൽ ഉള്ളിടത്തുമാണ് കാടുകൾ വരാത്തതുള്ളൂ. വെള്ളമാകട്ടെ നീർച്ചാലായാണ് ഇവിടങ്ങളിലൂടെ ഒഴുകുന്നത്. ഇപ്പോൾ മണലുള്ളിടത്ത്‌കൂടി മണലെടുപ്പ് തുടർന്നാൽ മേൽമണൽ പോവുകയും അവിടെയും കാട് പിടിക്കാനുള്ള സാഹചര്യം ഉണ്ടാവുകയും അത് വഴി ഭാരതപ്പുഴയുടെ ഇടപെടൽ പൂർണ്ണമാവുകയും ചെയ്യും. ഇതിടെ നിരവധിപേർ കുടിവെള്ളത്തിനും മറ്റും ആശ്രയിക്കുന്ന ഭാരതപ്പുഴ കാടായി മാറും.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment