പുഴ ശുചീകരണത്തിന്റെ പേരിൽ നടക്കുന്നത് വ്യാപക മണൽക്കടത്തെന്ന് ആക്ഷേപം




കണ്ണൂര്‍: പുഴ ശുചീകരണത്തിന്റെ പേരില്‍ ജില്ലയിലെ മലയോര പഞ്ചായത്തുകളില്‍നിന്ന് മണല്‍ കടത്ത് വ്യാപകമാവുന്നു. സര്‍ക്കാര്‍ നേരിട്ട് മണല്‍ കടത്തില്‍ ഇടപെടാതെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പുഴ ശുചിയാക്കല്‍ തട്ടിപ്പ് അരങ്ങേറുന്നത്. ഇതിന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ മണല്‍ കൊള്ളയാണ് നടക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും ചൂണ്ടി കാട്ടുന്നു. 


പുഴയിൽ നിന്ന് ശേഖരിക്കുന്ന മണല്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പഞ്ചായത്ത് സെക്രട്ടറിയുടെ അധീനതയില്‍ സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഇത് എവിടേയും പാലിക്കപ്പെടുന്നില്ല. ജില്ലയില്‍ ഇരിട്ടി ബാരാപോള്‍ പുഴയിലും നിയമങ്ങളും നിര്‍ദ്ദേശങ്ങളും കാറ്റില്‍ പറത്തി നിര്‍ബാധം മണല്‍ ഊറ്റ് നടക്കുകയാണ്.


ശുചീകരണത്തില്‍ നിന്നും പൊതുമേഖലാ സ്ഥാപനമായ ക്ലേയിസ് ആന്‍ഡ് സെറാമിക്സിനെ ഒഴിവാക്കിയിരുന്നു. മണലിന്റ പേരില്‍ ഉയര്‍ന്ന വിവാദം തണുപ്പിക്കാനായിരുന്നു ഈ നടപടി. ജില്ലാ ഭരണകൂടം പുഴയോര മേഖലയിലെ പഞ്ചായത്തുകളെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. 


കഴിഞ്ഞ വര്‍ഷം ബാരാപ്പുഴ കരകവിഞ്ഞ് ബാരാപോള്‍ മിനി ജലവൈദ്യുതി കനാലിലേക്ക് ഗതിമാറി ഒഴുകിയിരുന്നു. പാലത്തുംകടവില്‍ കനാല്‍ അടച്ചിരുന്ന ഷട്ടറിനു മുകളില്‍ കൂടി വെള്ളം കയറിയാണ് പുഴ കനാലിലൂടെ ഒഴുകിയത്. കനാല്‍ കവിഞ്ഞൊഴുകുകയും ഫോര്‍ബെ ടാങ്കില്‍ നിറഞ്ഞ വെള്ളം എയര്‍വെന്റ് വഴി വെള്ളച്ചാട്ടം പോലെ താഴേക്ക് പതിക്കുകയും ചെയ്തതോടെ പദ്ധതി മേഖലയില്‍ താമസിക്കുന്നവര്‍ ഭീതിയിലായിരുന്നു.


കച്ചേരിക്കടവിന് സമീപത്തുള്ള പാറ നിരങ്ങിനീങ്ങുന്ന ഭീഷണി നിലനിൽക്കുന്നുണ്ട്. എന്നാൽ ഇതിന് പരിഹാരം കാണാൻ ശ്രമിക്കുക പോലും ചെയ്യാതെയാണ് തകൃതിയായി മണല്‍ കടത്തുന്നത്. ഭുമി വിണ്ടുകീറുന്നത് അടക്കമുള്ള പ്രതിഭാസം പ്രദേശത്ത് ഉണ്ടായിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് കാലവര്‍ഷം തുടങ്ങിയതിന് ശേഷം ബാരാപോള്‍ പുഴയില്‍ പുഴ ശുചീകരണത്തിന്റെ പേരില്‍ ടണ്‍ കണക്കിന് മണലെടുത്ത് കടത്തുന്നത്. സമാനമായി ഇരിക്കൂര്‍ പുഴയിലും മണലെടുക്കുന്നതിന് വേണ്ടി അനുമതി നല്‍കിയിട്ടുണ്ടന്നാണ് അറിയുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment