ശാന്തിവനം സംരക്ഷിക്കപ്പെടണം 




ഒടുവിൽ ശാന്തിവനത്തിനു മുകളിലും വികസനത്തിന്റെ പേരിൽ നാശത്തിന്റെ കത്തി വെക്കാൻ ഒരുങ്ങുന്നു. ഒരു അമ്മയും മകളും കരുതലോടെ കൊണ്ട് നടക്കുന്ന വനത്തിന്റെ മുകളിലാണ് കെ എസ് ഇ ബി കത്തിവെക്കാൻ ഒരുങ്ങുന്നത്. 200 വർഷത്തോളം പഴക്കമുള്ള ജൈവ സമ്പത്താണ് ഇവിടെ നശിക്കാൻ പോകുന്നത്. നോര്‍ത്ത് പറവൂര്‍ NHറോഡിനോട് ചേര്‍ന്ന് വഴിക്കുളങ്ങര ഭാഗത്താണ് ശാന്തിവനം സ്ഥിതിചെയ്യുന്നത്. ഇത് നശിപ്പിക്കാൻ ഒരുങ്ങുന്ന കെ എസ് ഇ ബിയിൽ നിന്ന് ഈ കാടകം സംരക്ഷിക്കാൻ ഇന്ന് പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്ന് കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്.  


നഗര മദ്ധ്യത്തില്‍ ഏറെ ശാന്തതയോടെ രണ്ടേക്കറോളം വ്യാപിച്ച് കിടക്കുന്നതാണ് ശാന്തിവനം. ഒരു കോണില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ വീടും മുറ്റവും ഒഴിച്ചാല്‍ ബാക്കി മുഴുവന്‍ നിബിഡമായ ജൈവസമ്പത്താണ്. ഇവിടെയാണ്,  മന്നത്ത് നിന്ന് ചെറായിലേക്കുള്ള 110 കെ വി വൈദ്യതി ലൈന്‍ വലിക്കുന്നതിന്റെ ഭാഗമായി ശാന്തിവനത്തിന്റെ ഒത്ത നടുവില്‍ വൈദ്യതി ലൈന്‍ കടത്തിവിടാനുള്ള ടവര്‍ സ്ഥാപിക്കാൻ കെ എസ് ഇ ബി തയ്യാറെടുക്കുന്നത്. നിലവിൽ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 50 മീറ്റര്‍ താഴ്ചയില്‍ 5 പില്ലറുകൾ സ്ഥാപിക്കാനുള്ള പൈലിംഗ് വര്‍ക്ക്‌ നടക്കുന്നു.


മൂന്നു കാവുകളും മൂന്നു കുളങ്ങളും ഉള്ള ശാന്തിവനം വംശനാശ ഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങളുടെ ആവാസ സ്ഥലം കൂടിയാണ്. ഇവിടെയാണ് ഇപ്പോൾ പൈലിംഗ് ജോലികൾ നടക്കുന്നത്. പരിസ്ഥിതി പഠിതാക്കളുടെയും പക്ഷി നിരീക്ഷകരുടെയും പ്രിയ ഭൂമിയാണ്‌ ശാന്തിവനം. കേരള ഫോറെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ മ്യുസിയം ഓഫ് നാച്ചുറല്‍ ഹിസ്ടറി തുടങ്ങിയവയും പഠനങ്ങള്‍ നടത്തി ശാന്തിവനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സാക്ഷ്യപെടുത്തിയിട്ടുണ്ട്.


ഇന്ത്യന്‍ ബുള്‍ ഫ്രോഗ്, oriented black hooded oriole (bird), black winged cuckoo shrike, brown shrike, Hoopoe, stork billed kingfisher, എന്നിവ ഇവയില്‍ ചിലത് മാത്രം ( IUCN list ൽ പെടുന്നവ. ഇതിനു പുറമേ നാകമോഹന്‍ (paradise fly catcher), മുത്തുപ്പിള്ള (brown breasted fly catcher), നീലഗിരി ത്രേഷ്, പിറ്റ, സൈബീരിയന്‍ കൊക്കുകള്‍ തുടങ്ങിയ ദേശാടന പക്ഷികളും ഇവിടുത്തെ സന്ദര്‍ശകരാണ്‌. 


നിരവധിയായ മരങ്ങൾകൊണ്ടും സമ്പന്നമാണ് ശാന്തിവനം. എന്നാൽ കെ എസ് ഇ ബി യുടെ 'വികസന' പദ്ധതികൊണ്ട് ഈ മരങ്ങളുടെ വേരുകൾ അറക്കാൻ പോവുകയാണ്. കെ എസ് ഇ ബി വെട്ടാന്‍ 48 മരങ്ങളാണ് വെട്ടാൻ വേണ്ടി നിശ്ചയിച്ചിരിക്കുന്നത്.  എന്നാൽ കെ എസ് ഇ ബി പണി തുടങ്ങിയപ്പോഴേക്കും ലിസ്റ്റിൽ പെടാത്ത 8 മരങ്ങൾ ഇതിനോടകം വെട്ടിക്കഴിഞ്ഞു. ഇത്തരത്തിൽ പണി തുടർന്നാൽ പദ്ധതി പൂർത്തിയാകുമ്പോൾ ശാന്തിവനം ഓർമ്മയാകും.


ശാന്തിവനത്തിനകത്ത് കൂടി വൈദ്യതി ലൈൻ സ്ഥാപിക്കുന്നതിനെതിരെ കളക്ടര്‍ക്ക് പരാതി കൊടുക്കുകയും കേസ് ADM (Additional District Magistrate) ന്റെ അടുത്തെത്തുകയും ഫലമായി പ്രൊജക്റ്റ്‌ ന്റെ അല്ടര്നെറ്റ് റൂട്ട് കണ്ടത്താന്‍ കെ എസ് ഇ ബിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അങ്ങനെ, കെ എസ് ഇ ബി ഈ പദ്ധതി നടപ്പിലാക്കാന്‍ വേറൊരു റൂട്ട് മുന്നോട്ട് വെയ്ക്കുകയും ചെയ്തു. അത് കാമ്പസിന്റെ വശത്തിലൂടെ, ശാന്തിവനത്തിലെ ജൈവ സമ്പത്തിനെ കാര്യമായി ബാധിക്കാത്ത തരത്തില്‍ ഉള്ള സ്ട്രൈറ്റ്‌ ലൈന്‍ ആയിരുന്നു. എന്നാല്‍, പിന്നീട് ADM തന്നെ ശാന്തിവനത്തിനു നടുവില്‍ കൂടി തന്നെ ലൈന്‍ വലിക്കാനുള്ള ഉത്തരവ് പുറപെടുവിക്കുകയും ചെയ്‌തു.


മാറ്റി സ്ഥാപിക്കാൻ ഉദ്ദേശിച്ച സ്ഥലം ഉടമ കെ എസ് ഇ ബിയുടെ ആൾട്ടർനേറ്റ് പ്രൊപോസല്‍ തള്ളിയതാണ് അതിനു കാരണം എന്നാണ് വിശദീകരണം. എന്നാൽ, ആൾട്ടർനേറ്റ് പ്രൊപോസല്‍ തള്ളാന്‍ തരത്തില്‍ രേഖാമൂലമോ അല്ലാതെയോ ഒരു ആവശ്യം ഉന്നയിക്കുകയോ ചെയ്തിട്ടില്ല. ഒറിജിനൽ പ്ലാൻ ആൾട്ടർനേറ്റ് പ്ലാന്‍ വെച്ചു നോക്കുമ്പോള്‍ കെ എസ് ഇ ബിയെ സംബന്ധിച്ചും മികച്ച ഒരു ഓപ്ഷൻ അല്ല. V ഷേപ്പ് ഇല്‍ ഉള്ളതും, അതുകൊണ്ട് തന്നെ പ്രസരണ നഷ്ടം കൂടുതല്‍ സംഭവിക്കുകയും ചെയ്യുന്ന ഒറിജിനൽ പ്ലാന്‍ നടപ്പിലാക്കുന്നതിന്റെ നിര്‍മാണ ചെലവും താരതമ്യേന കൂടുതലാണ്. ഈ സാഹചര്യത്തില്‍ കെ എസ് ഇ ബി എന്തിനിങ്ങനെ ചെയ്യണം എന്നത് ന്യായമായും വരുന്ന ഒരു ചോദ്യമാണ്.


ഈ കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോൾ കോടതിയെ തെറ്റിദ്ധരിപ്പിച്ച് കെ എസ് ഇ ബിക്ക് നഷ്ടം വരുന്ന തരത്തില്‍  ശാന്തിവനത്തിനുള്ളില്‍ കൂടി തന്നെ ലൈന്‍ കടത്തിവിട്ടാലേ പ്രൊജക്റ്റ്‌ നടത്താന്‍ കഴിയു എന്നായിരുന്നു കെ എസ് ഇ ബിയുടെ വാദം. എന്തിന് ഇങ്ങനെ വാദിച്ചു എന്നതിന്റെ ഉത്തരം, അൾറ്റർനേറ്റ് പ്ലാന്‍ വഴി ലൈന്‍ വലിക്കുമ്പോള്‍ അതിന്റെ ക്ലിയറന്‍സ് ഏരിയ ആയ 22 മീറ്റര്‍ ലെ 11മീറ്റര്‍ അടുത്ത പറമ്പില്‍ കൂടിയാണ് എന്നും ആ പറമ്പിന്റെ ഉടമസ്ഥന്‍ പ്രബലനായ ഒരു വ്യവസായിയും കെ എസ് ഇ ബി മുന്‍ ചെയര്‍മാന്റെ മകനും ആണെന്ന ആരോപണവും ഉയരുന്നുണ്ട്.


ഇത് കേവലം ഒരു അമ്മയുടെയും മകളുടെയും സ്വകാര്യ പ്രശ്‌നമായി കാണാൻ പറ്റില്ല. പാരിസ്ഥിതിക ആഘാതങ്ങൾ ഏറെ നിലനിൽക്കുന്ന ഈ കാലത്ത് ഒരു മരത്തിന് നേരെ പോലും ഉയരുന്ന കത്തികൾ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അത്‌കൊണ്ട് തന്നെ ശാന്തിവനം നിലനിർത്തുന്നതിനായി ഓരോ പരിസ്ഥിതി സ്നേഹികളും ഒരുമിച്ച് നിൽക്കേണ്ടതുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment